തിരുവനന്തപുരം : സർക്കാരുമായുള്ള ഗവർണറുടെ വിയോജിപ്പ്  വീണ്ടും രാഷ്ട്രീയ ആയുധമാവുന്നു. കേന്ദ്രസർക്കാരിന്റെ
കർഷകബില്ലുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ച ഗവർണറുടെ നിലപാടാണ് വിവാദമാവുന്നത്. യു ഡി എഫും എൽ ഡി എഫും ഗവർണർക്കെതിരെ നീക്കം ശക്തമാക്കുകയാണ്. ഈ വർഷം ആദ്യം ഗർണറുമായി സർക്കാർ ഏറ്റുമുട്ടിയിരുന്നു. ഗവർണർ രാഷ്ട്രീയം കളിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷവും ഭരണപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കേന്ദ്രത്തിന്റെ വിവാദ കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാനായാണ് കേരള സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. ഗവർണറുടെ അനുമതിയോടെ മാത്രമേ പ്രത്യേക സമ്മേളനം വിളിക്കാൻ കഴിയൂ, എന്നാൽ പ്രത്യേക സമ്മേളനം വിളിക്കേണ്ട അടിയന്തിര സാഹചര്യമൊന്നും നിലവില്ലെന്നും പ്രത്യേക സമ്മേളനം ആവശ്യമില്ലെന്നുമാണ് രാജ്ഭവൻ പ്രതികരിച്ചത്. ഇതോടെ പ്രത്യേക നിയമസഭാ സമ്മേളനം ഉപേക്ഷിക്കേണ്ടിയും വന്നിരിക്കയാണ്.


ഗവർണറുടെ തീരുമാനം അംഗീകരിച്ച സർക്കാർ ബി ജെ പിയുമായി ഒത്തുതീർപ്പുണ്ടാക്കിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്നും ബി ജി പിയുടെ വക്താവിന്റെ നിലവാരത്തിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാറിയെന്നുമാണ് യു ഡി എഫ് നേതാക്കളുടെ ആരോപണം.  

സി പി എം ഗവർണർക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി ശക്തമായ നിലപാട് എടുക്കാൻ തയ്യാറായില്ല. സി പി ഐ മന്ത്രിയായ സുനിൽ കുമാർ മാത്രമാണ് ഗവർണർക്കെതിരെ ശക്തമായ പ്രതികരണം നടത്തിയത്. സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ ഗവർണറുടേത് തെറ്റായ കീഴ് വഴക്കമാണെന്നുമാത്രമാണ് പ്രതികരിച്ചത്.

പ്രതിപക്ഷവും നിലപാട് കടുപ്പിച്ചതോടെ , വരും ദിവസങ്ങളിൽ ഗവർണറുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുമെന്നാണ് സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here