രാജേഷ് തില്ലങ്കേരി

കേരളം നാളെ മുതൽ ഒരു സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. 8 മുതൽ 16 വരെയാണ് സംസ്ഥാനത്ത് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഞെട്ടിക്കുന്ന കണക്കിലേക്ക് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ കുതിച്ചുകയറ്റമാണ്  കേരളം അടച്ചിടാൻ ഒടുവിൽ സർക്കാരിനെ നിർബന്ധിപ്പിച്ചത്.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 42,000  മുകളിലേക്ക് വളർന്നിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അപകടകരമായ രീതിയിലേക്ക് നേരത്തെ മാറിയിരുന്നു.  കോവിഡ് രോഗികളുടെ മരണ നിരക്കും വർധിച്ചു, ഇത് സംസ്ഥാനത്ത് ആശങ്കയുളവാക്കിയിരിക്കയാണ്.

ഏപ്രിൽ മാസം കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാവും എന്ന് സൂചനകൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. ഈ സമയത്ത് തന്നെ കർശന നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നെങ്കിലും അതൊന്നും സർക്കാർ ഉൾക്കൊണ്ടില്ല. ഏപ്രിൽ മാസം രണ്ടാഴ്ച അടച്ചിട്ടിരുന്നുവെങ്കിൽ നമ്മൾ ഇത്രയും തീവ്രമായ രോഗവ്യാപനത്തിലേക്ക് പോകുമായിരുന്നില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക് ഡൗൺ  പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ വളരെ കുറച്ച് രോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എറണാകുളം നഗരത്തിൽ മാത്രം 6500 പേരാണ് ദിനം പ്രതി രോഗികളായി മാറുന്നത്, എവിടെ എത്തി നിൽക്കുമെന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥ.


കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും, അത് ലംഘിക്കുന്നതിനാണ് എല്ലാവരും തയ്യാറായത്. പ്രാർത്ഥനാ യോഗങ്ങളും, മറ്റ് ആചാരങ്ങളും പരസ്യമായും രഹസ്യമായും നടത്തി. വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയ പ്രവർത്തകർ ആഹ്ലാദ പ്രകടം ഒഴിവാക്കിയത് മാത്രമാണ് അതിന് അപവാദം.
ഈമാസം 16 വരെയാണ് ലോക്ഡൗൺ, ചിലപ്പോൾ ലോക്ഡൗൺ പിന്നെയും നീണ്ടെന്നുവരാം.

പരാജയ കാരണങ്ങൾ കെ പി സി സി ചർച്ച ചെയ്യും; കേരളത്തിലെ തമ്മിലടികാണാൻ ഹൈക്കമാന്റ് നിരീക്ഷകരും

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അന്വേഷണം നടത്തിയേക്കും. കെ പി സി സി യോഗം ചേരുകയാണ്, എന്താണ് സംഭവിച്ചതെന്ന് അറിയാൻ. വിഷയം പഠിച്ച് റിപ്പോർട്ട് നൽകാനായി ഹൈക്കമാന്റ് നിയോഗിച്ച നിരീക്ഷകരും എത്തിയിട്ടുണ്ട്.

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനമൊഴിയണമെന്ന ആവശ്യത്തിന് ശക്തി കൂടുകയാണ്. ചോട്ടാ നേതാക്കൾ പോലും ദേശീയ മുഖമുള്ള മുല്ലപ്പള്ളിയെ അവഹേളിച്ചുകൊണ്ട് രംഗത്തെത്തിയത് കഠിന ഹൃദയരെപ്പോലും വേദനിപ്പിക്കും. മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷസ്ഥാനത്ത് ആരുമറിയാതെ വന്നിരുന്നതല്ല. ഹൈക്കമാന്റ് നൂലിൽ കെട്ടിയിറക്കിയതാണ്. ഒരു സ്ഥിരം അധ്യക്ഷനില്ലാതെ കേരളത്തിലെ കോൺഗ്രസുകാർ ബുദ്ധിമുട്ടിയിരിക്കുന്ന കാലം. ദേശീയ പരിവേഷമുണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ രാഹുൽ ഗാന്ധിയുടെ അരിയിട്ടു വാഴ്ചയ്ക്ക് കാർമ്മികത്വം വഹിച്ച വ്യക്തിയായിരുന്നു. അതിന് സ്‌നേഹോപഹാരമായി ലഭിച്ച സ്ഥാനമായിരുന്നു മുല്ലപ്പള്ളിക്ക് കെ പി സി സി അധ്യക്ഷസ്ഥാനം.
 


 പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞതോടെ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചൊഴിഞ്ഞു. താൽക്കാലിക അധ്യക്ഷയായി സോണിയ തുടരുകയാണ്.

