തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഷുക്കൂര്, കതിരൂര് മനോജ് വധക്കേസുകള് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. യു.ഡി.എഫ് സര്ക്കാരിനെ ബാര്കോഴ, സോളാര് കേസുകളില് പ്രതിക്കൂട്ടിലാക്കി നിയമസഭയില് മുന്നേറുന്നതിനിടെ പി.ജയരാജന് കൊലക്കേസില് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം സംജാതമായത് കൊലപാതക രാഷ്ട്രീയം സജീവ ചര്ച്ചയാക്കാന് ഇടയാക്കും. അത് സി.പി.എമ്മിനുണ്ടാക്കുന്ന ഭീഷണി ചില്ലറയല്ല. അറസ്റ്റ് ഒഴിവാക്കാന് സി.പി.എം ഹൈക്കോടതിയില് തീര്ത്ത പ്രതിരോധ വാദങ്ങള് പൂര്ണമായും നിരാകരിക്കപ്പെട്ടതോടെ പി.ജയരാജനെ ഇനി സി.ബി.ഐ ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാം.
ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയതിനൊപ്പം യു.എ.പി.എ ചുമത്തിയതിനെതിരായ വാദങ്ങള് തള്ളിയതും കോടതിയുടെ അനുബന്ധ പരാമര്ശങ്ങളുമാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിനെ കൂടുതല് പ്രതിരോധത്തിലാക്കുക. രാഷ്ട്രീയക്കാരനായതുകൊണ്ട് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഓര്മ്മിപ്പിക്കുകയും ചെയ്തു. ടി.പി കേസ് സൃഷ്ടിച്ച പ്രതിസന്ധിയില് നിന്ന് പാര്ട്ടി മെല്ല കരകയറി വരുന്നതിനിടെയാണ് കതിരൂര് മനോജ് കേസില് ജയരാജിനിലൂടെ സി.പി.എമ്മിനെ വീണ്ടും കുരുക്കുന്നത്. മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും ജയരാജനും തമ്മിലുള്ള ബന്ധം സി.ബി.ഐക്ക് സ്ഥാപിക്കാനായതാണ് കേസില് നിര്ണായകമായത്. ഈ കേസില് സി.ബി.ഐ. അന്വേഷണം ഒഴിവാക്കാന് നടന്ന ശ്രമങ്ങളെല്ലാം പാളിയിരുന്നു.
സെഷന്സ് കോടതി ജാമ്യാപേക്ഷ തള്ളിയപ്പോള് പാര്ട്ടി ഹൈക്കോടതി അപ്പീലില് പ്രതീക്ഷ വച്ചിരുന്നു. ഹൈക്കോടതിയും ഹര്ജി തള്ളിയതോടെ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുക എന്ന അവസാന പോംവഴി മാത്രമാണ് പാര്ട്ടിക്ക് മുന്നിലുള്ളത്. യു.എ.പി.എ ചുമത്തിയിരിക്കുന്നതിനാല് ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധരും നല്കിയിരിക്കുന്ന നിയമോപദേശം. അറസ്റ്റ് ഒഴിവാക്കാന് മാത്രമാണ് ജയരാജന് ആസ്പത്രിയില് കഴിയുന്നതെന്നും സി.ബി.ഐ കോടതിയില് ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയെ സമീപിക്കുന്നകാര്യത്തില് പാര്ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ആര്.എസ്.എസിന്റെ ആവശ്യത്തിന് വഴങ്ങി കേന്ദ്രസര്ക്കാര് സി.ബി.ഐ ഉപയോഗിച്ച് ജയരാജനെ വേട്ടയാടുന്നു എന്ന വാദമാണ് ഈ കേസില് സി.പി.എം ഉയര്ത്തുന്നത്. അത് പ്രചാരണ വിഷയമാക്കുമ്പോള് ഷുക്കൂര് വധം ഉത്തരം മുട്ടിക്കുന്ന ചോദ്യമായി നില്ക്കുന്നു. ഷുക്കൂര് വധക്കേസും ഡെമോക്ലേസിന്റെ വാള്പോലെ ജയരാജന് തന്നെ മുകളില് നില്ക്കുന്നു. ടി.വി രാജേഷ് എം.എല്.എയുടെ പങ്കും ഷുക്കൂര് കേസില് അന്വേഷിക്കപ്പെടുന്നു. ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ രമ നല്കിയ ഹര്ജിയും നിലനില്ക്കുന്നുണ്ട്. അതും സി.പി.എമ്മിന് ഭീഷണിയാണ്. ഫസല് വധക്കേസില് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരില് പോലും പ്രവേശിക്കാനാകാതെ നിയമനടപടികളില് കുരുങ്ങിക്കിടക്കുകയാണ്. ഫസല് കേസ് നിലനില്ക്കെ തന്നെ കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത കാരായി രാജനേയും തലശ്ശേരി നഗരസഭാ ചെയര്മാനാക്കിയ കാരായി ചന്ദ്രശേഖരനേയും രാജിവെപ്പിച്ച് പ്രതിഛായ മെച്ചപ്പെടുത്താന് പാര്ട്ടി ശ്രമം നടത്തിവരവേയാണ് കതിരൂര് കേസും പ്രതിസന്ധിയായി മാറുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here