സന്തോഷ് വേങ്ങേരി 

വടകര :  കുറച്ചു കാലം നിശ്ചലമായിരുന്ന ബിഎസ്എന്‍എല്‍ ന്റെ 9447 93 3040  എന്ന നമ്പര്‍ ഇനി ശബ്ദിക്കുമെന്ന് കെ.കെ രമ എംഎല്‍എ.  

വടകര, ഏറാമല, ഒഞ്ചിയം, ഓര്‍ക്കാട്ടേരി, അഴിയൂര്‍, ചോറോട് എന്നീ സ്ഥലങ്ങളിലെ പലരും പലവിധ സാമുഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഒമ്പത് വര്‍ഷം മുമ്പ് ആശ്രയിച്ചിരുന്ന ടെലഫോണ്‍ നമ്പറാണിത്. ടി.പി ചന്ദ്രശേഖരന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍. 
 
2012 മെയ് നാലാം തിയതി വരെ ടി.പി എന്ന കമ്യൂണിസ്റ്റുകാരന്‍ ഉപയോഗിച്ച നമ്പര്‍. ടി.പി ചന്ദ്രശേഖരന്‍ കളിക്കളം വിട്ട് പോയി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ‘ഇല്ല ഇല്ല നിങ്ങള്‍ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ ‘ എന്ന് രക്തസാക്ഷികള്‍ക്കായി മുദ്രാവാക്യം വിളിച്ചിരുന്നവര്‍ക്ക് ഇനി മുതല്‍ ആ നമ്പറില്‍ വിളിച്ചാല്‍ മറുഭാഗത്ത് നിന്ന് സാന്ത്വനിപ്പിക്കുന്ന മറുപടി ലഭിക്കും.
 

ടി.പി യുടെ ശബ്ദത്തിലല്ലെങ്കിലും ആ വിപ്ലവവീര്യം ധ്വനിപ്പിക്കുന്ന അതേ സ്വരത്തില്‍. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അല്ല വടകരക്കാരുടെ എംഎല്‍എ കെ.കെ രമയുടെ സ്വരത്തില്‍.

2012 മെയ് നാലിന് രാത്രിയില്‍ ടിപിയുടെ ശരീരത്തില്‍ വെട്ടേല്‍ക്കുമ്പോള്‍ ചിതറിപ്പോയ ആ ഫോണ്‍ ഇനി മുതല്‍ ശബ്ദിക്കും.
  ടി.പി യുടെ അടയാളപ്പെടുത്തല്‍ എല്ലാ മേഖലയിലും ഉണ്ടാവണമെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് എംഎല്‍എ പറഞ്ഞു. ഈ നമ്പര്‍ പുന:സ്ഥാപിച്ചു കിട്ടിയത് ഒരു സ്വകാര്യ അഹങ്കാരവും അഭിമാനവും കൂടിയാണെന്ന് കെ.കെ രമയും സഹപ്രവര്‍ത്തകരും കരുതുന്നു. ഇനി മുതല്‍ വടകര എംഎല്‍എ യുടെ ഔദ്യോഗിക നമ്പര്‍ ഇതായിരിക്കും.

ഏത് പാതിരാത്രിക്കും ടി.പി യെ വിളിക്കാന്‍ ഉപയോഗപ്പെടുമായിരുന്ന ഈ നമ്പറില്‍ ഏത് സമയത്തും തന്നെയും വിളിക്കാമെന്ന് എംഎല്‍എ തുറന്നു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here