തിരുവനന്തപുരം: ഭാര്യ വിനോദിനിയും യുണിടെക് എം.ഡി സന്തോഷ് ഈപ്പനും ഉൾപ്പെട്ട ഐഫോൺ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്തോഷ് ഈപ്പനെ അറിയില്ലെന്നും അദ്ദേഹത്തിന്‍റെ കൈയിൽ നിന്ന് ഫോൺ കിട്ടിയിട്ടില്ലെന്നും വിനോദിനി ഉപയോഗിക്കുന്ന ഐ ഫോൺ കാശ് കൊടുത്ത് വാങ്ങിയതാണെന്നും കോടിയേരി വ്യക്തമാക്കി. ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി വിവാദ വിഷയങ്ങളിൽ പ്രതികരിച്ചത്.

വിനോദിനി ഐഫോൺ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അത് വിവാദത്തിൽ പറയപ്പെടുന്ന ഫോൺ അല്ല. കൈയ്യിലില്ലാത്ത ഫോണിനെ കുറിച്ച് എന്തു പറയാനാണ്. ഇതൊരു കെട്ടുകഥയാണ്. സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഭരണരംഗത്ത് ഇടപെടുമ്പോഴാണ് ഇത്തരക്കാരുമായി ബന്ധമുണ്ടാവേണ്ടത്. തനിക്കോ ഭാര്യക്കോ ഇത്തരത്തിൽ ബന്ധം ഉണ്ടായിട്ടില്ലെന്നും കോടിയേരി പറയുന്നു.

സന്തോഷ് ഈപ്പൻ, സ്വപ്ന സുരേഷ്, യു.എ.ഇ കോൺസുലറ്റ് ജനറൽ എന്നിവരെ കണ്ടിട്ടില്ല. സന്തോഷ് ഈപ്പനുമായി പരിചയപ്പെടേണ്ടി വന്നിട്ടില്ല. യാതൊരു ബന്ധവുമില്ലാത്ത കോൺസുലറ്റ് ജനറലിൽ നിന്ന് എങ്ങനെയാണ് ഫോൺ ലഭിക്കുക. വിവാദ ഫോൺ മറ്റാരോ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്. ഫോൺ എങ്ങനെ കിട്ടിയെന്ന് ആയാളോട് ചോദിച്ചാൽ പോരെയെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

ഐഫോൺ വിവാദത്തിൽ മാപ്പു പറയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോടും കോടിയേരി പ്രതികരിച്ചു. വാങ്ങിയ അഞ്ച് ഐഫോണിൽ ഒന്ന് കൊടുത്തത് പ്രതിപക്ഷ നേതാവിനാണെന്ന് വെളിപ്പെടുത്തിയത് സന്തോഷ് ഈപ്പനാണ്. അക്കാര്യമാണ് വാർത്താസമ്മേളനത്തിൽ താൻ ചൂണ്ടിക്കാട്ടിയത്. തനിക്ക് ഫോൺ കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞതോടെ ഇക്കാര്യം തങ്ങൾ ഏറ്റുപിടിച്ചില്ലെന്നും കോടിയേരി പറയുന്നു.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലെ നേതാക്കളെയും ബി.ജെ.പിയാക്കി മാറ്റിയിട്ടുണ്ട്. മകനെ ജയിലിലടക്കുകയും ഭാര്യയെ ഭയപ്പെടുത്തുകയും അടക്കമുള്ള കാര്യങ്ങളും അവർ ചെയ്യും. കേരളത്തിൽ ആരും അങ്ങനെ ഭയപ്പെടുകയോ രാഷ്ട്രീയ നിലപാട് മാറുകയോ ചെയ്യില്ല. ഭയപ്പെടുത്തി കീഴ്പെടുത്താമെന്ന വിചാരം ആർക്കും വേണ്ട. മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും എതിരെ നീങ്ങുന്ന കൂട്ടത്തിൽ സി.പി.എം നേതൃത്വത്തിനെതിരെയും നീങ്ങുന്നു. നിയമസഭ തെരഞ്ഞെടുപ്പ് വരെ ഈ നീക്കം തുടരുമെന്നും കോടിയേരി പറയുന്നു.

ആരോപണങ്ങളും വിവാദങ്ങളും താൻ സി.പി.എമ്മിലുള്ള കാലത്തോളം തുടരും. യു.ഡി.എഫിനും ബി.ജെ.പിക്കും മുന്നിൽ കീഴടങ്ങില്ല. തന്‍റെ കുടുംബത്തെ വേട്ടയാടുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. അതിനു വേണ്ടി തയാറാക്കിയ മറ്റൊരു കഥയാണിത്. വിവാദത്തിൽ പതറില്ലെന്നും തന്‍റെ കുടുംബം തകരാൻ പോകുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. പല പരീക്ഷണങ്ങൾ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും കമ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും കോടിയേരി അഭിമുഖത്തിൽ വ്യക്തമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here