രാജേഷ് തില്ലങ്കേരി


കേരളത്തിന്റെ തുലാവർഷ പച്ചയായിരുന്നു സുഗതകുമാരി. പ്രകൃതിക്കും മനുഷ്യനും വേണ്ടി കണ്ണീരൊഴുക്കിയിരുന്ന
മഹാ പ്രതിഭ. പ്രകൃതിക്ക് നോവുമ്പോഴെല്ലാം കണ്ണീരൊഴുക്കുകയും അവയെ സ്വന്തമെന്ന നിലയിൽ സംരക്ഷിക്കാനായി ഇറങ്ങിപ്പുറപ്പെടുകയെന്നതായിരുന്നു സുഗതകുമാരിയുടെ രീതി.
കേരളത്തിന്റെ പ്രകൃതിയെ സംരക്ഷിക്കാനായി ഒട്ടേറെ സമര ഭടന്മാരെ സൃഷ്ടിച്ചു.
നമ്മുടെ നാട്ടിൽ ഉണ്ടായേക്കാവുന്ന ഒട്ടേറെ പ്രകൃതി ശോഷണത്തെ നേരത്തെ കണ്ടറിഞ്ഞ് പോരാടി.

കേരളത്തിലങ്ങോളമിങ്ങോളം പിന്നീട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഒട്ടേറെ പോരാട്ടങ്ങളുണ്ടായി, പോരാളികളുണ്ടായി.

പ്രണയവും, ഭക്തിയും, പ്രകൃതി സ്‌നേഹവും ഒപ്പം കാരുണ്യവുമെല്ലാം ആ എഴുത്തിലുണ്ടായിരുന്നു.

എഴുത്തുകാരൻ എഴുതിയാൽ മതിയെന്ന വാദം നിലവനിൽക്കുന്ന കാലത്താണ് എഴുത്തുകാർ എഴുതിയാൽ പോര, ഇടപെടുകയും വേണം എന്ന് പ്രഖ്യാപിച്ച് പോരാട്ടഭൂമിയിലേക്ക് സുഗതകുമാരി എത്തുന്നത്.

സൈലന്റ് വാലിയെന്ന അത്യപൂർവ്വം വനം ഇന്നും അതേപോലെ നിലനിൽക്കുന്നതിന് സുഗത കുമാരിയെന്ന സമര യോദ്ധാവിന്റെ പോരാട്ടത്തിലൂടെയാണ്. അന്ന് സുഗതകുമാരിയെ വികസന വിരുദ്ധയെന്ന് വിളിച്ചു. വ്യക്തിപരമായി ആക്ഷേപിച്ചു, സിംഹവാലൻ കുരങ്ങിന്റെ വംശനാശത്തെക്കുറിച്ചും അപൂർവ്വയിനം ചെടികളുടെ നാശത്തെക്കുറിച്ചുമായിരുന്നു അവർ വേവലാതിപ്പെട്ടിരുന്നത്.

സൈലന്റ് വാലിയിലെ സമരത്തിലൂടെ കേരളത്തിലെ ജനതയ്ക്കിടയിൽ ഒരിക്കലും മറക്കാത്ത നാമമായി മാറി. മൂന്ന് മുഖങ്ങളുണ്ടായിരുന്നു സുഗത കുമാരിക്ക്. സ്‌നേഹം തുളുമ്പുന്ന അഭയമുഖം, സമരമുഖം, കവിത തുളുമ്പുന്ന മറ്റൊരു മുഖം എന്നിവയായിരുന്നു അത്.

അട്ടപ്പാടിയിലെ മൊട്ടക്കുന്നിനെ കൃഷ്ണവനമെന്ന നിലയിലേക്ക് മാറ്റിയെടുത്തു. കേരളത്തിലെ ഇന്നത്തെ പ്രകൃതി സ്‌നേഹത്തിന്റെ തുടക്കക്കാരിയായിരുന്നു സുഗതകുമാരി.
പൂയംകുട്ടിയും, മാവൂരും, തുടങ്ങി നിരവധി സമരങ്ങളിലൂടെ മലയാളികളുടെ മനസിൽ പ്രകൃതി സ്‌നേഹത്തിന്റെ ആൾരൂപമായി സുഗതകുമാരി മാറി.

വയലും കുളങ്ങളും നികത്തി ആറന്മുളയിൽ നിർമ്മിക്കാനിരുന്ന വിമാത്താവളത്തിനെതിരെ ആദ്യം സമര പ്രഖ്യാപനം നടത്തിയത് സുഗതകുമാരിയുടെ നേതൃത്വത്തിലായിരുന്നു.

പ്രകൃതിയെ ജീവിതത്തോട് ഇത്രയേറെ ചേർത്തു നിർത്തിയ മറ്റൊരു എഴുത്തുകാരിയും ഇല്ലെന്നു വേണമെങ്കിൽ പറയാം.
1950 കളുടെ സമസ്തകേരള സാഹിത്യ പരിഷത് നടത്തിയ കവിതാ മൽസരത്തിലാണ് സുഗതകുമാരിയെന്ന കവയത്രി എഴുതിത്തുടങ്ങുന്നത്. അന്തർമുഖത്ത്വം പുലർത്തിയിരുന്ന സുഗതകുമാരി സ്വന്തം പേരിലായിരുന്നില്ല കവിതയെഴുതിയിരുന്നത്. പിന്നീട് എൻ വി കൃഷ്ണവാര്യരാണ് സുഗതകുമാരിയെന്ന കവിയെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

രാത്രി മഴ, അമ്പലമണി, മണലെഴുത്ത് തുടങ്ങിയ നിരവധി കാവ്യസൃഷ്ടികൾ അവരുടേതായുണ്ടായി. വിവർത്തകയെന്ന നിലയിലും സുഗതകുമാരി മലയാള സാഹിത്യത്തിന് നിരവധി സംഭാവനകൾ നൽകി.

മലയാള ഭാഷ നിർബന്ധമാക്കണമെന്നായിരുന്നു അവർ അവസാന കാലഘട്ടത്തിൽ സുഗതകുമാരി ഉന്നയിച്ച ആവശ്യം. പരിസ്ഥിതി സംരക്ഷകയെന്ന നിലയിൽ മാത്രമല്ല മലയാള ഭാഷയുടെ സംരക്ഷകയെന്ന നിലയിലും സുഗതകുമാരി ടീച്ചർ എന്നും ഓർക്കപ്പെടും.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്
സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ എഴുത്തച്ചൻപുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, വയലാർ അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്ക് അർഹയായി.
ചടങ്ങുകളൊന്നും പാടില്ലെന്നും, ആചാരവെടി മുഴക്കരുതെന്നും അവർതന്നെ പറഞ്ഞിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here