സ്വന്തം ലേഖകൻ


കൊച്ചി : എന്നും തന്ത്രപൂർവ്വം കരുക്കൾ നീക്കിയാണ് എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ മുന്നോട്ട് നീങ്ങിയിരുന്നത്. വിവാദങ്ങൾ വിടാതെ പിന്തുടരുമ്പോഴും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരത്ത് കൂടുതൽ ശക്തനായി മാറുകയെന്നതായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രത്യേകത. ആരോപണങ്ങളിൽ കുലുങ്ങാത്ത പ്രകൃതം, അതായിരുന്നു വെള്ളാപ്പള്ളിയെ മറ്റ് സമുദായ നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നതും.

കാലത്തിനനുസരിച്ച് വേഷം മാറും, മിനിറ്റുകൾ കൊണ്ട് അഭിപ്രായവും മാറും, ആരെയും മുഖം നോക്കാതെ വിമർശിക്കും. ഇതൊക്കെയായിരുന്നു വെള്ളപ്പാള്ളിയുടെ കൗശലം.


ഇടതും വലതും പാർട്ടികളുമായി സൗഹൃദം, ഒപ്പം അകൽച്ചയും. വെള്ളാപ്പള്ളിയുടെ തട്ടകം ആലപ്പുഴയായിരുന്നു. എസ് എൻ ഡിപിയിലെ അതിശക്തമായ പിന്തുണയാണ് വെള്ളാപ്പള്ളിയെ എന്നും ശക്തനാക്കി നിർത്തിയിരുന്നത്. പിന്നോക്കവിഭാഗത്തിന്റെ പേരിൽ നിരവധി പോരാട്ടങ്ങൾ. എന്തും കൈപ്പിടിയിൽ ഒതുക്കാനുള്ള കഴിവാണ് എടുത്തുപറയേണ്ടത്.


വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചവരെല്ലാം എസ് എൻ ഡി പിയിൽ നിന്നും പുറത്തായി. അഡ്വ വിദ്യാസാഗറുടെ നേതൃത്വത്തിൽ വലിയ പോരാട്ടം എസ് എൻ ഡി പിയിൽ ഉണ്ടായെങ്കിലും വെള്ളാപ്പള്ളി കുലുങ്ങിയില്ല. വർദ്ധിതവീര്യത്തോടെ വെള്ളാപ്പള്ളി പിന്നെയും ജനറൽ സെക്രട്ടറിയായി. ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ എസ് എൻ ഡി പിയിൽ അതി ശക്തമായ വിരുദ്ധ ചേരിയുണ്ടായെങ്കിലും അവയെല്ലാം വെള്ളാപ്പള്ളി തകർത്തു. പണത്തിന്റെ മാത്രം ശക്തിയായിരുന്നില്ല വെള്ളാപ്പള്ളിയുടേത്.

എല്ലാതരത്തിലും വെള്ളാപ്പള്ളിയും മകനും ശക്തരായിക്കൊണ്ടിരിക്കെയാണ് ശ്വാശ്വതീകാനന്ദസ്വാമികളുടെ ദുരൂഹമരണം. തുടങ്ങി എന്താല്ലാം വിവാദങ്ങൾ, വെള്ളാപ്പള്ളിക്കെതിരെ എന്തെല്ലാം തെളിവുകൾ …എന്നിട്ടും വെള്ളാപ്പള്ളിയെ ആർക്കും ഒന്നും ഒന്നും ചെയ്യാൻ പറ്റിയില്ല.


കാലങ്ങൾ മുന്നോട്ട് പോയി, ഒപ്പം വിവാദങ്ങളും. എസ് എൻ ഡി പിയെന്ന പ്രസ്ഥാനത്തെ എല്ലാകാലത്തും വെള്ളാപ്പള്ളി നടേശൻ ഒരു സമ്മർദ്ധ ശക്തിയായി ഉപയോഗിച്ചു. മുന്നണികളുമായി രഹസ്യ സഖ്യമുണ്ടാക്കിയും, പരസ്യമായി എതിർത്തും ഒക്കെ മുന്നോട്ടു കൊണ്ടുപോയി. സി പി എം നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്ചുതാനന്ദൻ മാത്രമാണ് വെള്ളാപ്പള്ളിയുമായി നേരിട്ട് ഏറ്റുമുട്ടിയത്. വി എസിനുമുന്നിൽ ചിലഘട്ടങ്ങളിൽ നടേശൻ പതറി.

എസ് എൻ ഡി പിയുടെ നിലപാട് വെള്ളാപ്പള്ളിയുടെ നിലപാടായിരുന്നു. എന്നാൽ 2015 ൽ വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പിയെ  രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാൻ തീരുമാനിക്കുന്നു. നേതാവായി മറ്റാരുമല്ല രംഗത്തുവന്നത്, വെള്ളാപ്പള്ളിതന്നെ.

പാർട്ടിയുണ്ടാക്കി കേരളരാഷ്ട്രീയത്തിൽ ഒരു സമ്മർദ്ധ ഗ്രൂപ്പായി മാറുകയായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം,   മകൻ തുഷാർ വെള്ളാപ്പള്ളിയെ ബി ഡി ജെ എസ് നേതാവുമായി പ്രഖ്യാപിച്ചു. നേരത്തെ എസ് എൻ ഡി പിയുടെ പിന്തുടർച്ചക്കാരനായി തുഷാറിനെ വാഴിച്ചിരുന്നു. തുഷാർ ആയിരിക്കും തന്റെ പിന്തുടർച്ചാവകാശിയെന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം വലിയൊരു നീക്കവും നടത്തി. അവിടെയാണ് തുഷാർ സ്റ്റാറായത്.

