
മംഗളൂരു :സൈന്യത്തില്‍ ചേരാനുള്ള ആദ്യ മൂന്നുശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും ഹനുമന്തപ്പ കോപ്പാഡ് എന്ന കൌമാരക്കാരന് തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. 14 വര്‍ഷംമുമ്പ് നാലാം ശ്രമത്തില്‍ തന്റെ ആഗ്രഹം നിറവേറ്റി 19 മദ്രാസ് റെജിമെന്റില്‍ സൈനികനായി ആ ധീരയോദ്ധാവ്.
ധാര്‍വാദ് ജില്ലയിലെ കുണ്ടഗോല്‍ ബേട്ടാദൂരെന്ന കുഗ്രാമത്തിലെ ഒരു സാധാരണ കാര്‍ഷികകുടുംബത്തിലായിരുന്നു ഹനുമന്തപ്പയുടെ ജനനം. പിതാവ് രാമപ്പ കൊപ്പാടില്നിന്ന് കൈമാറിക്കിട്ടിയ മൂന്ന് ഏക്കറില്‍ കൃഷിചെയ്ത് ഉപജീവനം നടത്തിയാണ് കൂട്ടുകുടുംബം കഴിഞ്ഞത്. മക്കളില്‍ ഇളയവനായിരുന്നു ഹനുമന്തപ്പ. ചെറുപ്പംമുതലുള്ള ആഗ്രഹം സൈന്യത്തില്‍ ചേരുകയായിരുന്നു. ദിവസവും ആറുകിലോമീറ്റര്‍ നടന്നാണ് ഹനുമന്തപ്പ അരളികട്ടിയിലെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയിരുന്നത്. സ്കൂള്‍പഠനം കഴിഞ്ഞതുമുതല്‍ ജീവിതലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലായി. ബെലഗാവി, ധാര്‍വാദ്, ഗദക് എന്നിവിടങ്ങളില്‍ നടന്ന റിക്രൂട്ട്മെന്റുകളില്‍ പങ്കെടുത്തെങ്കിലും ലക്ഷ്യം നേടാന്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു. തന്റെ നാലാമത്തെ റിക്രൂട്ട്മെന്റ് റാലിയില്‍ സ്വപ്നജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
നാലുവര്‍ഷംമുമ്പാണ് മഹാദേവി(ജയശ്രീ)യെ വിവാഹം കഴിച്ചത്. രണ്ടു വയസ്സുകാരി നേത്രയാണ് മകള്‍. ആറുമാസം മുമ്പ് അവസാനമായി നാട്ടിലെത്തി. സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ സ്വന്തമായി വീടുവച്ചെങ്കിലും ലാന്‍സ് നായ്ക് ഹനുമന്തപ്പയ്ക്ക് അതില്‍ താമസിക്കാന്‍ ഭാഗ്യമുണ്ടായില്ല. മറ്റ് ഒമ്പത് ധീരയോദ്ധാക്കളുടെകൂടെ കാണാതാകുന്നതിനു തലേന്നാണ് വീട്ടിലേക്കു വിളിച്ചത്. ലാന്‍സ് നായ്ക് ഹനുമന്തപ്പയ്ക്കുശേഷം ഗ്രാമത്തിന്റെ ആറു മക്കള്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നിട്ടുണ്ട്. രാജ്യത്തോടൊപ്പം ബേട്ടാദൂര് ഗ്രാമവും പ്രിയപ്പെട്ടവന്റെ ജീവനുവേണ്ടിയുള്ള പ്രാര്‍ഥനകളിലായിരുന്നു. ധീരയോദ്ധാവിന്റെ മരണവിവരമെത്തിയതോടെ ചെറുഗ്രാമം ദുഃഖത്തിലമര്‍ന്നു.