
ന്യഡല്‍ഹി: ശബരിമലയില്‍ പ്രായ ഭേദമില്ലാതെ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന കേസില്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്, കെ രാമമൂര്‍ത്തി എന്നിവരെയാണ് കോടതി നിയമിച്ചത്.
ഭഗവാന് ആണ്പെണ്വിവേചനമില്ലെന്നും ഭഗവത് ഗീതയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ആത്മീയത പുരുഷന് മാത്രമാണോ ഉള്ളത് എന്നും കോടതി ചോദിച്ചു.
ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരും ചേര്‍ന്നാണ് പൊതു താത്പര്യഹര്‍ജി നല്‍കിയത്. ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി. രമണ എന്നിവരുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ പ്രകാരം കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കരുതെന്ന് പറയുന്നുണ്ടെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്നുകാട്ടി 2008ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയത്. ഇതിനെതിരായ നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.