കാട്ടാക്കട: ഓൺലൈൻ റമ്മിയുടെ ചതിക്കുഴിയിപ്പെട്ട് 25 ലക്ഷം രൂപയുടെ കടബാദ്ധ്യതയിലായ യുവാവ് ജീവനൊടുക്കി. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ നിലമ വിനീഷ് ഭവനിൽ കെ.വേലായുധൻ പിള്ളയുടെ മകൻ വി.എച്ച്.വിനീതിനെയാണ് (28) കഴിഞ്ഞ ദിവസം വീടിന് സമീപത്തെ റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സാമ്പത്തിക ബാദ്ധ്യത ഊരാക്കുടുക്കായതോടെ മറ്റ് മാർഗങ്ങളില്ലാതെ ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് മൃതദേഹത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു.

ഗൾഫിലായിരുന്ന വിനീത് ഏതാനും വർഷങ്ങൾക്ക് മുൻപ് നാട്ടിൽ തിരിച്ചെത്തി വലിയമല ഐ.എസ്.ആർ.ഒയിൽ താത്കാലിക ജോലി നോക്കിയിരുന്നു. ലോക്ക് ഡൗൺ വന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വരുമാനം നിലച്ച വിനീത് ഓൺലൈൻ റമ്മിയുടെ മോഹവലയത്തിൽ അകപ്പെട്ടു. തുടക്കത്തിൽ തുച്ഛ വരുമാനം ലഭിച്ചെങ്കിലും പിന്നെപ്പിന്നെ നഷ്ടങ്ങളുടെ കണക്കായിരുന്നു. സുഹൃത്തുക്കളിൽ നിന്നും മറ്റും പണം കടം വാങ്ങിയും ആഭരണങ്ങൾ കടം വാങ്ങി പണയം വച്ചും റമ്മി കളി തുടർന്നു. 25 ലക്ഷത്തിന്റെ കടമായപ്പോഴാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. കുറച്ചു കടം വീട്ടാൻ കുടുംബം സഹായിക്കുകയും ചെയ്തു.ഇതിനിടെ കഴിഞ്ഞ മാസം വിനീതിനെ കാണാതായി.

ബന്ധുക്കളുടെ പരാതിയിൽ, രണ്ടു ദിവസത്തിനകം കോട്ടയത്തു നിന്ന് പൊലീസ് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറി. വീട്ടിൽ തിരിച്ചെത്തിയ ശേഷം ആകെ വിഷാദത്തിലായിരുന്നു വിനീത്. ബന്ധു വീടുകളിൽ നിറുത്തിയിട്ടും മാറ്റം വരാത്തതിനെത്തുടർന്ന് വീട്ടിൽ തിരികെ കൊണ്ടുവന്നു. കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും കാണാതായി.ബാഗുമായി വീടിന് സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നതു കണ്ടതായി ചിലർ പറഞ്ഞതനുസരിച്ചു നടത്തിയ അന്വേഷണത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. അമ്മ:ഹരിത.സഹോദരൻ: വിനീഷ്. മൃതദേഹം ശാന്തി കവാടത്തിൽ സംസ്കരിച്ചു. നെയ്യാർഡാം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here