കേരളത്തിൽ 20 ൽ 19 സീറ്റുകൾ ലഭിച്ചതോടെ മുല്ലപ്പള്ളി പി സി സി അധ്യക്ഷ സ്ഥാനത്ത് തുടർന്നു. എന്നാൽ തുടർന്നിങ്ങോട്ട് മുല്ലപ്പള്ളിക്കെതിരെ ഒളിഞ്ഞും, തെളിഞ്ഞും നേതാക്കൾ ആരോപണമുന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതോടെ മുല്ലപ്പള്ളിയെ പ്രതിക്കൂട്ടിലാക്കി. എന്നിട്ടും ഒന്നും സംഭവിച്ചില്ല.
ആക്ഷേപിച്ച് പറഞ്ഞുവിടാനാണ് നീക്കമെന്നും അത് അനുവധിക്കില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ പരാതി. ഹൈക്കമാന്റ് പറഞ്ഞാൽ സ്ഥാനത്യാഗം ചെയ്യാം എന്നും പറയുന്നുണ്ട്. എന്റെ പള്ളീ….എന്തൊരു തൊലിക്കട്ടി….


ബി ജെ പി ക്കിതു പഠനകാലം, നേതാക്കൾ താഴേത്തട്ടിലേക്ക് ഇറങ്ങും….

തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവി പഠിക്കാൻ ബി ജെ പി സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. നേതാക്കൾ ബൂത്ത് തലംതൊട്ടാണ് പഠനം ആരംഭിക്കുന്നത്. ഒന്നാം ക്ലാസുതൊട്ട് പഠിക്കാനുള്ള  തീരുമാനമാണ് ബി ജെ പിയുടേത് എന്ന് വ്യക്തം. എന്നാൽ യോഗത്തിൽ നിന്നും ശോഭാ സുരേന്ദ്രനും, പി കെ കൃഷ്ണദാസും, എ എൻ രാധാകൃഷ്ണനും പങ്കെടുത്തില്ല.

 

കോവിഡ് വ്യാപനം രൂക്ഷമായതും, ലോക് ഡൗൺ പ്രഖ്യാപിച്ചതും കേരളത്തിൽ താഴേത്തട്ടിലുള്ള പഠനവും എല്ലാം തട്ടിക്കൂട്ടായിരിക്കുമെന്ന് വ്യക്തമായതോടെയായിരിക്കാം കെ സുരേന്ദ്രൻ വിരുദ്ധ സംഘം യോഗത്തിൽ നിന്നും വിട്ടു നിന്നത്.  
രണ്ട് മണ്ഡലങ്ങളിലെ മത്സരം, ഹെലികോപ്റ്ററിലെ പ്രചരണയാത്ര, കേന്ദ്ര ഏജൻസികളുടെ അന്വേഷണം എവിടെയും എത്താത്തത് … തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാന ചർച്ചകൾ നടന്നത്.


ഞെട്ടിപ്പിക്കുന്ന തോൽവിയെന്ന് ലീഗ്…

കേരളത്തിൽ യു ഡി എഫ് വരുമെന്നും, ഉപമുഖ്യമന്ത്രി സ്ഥാനത്തിരിക്കാമെന്നും വല്ലാതെ ആഗ്രഹിച്ചുപോയതാണ് പി കെ കുഞ്ഞാലിക്കുട്ടി. ഒടുവിലിതാ നിയമസഭയിലെ കക്ഷി നേതാവായി ഇരിക്കാനാണ് കുഞ്ഞാപ്പയുടെ യോഗം. പത്തുവർഷം തുടർച്ചയായി അധികാരമില്ലാതെ ഇരിക്കാനുള്ള ശക്തിയൊന്നും ലീഗിനില്ല. എന്നാൽ മറ്റൊരു പോംവഴിയും കാണാനുമില്ല.


ഇതാണ് ലീഗിന്റെ ധർമ്മ
സംഘടം. പരാജയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാനാണ് ലീഗിന്റെ തീരുമാനം.  മുസ്ലിം ലീഗ് കോട്ടകൾ നിലനിർത്തിയെന്നാണ് നേതാക്കളുടെ ആദ്യപ്രതികരണം.
കോട്ടയല്ലാത്ത അഴീക്കോട്, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ തോറ്റതിനെക്കുറിച്ചാണ് വിദഗ്ധ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകുക. കളമശ്ശേരി മണ്ഡലത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ മകനെ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായി കൊടപ്പനക്കുന്നിലേക്ക് പോയ സംഘത്തോട് ചോദിച്ചാൽ കാര്യം വ്യക്തമാവും.
ലീഗിന്റെ നിയമസഭാ ലീഡറായി പി കെ കുഞ്ഞാലിക്കുട്ടിയെയും ഡപ്യൂട്ടി ലീഡറായി ഡോ എം കെ മുനീറിനെയും തെരഞ്ഞെടുത്ത് കോഴിബിരിയാണിയും കഴിച്ച് യോഗം പിരിഞ്ഞു. പാലക്കാട്ടും, മഞ്ചേശ്വരത്തും ബി ജെ പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഏറ്റവും കൂടുതൽ മെനക്കെട്ടത് ലീഗാണെന്ന് അറിയാത്തവരുടെ അറിവിലേക്ക് പൂട്ടിച്ചതിന്റെ ക്രഡിറ്റ് ലീഗിനാണെന്നുള്ള കണ്ടെത്തലാണ് ഇന്ന് പ്രധാനമായും ലീഗ് പുറം ലോകത്തെ അറിയിച്ചത്.