തുഷാറിനെ നേതാവാക്കിയോടെ ബി ഡി ജെ എസുമായി തനിക്ക് ബന്ധമില്ലെന്ന് നടേശൻ പ്രഖ്യാപിച്ചു. തുഷാർ അതിബുദ്ധികാണിച്ചു. ബി ഡി ജെ എസ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുമായി സഖ്യമുണ്ടാക്കി. എൻ ഡി എയിലേക്ക് ചേക്കറി.

ഭാരതീയ ധർമ്മ ജന സേനയെന്ന പാർട്ടി,  നല്ല പേര്, ജനാധിപത്യം വേണ്ടുവോളം, എന്നാൽ ജനാധിപത്യവും സോഷ്യലിസവും അധികനാൾ ബി ഡി ജെ എസിൽ നിലനിന്നില്ല. പാർട്ടിയിലെ തുഷാറിന്റെ ഏകാധിപത്യത്തിൽ മനം മടുത്ത കുറേ പേർ പാർട്ടി വിട്ടു, സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ മറ്റൊരു ബി ഡി ജെ എസ് ഉണ്ടായി. എന്നാൽ സ്ഥാനമാനങ്ങളായിരുന്നു തുഷാർ അവിടെ ലക്ഷ്യമിട്ടിരുന്നത്. പ്രതീക്ഷിച്ച രാഷ്ട്രീയ ഗുണം അവിടെ നിന്നും ലഭിച്ചില്ല. കേന്ദ്ര മന്ത്രിപദം പോലും ആഗ്രഹിച്ചിരുന്ന തുഷാറിന് ഒന്നും കിട്ടിയില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മൽസരിക്കാൻ തുഷാർ കാണിച്ച വ്യഗ്രത ദേശീയ രാഷ്ട്രീയത്തിൽ സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ആ ലക്ഷ്യം ഫലം കണ്ടില്ല.

എസ് എൻ ഡി പിയുടെ ശക്തി മൈക്രോ ഫിനാൻസ് ആയിരുന്നു. മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പാണ് വെള്ളാപ്പള്ളിക്കെതിരെ ഉയർന്ന മറ്റൊരു ആരോപണം. സുഭാഷ് വാസു വിമത ശബ്ദം ഉയർത്തിയതും മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ടായിരുന്നു. വെള്ളാപ്പള്ളിയുടെ വലംകൈ ആയിരുന്ന മഹേശന്റെ ആത്മഹത്യയാണ്  നടേശനെയും മകനെയും ഇപ്പോൾ വേട്ടയാടുന്നത്. കൊല്ലം എസ് എൻ കോളജിന്റെ ജൂബിലി ആഘോഷഫണ്ട് തിരിമറിയുമായി ഒരു കേസ് വെള്ളാപ്പള്ളിക്കെതിരെ ശക്തമായി മുന്നോട്ട് പോകവെയാണ് അടുത്ത സംഭവം നടന്നത്. എസ് എൻ ഡി പി ഫണ്ട് തട്ടിപ്പുമായി ബലിയാടാക്കപ്പെട്ട കെ പി മഹേശന്റെ ആത്മഹത്യയായിരുന്നു അത്.  എല്ലാ ധനാപഹരണതട്ടിപ്പിനുപിന്നിലും വെള്ളാപ്പള്ളി നടേശനും മകൻ തുഷാറുമാണെന്നും കുറിപ്പെഴുതി വച്ചാണ് മഹേശൻ ആത്മഹത്യ ചെയ്തത്. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെയും മകനും ബി ഡി ജെ എസ് ദേശീയ അധ്യക്ഷനുമായ തുഷാറിനെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മഹേശന്റെ കുടുംബവും എസ് എൻ ഡി പിയിലെ ഒരു സംഘവും കുറേ മാസങ്ങളായി നിയമ പോരാട്ടത്തിലായിരുന്നു.
മഹേശന്റെ ആത്മഹത്യയുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടിലായിരുന്നു വെള്ളാപ്പള്ളി. എന്നാൽ കോടതി ഉത്തരവ് വെള്ളാപ്പള്ളിക്കും മകനും എതിരാണ്. രണ്ടുപേരെയും ചോദ്യം ചെയ്യാനും നിയമ നടപടിയുമായി മുന്നോട്ട പോവാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.  

വെള്ളാപ്പള്ളിയുടെയും അദ്ദേഹത്തിന്റെ മകന്റെയും രാഷ്ട്രീയമല്ല ഇനി ജനസംസാരത്തിൽ. രാജ്യം ഭരിക്കുന്ന മുന്നണിയുടെ ഘടകകക്ഷിയാണ് ബി ഡെ ജെ എസ്. വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഈ കേസിനെ അതിജീവിക്കാൻ എന്തെല്ലാം നീക്കങ്ങൾ നടത്തുമെന്നാണ് ഇനി കണ്ടറിയേണ്ടത്. അടി തെറ്റിയാൽ വെള്ളാപ്പള്ളി വീഴും, കാലങ്ങളായി നടത്തുന്ന അനീതികൾക്കുള്ള തിരിച്ചടിയായി അത് വിലയിരുത്തും. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളിയും മകനും കുരുങ്ങുമോ എന്നാണ് എസ് എൻ ഡി പി ഉറ്റുനോക്കുന്നത്. രാഷ്ട്രീയമായ നീക്കുപോക്കിലൂടെ വെള്ളാപ്പള്ളി ഇതിനെയും അതിജീവിക്കുമോ, അതോ മറിച്ചെന്തെങ്കിലും സംഭവിക്കുമോ . മറിച്ചെന്തെങ്കിലും സംഭവിച്ചാൽ അത്
കാലം കാത്തുവച്ച നീതിയെന്ന് വിശേഷിപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here