ഫ്രാങ്കോ ലുയീസ് 
 

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായ 21,893 ജനപ്രതിനിധികള്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ പത്തിനാണ് മിക്കയിടത്തും സത്യപ്രതിജ്ഞ. പുതുവല്‍സരത്തോടെ മിക്കയിടത്തും പുതിയ മേയര്‍മാരും ചെയര്‍മാന്‍മാരും പ്രസിഡന്റുമാരുമെല്ലാം തെരഞ്ഞെടുക്കപ്പെടും, ചുമതലയേല്‍ക്കും.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തൂക്കുസഭകളുടെ പ്രളയമാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ 64 പഞ്ചായത്തുകള്‍. സംസ്ഥാനത്തെ 86 നഗരസഭകളില്‍ ഏഴിടത്തും തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളിലും ആര്‍ക്കും ഭൂരിപക്ഷമില്ല.
ഇവിടങ്ങളിലെല്ലാം ഭരണം പിടിക്കാന്‍ കുതിരക്കച്ചവടത്തിന്റെ പൊടിപൂരമാണിപ്പോള്‍. നേതാക്കളും ഭരണക്കൊതിയന്മാരുമെല്ലാം തിരക്കിട്ട ചര്‍ച്ചകളിലാണ്. സ്ഥാനമാനങ്ങളും പണവുമെല്ലാമാണ് ഓഫര്‍. ഇങ്ങനെ വിലപേശി വശത്താക്കുന്നത് അണിയറ രഹസ്യം മാത്രം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടിരുന്ന അഭ്യാസമാണിത്.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2,118 പേരാണ് പാര്‍ട്ടിയില്ലാതെ സ്വതന്ത്ര പദവിയോടെ ജയിച്ചു കയറിയത്. മൊത്തം ജയിച്ചവരുടെ പത്തു ശതമാനത്തിലേറെ പേര്‍. തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കില്‍ മറ്റുള്ളവര്‍ എന്നാണ് ഇവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ വിലയ്‌ക്കെടുത്തുകൊണ്ടാണ് ഭരണം ഉറപ്പിക്കുന്നത്.



കണക്കിലെ കളി

 

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയത് 514 പഞ്ചായത്തുകളിലാണെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക്. 54 ശതമാനം പഞ്ചായത്തുകള്‍. 2015 ല്‍ എല്‍ഡിഎഫ് 549 പഞ്ചായത്തുകളില്‍ ഭരണം നേടിയിരുന്നു. 35 പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടെന്നു സാരം. എന്നാല്‍, പലയിടത്തും ജയിച്ച ‘മറ്റുള്ളവരി’ല്‍ ഏറേയും എല്‍ഡിഎഫുകാരാണ്. അവരുടെകൂടി പിന്തുണയോടെ 554 പഞ്ചായത്തുകളില്‍ തങ്ങള്‍ക്കു ഭൂരിപക്ഷമുണ്ടെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം.
കഴിഞ്ഞ തവണ 365 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം നേടിയ യുഡിഎഫിന് ഇത്തവണ 321 പഞ്ചായത്തുകളില്‍ മാത്രമേ ഭൂരിപക്ഷമുള്ളൂവെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ റിപ്പോര്‍ട്ട്. എന്നാല്‍ 375 പഞ്ചായത്തുകളില്‍ ഭൂരിക്ഷമുണ്ടെന്നാണ് യുഡിഎഫിന്റെ അവകാശവാദം. പത്തിടത്തു ബിജെപി ആധിപത്യം സ്ഥാപിച്ചു. എറണാകുളം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി ഭരണം.
കഴിഞ്ഞ തവണ 44 നഗരസഭകളില്‍ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫ് ഇത്തവണ 35 മുനിസിപ്പാലിറ്റികളിലായി ചുരുങ്ങിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക്. നഗരസഭകള്‍: എല്‍ഡിഎഫ്- 35, യുഡിഎഫ് -39, ആര്‍ക്കും ഭൂരിപക്ഷമില്ലാത്തവ- 07, മറ്റുള്ളവര്‍- 03, എന്‍ഡിഎ -02 (പാലക്കാട്, പന്തളം).



ചുവന്ന കേരളം

 


കേരളം ഇനിയും ചുവക്കുമോ? നാലു മാസം കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ജനവിധി ആവര്‍ത്തിക്കുമോ? ജനവിധിയില്‍ കുതിക്കുന്ന വിജയത്തേരിന്റെ ആണിയിളകുമോ?
കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ജനം തുടച്ചുമാറ്റിയ ചുവപ്പാണിത്.  ആലപ്പുഴ ഒഴികെ 19 സീറ്റും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ആരോപണങ്ങളും വിവാദങ്ങളും സൃഷ്ടിച്ച കോളിളക്കത്തിലൂടെ തദ്ദേശ തെരഞ്ഞെടുപ്പു തൂത്തുവാരാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചത്. വികസന, ക്ഷേമപദ്ധതികളിലൂടെയും മുന്നണി വിശാലമാക്കിയും ജനവിധിയെ വരുതിയിലാക്കാനാണ് എല്‍ഡിഎഫ് അധ്വാനിച്ചത്.
അനുകൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിക്ക് അതു വോട്ടാക്കാന്‍ കഴിഞ്ഞില്ല. സ്ഥാനമോഹികള്‍  അങ്കംവെട്ടി. സ്ഥാനാര്‍ഥി നിര്‍ണയം പാളി. പണം കൊടുത്തു സീറ്റു തരപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ഒരുപാടു സ്ഥലങ്ങളില്‍ വിമതര്‍ തോല്‍പിച്ചു. ചിലയിടത്തു വിമതര്‍ ജയിക്കുകയും ചെയ്തു.