കേന്ദ്രമന്ത്രിക്കെതിരെ അക്രമം ബംഗാളിൽ; പ്രതിഷേധം കേരളത്തിൽ


കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പശ്ചിമ ബംഗാളിലുണ്ടായ അക്രമത്തിൽ കേരളത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ബി ജെ പി ആഹ്വാനം. ബി ജെ പി പ്രവർത്തകരെ വ്യാപകമായി അക്രമിക്കുന്നു വെന്ന ആരോപണം നേരിൽ കണ്ടെത്തി റിപ്പർട്ട് തയ്യാറാക്കാനായി എത്തിയ മുരളീധരന്റെ വാഹന വ്യൂഹത്തിനുനേരെയുണ്ടായ അക്രമത്തിൽ മുരളീധരന്റെ കാർ തകർത്തിരുന്നു.
 
 
തൃണമൂൽ ഗുണ്ടകളാണ് കാർ തകർത്തതെന്ന് വി മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പി ഭരിക്കുന്നിടത്തൊന്നും പ്രതിഷേധമില്ലെങ്കിലും കേരളത്തിൽ ബി ജെ പി പ്രതിഷേധിക്കും.

പിണറായി മന്ത്രി സഭ 20 ന് സത്യപ്രതിജ്ഞ ചെയ്യും.

രണ്ടാം പിണറായി സർക്കാർ ഈമാസം 20 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് അന്തിമ തീരുമാനം വന്നിരിക്കുന്നു. 18 ന് സത്യപ്രതിജ്ഞ ചെയ്യാനാനായിരുന്നു ആദ്യ തീരുമാനം. സി പി ഐയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
സിപി ഐക്ക് നേരത്തെ ലഭിച്ച നാല് മന്ത്രി സ്ഥാനത്തിൽ ഒരു കുറവും വരുത്താൻ താല്പര്യമില്ല. ഒരു ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവ വേറെയും ഉണ്ട്, അതൊന്നും ആർക്കും വിട്ടുകൊടുക്കില്ലത്രേ.
അപ്പോ ജോസിന്റെ കേരളാ കോൺഗ്രസിന് എവിടുന്നെടുത്താണ് മന്ത്രി സ്ഥാനം കൊടുക്കുക.
 

ആറ് ഒറ്റ എം എൽ എ മാർ മന്ത്രി സ്ഥാനത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. കെ ബി
ഗണേഷ് കുമാർ, ഐ എൻ എൽ എം എൽ എ ദേവർകോവിൽ, കെ പി മോഹനൻ തുടങ്ങി കോവൂർ കുഞ്ഞിമോൻ, ആന്റണി രാജു എന്നിവർവരെ അപേക്ഷകരുടെ പട്ടികയിലുണ്ട്. എന്നാൽ കെ ബി ഗണേഷ് കുമാറിനെ മാത്രമാണ് സി പി എം പരിഗണിക്കുന്നത്. കടന്നപ്പള്ളിക്ക് കഴിഞ്ഞ തവണ നൽകിയതുപോലുള്ള  പരിഗണന ഇത്തവണ  ഗണേഷ് കുമാറിന് നൽകിയേക്കും.

ജോസിന് രണ്ട് സീറ്റുവേണമെന്നാണ് ആഗ്രഹം. പ്രെഫ. ജയരാജിനെയും, റോഷി അഗസ്റ്റിനെയും മന്ത്രിയാക്കണമെന്നാണ് ജോസിന്റെ ആഗ്രഹം. എന്നാൽ ഒരു മന്ത്രിസ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവരും. ചീഫ് വിപ്പ് സി പി ഐ വിട്ടുകൊടുത്താൽ അത് കേരളാ കോൺഗ്രസിന് ധാനമായി നൽകുകയെന്നതാണ് സി പി എം തീരുമാനം.


വാൽക്കഷണം:

അച്ഛന് മാരകമായ രോഗമാണെന്നും, അവശനായി കഴിയുന്ന അച്ഛനെ കാണണമെന്നുമാണ് ബിനീഷ് കോടിയേരി ബാംഗ്ലൂർ കോടതിയിൽ ജാമ്യത്തിനായി നൽകിയ അപേക്ഷയിൽ പറയുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണൻ ഇവിടെ മന്ത്രി മാരെ തീരുമാനിക്കുന്നതിനും, ഘടകകക്ഷികളുമായുള്ള ഉഭയകക്ഷികളുമായുള്ള ചർച്ചയിലും സജീവമാണ്

LEAVE A REPLY

Please enter your comment!
Please enter your name here