തൃശൂർ: നിർദിഷ്ട മാസ്റ്റർ പ്ലാൻ തള്ളണമെന്ന നിലപാടിലൂന്നി പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടതോടെ കോർപ്പറേഷൻ കൗൺസിലിൽ ഭരണപക്ഷം ന്യൂനപക്ഷമായി. ഇതോടെ അജൻഡ മാറ്റിവെച്ചെന്നു പ്രഖ്യാപിച്ച് മേയർ തടിതപ്പി. കോൺഗ്രസ്, ബിജെപി അംഗങ്ങൾ മാസ്റ്റർ പ്ലാനിനെതിരെ കടുത്ത നിലപാടെടുത്തതോടെ 55 അംഗ കൗൺസിലിൽ പ്രതിപക്ഷത്ത് 30, ഭരണപക്ഷത്ത് 25 എന്നിങ്ങനെയായി അംഗബലം. ഭരണപക്ഷത്ത് രണ്ടുപേരും പ്രതിപക്ഷത്ത് ഒരാളും ഹാജരായില്ല. വോട്ടെടുപ്പ് അംഗീകരിക്കാതെ ഓടിയൊളിച്ച നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.

വോട്ടെടുപ്പ് ഉണ്ടായാൽ മേയർ രാജിവെക്കേണ്ടി വരുമെന്ന ആശങ്കയിൽ നടുങ്ങിയ ഭരണപക്ഷം അജൻഡകൾ ഗില്ലറ്റിൻ ചെയ്ത് യോഗം പിരിച്ചുവിട്ടു. ഇതിനെതിരെ ബന്ധപ്പെട്ടവർക്കു പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.

വോട്ടെടുപ്പ് വേണമെന്ന് ഒരാൾ ആവശ്യപ്പെട്ടാലും അത് അംഗീകരിക്കണമെന്നാണ് ചട്ടമെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ പല്ലൻ ചൂണ്ടിക്കാട്ടി. മാസ്റ്റർ പ്ലാൻ കൗൺസിലിൽ ചർച്ച ചെയ്യാതെ വ്യാജ മിനിറ്റ്സ് എഴുതിയുണ്ടാക്കിയെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. നടുത്തളത്തിലിറങ്ങി ബാനറുയർത്തിയ പ്രതിപക്ഷം മേയറുമായി ഏറെ നേരം വാക്കുതർക്കത്തിലേർപ്പെട്ടു.

തുടർന്ന് കോൺഗ്രസ് നേതൃത്വത്തിൽ സമാന്തര കൗൺസിൽ യോഗം നടത്തി മാസ്റ്റർ പ്ലാൻ തള്ളിയതായി പ്രഖ്യാപിച്ചു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ലീല ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സമാന്തര കൗൺസിലിൽ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ പ്രമേയം അവതരിപ്പിച്ചു. നേരത്തെ പ്രതിപക്ഷത്തിന്റെ എതിർപ്പു മാനിച്ച് അജൻഡ മാറ്റിവെക്കാമെന്ന നിർദേശവുമായി ഭരണപക്ഷം അനുനയത്തിനു ശ്രമിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കോൺഗ്രസ്, ബിജെപി ജില്ലാനേതൃത്വങ്ങൾ മാസ്റ്റർ പ്ലാനിനെതിരെ കടുത്ത നിലപാടെടുത്തിരുന്നു.

ബിജെപിയുടെ എതിർപ്പു തണുപ്പിക്കാൻ അണിയറ നീക്കം നടത്തിയതും ഫലം കണ്ടില്ല. മുൻ കൗൺസിലുകളിൽ പ്രതിപക്ഷം വ്യത്യസ്ത നിലപാടുകളെടുത്തിരുന്നു. അങ്ങനെയാണ് ഇടതുപക്ഷം ഭരിച്ചു വന്നത്. ഇടതുപക്ഷത്തെ 25 അംഗങ്ങളുടെ പിന്തുണയോടെയാണ് മേയർ എം കെ വർഗീസ് ഭരിക്കുന്നത്. ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ മേയർ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here