തിരുവനന്തപുരം: സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്താഴ്‌ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താനാണ് വിനോദിനി ബാലകൃഷ്‌ണന് നോട്ടീസ് നൽകിയിരിക്കുന്നത്.സന്തോഷ് ഈപ്പൻ വാങ്ങിയ 1.13 ലക്ഷം രൂപയുടെ ഐഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പൻ വാങ്ങിയ ആറ് ഐഫോണുകളിൽ ഏറ്റവും വില കൂടിയതായിരുന്നു ഇത്. സ്വർണക്കടത്ത് വിവാദമായതോടെ ഐ ഫോൺ ഉപയോഗം വിനോദിനി നിർത്തുകയായിരുന്നു. ഫോണിൽ നിന്ന് യൂണിടാക്ക് ഉടമയെ വിനോദിനി വിളിച്ചിട്ടുണ്ടെന്നും കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഫോൺ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് സിം കാർഡ് ഉപയോഗിച്ച വ്യക്തിയെ കസ്‌റ്റംസ് കണ്ടെത്തുകയായിരുന്നു.

ഡോളർ കടത്തിലും സ്വർണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പൻ ഐഫോണുകൾ വാങ്ങി നൽകിയത് എന്നായിരുന്നു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഈ ഐഫോണിനെ ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു.തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെയുളള കസ്റ്റംസ് നീക്കം സി പി എമ്മിനേയും സർക്കാരിനേയും ഒരുപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്‌പീക്കർ ശ്രീരാമകൃഷ്‌ണനും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നൽകിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് സി പി എം പ്രതിഷേധ മാർച്ചുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് കോടിയേരിയുടെ ഭാര്യയ്‌ക്കെതിരെയുളള കസ്‌റ്റംസിന്റെ നിർണായക നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here