തിരുവനന്തപുരം: ഭരണപ്രതിപക്ഷ പോര് തുടരുന്നതിനിടെ വിഷുകിറ്റ് വിതരണം ഇന്ന് മുതൽ തുടങ്ങാൻ സംസ്ഥാന സർക്കാർ നീക്കം. പ്രത്യേക ഉത്തരവിറക്കിയാലും,അവധി ദിവസങ്ങളായ ഏപ്രിൽ ഒന്നിനും രണ്ടിനും കടകൾ തുറക്കാനാകില്ലെന്ന് റേഷൻ വ്യാപാരികൾ വ്യക്തമാക്കിയതോടെയാണിത്.ഏപ്രിലിലെ കിറ്റ് മാർച്ച് അവസാനവാരം നൽകാനായിരുന്നു സർക്കാർ തീരുമാനം. നേരത്തെ വിതരണം ചെയ്യുന്നത് വോട്ടുലക്ഷ്യമിട്ടാണന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നൽകിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിനോട് വിശദീകരണം തേടിയതും വിതരണം ഒന്നാം തീയതി മുതൽ മതിയെന്ന് തീരുമാനിച്ചതും.

ഒന്നും രണ്ടും അവധി ദിവസങ്ങളാണ്. എന്നാൽ പ്രത്യേക ഉത്തരവിറക്കി റേഷൻ കടകൾ തുറപ്പിക്കാമെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റ കണക്കുകൂട്ടൽ.പെസഹവ്യാഴം, ദുഖവെളളി ദിവസങ്ങളിൽ കട തുറക്കില്ലെന്ന് വ്യാപാരികൾ കർശന നിലപാട് എടുത്തതോടെയാണ് കിറ്റ് വിതരണം നേരത്തെയാക്കാൻ സർക്കാർ തയ്യാറാകുന്നത്.പരമാവധി ആളുകളിലേക്ക് അഞ്ചാം തീയതിക്ക് മുമ്പേ കിറ്റ് എത്തിക്കാനാണ് സർക്കാർ ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം ചോദിച്ചതല്ലാതെ വിതരണം നിർത്തിവയ്‌ക്കാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. വിഷുകിറ്റ് തയ്യാറാക്കി മിക്കകടകളിലും എത്തിച്ചിട്ടുളളതിനാൽ വിതരണത്തിന് തടസമുണ്ടാകില്ലെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.സ്‌പെഷ്യൽ അരിവിതരണം തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞതിനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടിയാൽ മുൻഗണനേതര വിഭാഗങ്ങൾക്കുളള സ്‌പെഷ്യൽ അരി വിതരണവും നാളെ തന്നെ ആരംഭിക്കും. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണ് അരിവിതരണം തിരഞ്ഞെടുപ്പ് കമ്മിഷൻ സ്റ്റേ ചെയ്‌തത്

LEAVE A REPLY

Please enter your comment!
Please enter your name here