തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട‌ ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. വധിക്കുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധിക പിഴയും ചുമത്തിയിട്ടുണ്ട്. പ്രതികൾ രണ്ട് പേരും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ജഡ്ജി കെ.സനൽകുമാറാണ് ശിക്ഷ വിധിച്ചത്.ഇരുപത്തിയെട്ടു വർഷം നീണ്ട അന്വേഷണ പരീക്ഷണങ്ങളും അട്ടിമറി നാടകങ്ങളും കടന്ന് ഇന്നലെയാണ് ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നത് കേൾക്കാൻ പ്രതികളെ കോടതിയിൽ എത്തിച്ചിരുന്നു. പ്രതികളെ ആശ്വസിപ്പിക്കാൻ ഇന്നലെ കന്യാസ്ത്രീകൾ ഉൾപ്പടെയുളളവർ എത്തിയിരുന്നെങ്കിലും ഇന്ന് അവരാരും എത്തിയിരുന്നില്ല. നിയമവിദ്യാർത്ഥികൾ ഉൾപ്പടെ വിധികേൾക്കാൻ എത്തിയവരെക്കൊണ്ട് കോടതിമുറി തിങ്ങിനിറഞ്ഞിരുന്നു.

കണ്ണടച്ചുനിന്നാണ് സെഫി വാദങ്ങളും ശിക്ഷാവിധിയും കേട്ടത്.ഒരു ഭാവവ്യത്യാസവുമില്ലാതെ നിന്നാണ് ഫാ. തോമസ് കോട്ടൂർ വിധി കേട്ടത്.അപൂർവങ്ങളിൽ അപൂർവകേസായി പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഫാ. തോമസ് കോട്ടൂർ അർബുദരോഗിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവുനൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവർക്ക് സംരക്ഷണം നൽകുന്നത് താനാണെന്നും അതിനാൽ ശിക്ഷയിൽ ഇളവുനൽകണമെന്നുമായിരുന്നു സെഫി ആവശ്യപ്പെട്ടത്.സഭയുടെ തിരുവസ്ത്രമണിഞ്ഞവർ തന്നെ കോട്ടയം പയസ് ടെൻത് കോൺവെന്റിൽ കൈക്കോടാലി കൊണ്ട് തലയ്ക്കടിച്ച്, കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ അഭയയ്ക്കും മകളുടെ ദുരൂഹമരണത്തിന്റെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടത്തിനിടെ മരണമടഞ്ഞ പിതാവ് ഐക്കരക്കുന്നേൽ തോമസിനും മാതാവ് ലീലാമ്മയ്ക്കും മൂന്നു പതിറ്റാണ്ടോളം വൈകിക്കിട്ടുന്ന നീതി, കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവാദ്ധ്യായം കൂടിയാണ്.രണ്ടു പ്രതികൾക്കുമെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കൽ എന്നിവ തെളിഞ്ഞതായി സി.ബി.ഐ ജഡ്ജി കെ.സനിൽകുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോമസ് കോട്ടൂരിനെതിരെ കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റവുമുണ്ട്. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഫാ തോമസ് പൂതൃക്കയിലിനെ നേരത്തേ വിട്ടയച്ചിരുന്നു. ഇതിനെതിരെ സി ബി ഐ അപ്പീൽ നൽകും.കോട്ടയം ബി സി എം കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയായിരിക്കെ 1992 മാർച്ച് 27 നാണ് പയസ് ടെൻത്ത് കോൺവെന്റിലെ കിണറ്റിൽ സിസ‍്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ.

അഭയയുടെ ഇൻക്വസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. സി ബി ഐ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിൻ ആത്മഹത്യ ചെയ്‌തിരുന്നു. തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡി വൈ എസ് പി സാമുവലിനേയും പ്രതിയാക്കി.മുൻ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേർത്തു. സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. വിചാരണ തുടരാൻ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here