ജോസിന്റെ പടയോട്ടം

 


യുഡിഎഫിലായിരുന്ന രണ്ടു പാര്‍ട്ടികള്‍ എല്‍ഡിഎഫിലെത്തി. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗവും എം.പി. വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ്‌കുമാര്‍ നയിക്കുന്ന ലോക് താന്ത്രിക് ജനതാദളും. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ ഇടതിനൊപ്പം ചേര്‍ന്ന് പടയോട്ടംതന്നെ നടത്തി. ഇടതു സ്ഥാനാര്‍ഥികള്‍ക്കും കിട്ടി വോട്ട്. എല്‍ഡിഎഫിന്റെ നില മെച്ചപ്പെടാന്‍ ഇതും കാരണമായി.
കേരള കോണ്‍ഗ്രസുകാര്‍ അരിവാളില്‍ വോട്ടുചെയ്യാന്‍ മടിക്കുമെന്നു ശങ്കിച്ച കൈപ്പത്തിക്കാര്‍ക്കു സംശയംമാറിക്കിട്ടി. ചിലയിടങ്ങളില്‍ പാര്‍ട്ടി ചിഹ്നമായ അരിവാള്‍ മാറ്റിവച്ച് കുട ചിഹ്നമാക്കി സ്വതന്ത്രവേഷത്തില്‍ മല്‍സരിച്ചും സിപിഎം വോട്ടര്‍മാരെ പാട്ടിലാക്കി.
കെ.എം. മാണിക്കെതിരേ ഇടതു നേതാക്കള്‍ നിയമസഭയില്‍ നടത്തിയ കൈയാങ്കളിയാണോ ചങ്കില്‍ തറച്ചത്. അതോ അതിനെല്ലാം വഴിയൊരുക്കിയ ബാര്‍ കോഴക്കേസില്‍ കുടുക്കിയ കോണ്‍ഗ്രസ് നേതാക്കളുടെ ചതിയോ? ഈ ചോദ്യത്തിന് മകന്‍ ജോസിന്റെ നേതൃത്വത്തില്‍ അവര്‍ മറുപടി നല്‍കി.  



മധുരിക്കും ബജറ്റ്

 


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ജനവിധി രാഷ്ട്രീയ വിധിയെഴുത്തല്ല. ഓരോ പ്രദേശത്തേയും തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ജനപ്രതിനിധികളുടെ സേവനം, വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവയെല്ലാമാണ് ജനവിധിയെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങള്‍.
എന്നാല്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ജനങ്ങള്‍ വെവ്വേറെ തലത്തിലാണു ചിന്തിക്കുക. പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം പാലിച്ചുകൊണ്ടല്ല നിയമസഭയിലേക്കു ജനം വോട്ടുറപ്പിക്കുകയെന്നു സാരം.
വരും നാളുകളില്‍ കേരളം പോര്‍ക്കളമായി മാറും. നിയമസഭാ തെരഞ്ഞെടുപ്പുവരെ പോരാട്ടം തുടരും. ഭരണം, അധികാരമാണ് എല്ലാവരുടേയും ലക്ഷ്യം.
അധികാരത്തിലുള്ളവര്‍ ജനങ്ങളുടെ പണമെറിഞ്ഞ് വീണ്ടും ജനപ്രീതി ആര്‍ജിക്കാന്‍ ശ്രമിക്കും. പ്രതിപക്ഷത്തുള്ളവര്‍ക്ക് അഴിമതിയും മറ്റും ആരോപിച്ച് ചെറുക്കുകയേ വഴിയുള്ളൂ.
ഏതാനും മാസം മുമ്പു വര്‍ധിപ്പിച്ച ക്ഷേമ പെന്‍ഷനുകള്‍ വീണ്ടും വര്‍ധിപ്പിക്കുകയാണ്. പുതുവല്‍സരത്തോടെ വീണ്ടും നൂറു രൂപ വീതം വര്‍ധിപ്പിച്ച് 1,500 രൂപയാക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മാസം 15 ന് അവതരിപ്പിക്കുന്ന അവസാന ബജറ്റിലും ഉണ്ടാകും മധുരമൂറുന്ന ഇനങ്ങള്‍.
സെമി ഫൈനല്‍ കഴിഞ്ഞു. ഫൈനല്‍ വരാനിരിക്കുന്നതേയുള്ളൂ. പൂരത്തിന്റെ നാടായ തൃശൂര്‍ക്കാര്‍ പറയും: ‘ഇപ്പൊ പൊട്ടീതു വെറും സാമ്പിള്‍, ഒറിജിനല്‍ ഒരു കൂട്ടപ്പൊരിച്ചലാട്ടോ’. തൃശൂര്‍ പൂരത്തിനു മൂന്നു നാള്‍ മുമ്പാണു സാമ്പിള്‍ വെടിക്കെട്ട്. അതിന്റെ നൂറിരട്ടി ഗാംഭീര്യത്തോടെ കൂട്ടപ്പൊരിച്ചിലോടെയാണ് പൂരരാത്രിയിലെ വെടിക്കെട്ട് പൊട്ടിത്തീരുക

LEAVE A REPLY

Please enter your comment!
Please enter your name here