കലാകേരളത്തിന്റെ സ്നേഹമേറ്റുവാങ്ങി മണി മടങ്ങി. കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര താരം കലാഭവൻ മണിയുടെ ഭൗതിക ശരീരം തൃശൂർ ചാലക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സമീപകാലത്തെങ്ങും കേരളം കാണാത്തത്ര വലിയ ജനാവലിയാണ് തൃശൂരിലും,ചാലക്കുടിയിലും പ്രിയ താരത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ തടിച്ചു കൂടിയത്.

മണിയുടെ ഭൗതിക ശരീരം പോസ്റ്റ്മോർട്ടം ചെയ്യാനെത്തിച്ച തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കാണ് ആരാധകർ ആദ്യമെത്തിയത്. രാവിലെ ഏഴു മണിയോടെ തന്നെ മെഡിക്കൽ കോളജ് പരിസരം ജനനിബിഡമായി.

പോസ്റ്റ്മോർട്ടത്തിനു ശേഷം ആശുപത്രിയിൽ പത്തു മിനിട്ട് നേരത്തെ പൊതു ദർശനം. മുൻ നിശ്ചയ പ്രകാരം ഭൗതികശരീരം സംഗീത നാടക അക്കാദമിയിൽ എത്തിച്ചപ്പോഴേക്കും അക്കാദമി പരിസരം മണ്ണൂ നുള്ളിയിടാൻ ഇടയില്ലാത്ത വിധം ജനനിബിഡമായിരുന്നു. കെപിഎസി ലളിതയും, ജയറാമും അടക്കമുള്ള സഹ പ്രവർത്തകരും മന്ത്രി സിഎൻ ബാലകൃഷ്ണൻ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും മണിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.

ഒരു മണിക്കൂർ നീണ്ട പൊതുദർശനത്തിനു ശേഷം മണിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ചാലക്കുടിയിലേക്ക്. ചാലക്കുടി മുൻസിപ്പാലിറ്റി അങ്കണത്തിൽ മണിയുടെ ഭൗതിക ശരീരമെത്തിയപ്പോഴേക്കും ആരാധകരും നാട്ടുകാരും അക്ഷമരായി. പൊലീസിന്റെ നിയന്ത്രണങ്ങൾ പോലും മറികടന്ന് സ്ത്രികളും കുട്ടികളും വയോധികരുമടങ്ങുന്ന ജനക്കൂട്ടം പൊതുദർശന വേദിയിലേക്ക് ഇരമ്പിക്കയറി.

തിരക്ക് വല്ലാതെ കൂടിയതോടെ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയ ചലച്ചിത്ര പ്രവർത്തകരിൽ ചിലർക്കും മടങ്ങേണ്ടി വന്നു.ജനത്തിരക്കിൽ മണിയുടെ ഭൗതിക ശരീരം സൂക്ഷിച്ചിരുന്ന മൊബൈൽ മോർച്ചറിയുടെ പ്രവർത്തനം പോലും തടസപ്പെടുന്ന സ്ഥിതി എത്തിയതോടെ വേഗത്തിൽ പൊതുദർശനം അവസാനിപ്പിച്ചു.

വിലാപയാത്ര മണിയുടെ വീടായ മണി ക്കൂടാരത്തിലെത്തുമ്പോഴും മറിച്ചായിരുന്നില്ല സ്ഥിതി. നിന്നു തിരിയാൻ ഇടമില്ലാത്ത ചാലക്കുടിയിലെ മണിക്കൂടാരത്തിനു മുന്നിൽ വികാര നിർഭരരായ ജനക്കൂട്ടം തിക്കിതിരക്കി. മുദ്രാവാക്യം മുഴക്കിയും നാടൻ പാട്ടുകൾ പാടിയും പ്രിയ കലാകാരന് ചാലക്കുടിയുടെ യാത്രാമൊഴി.

പിന്നെ പ്രിയപ്പെട്ടവരുടെയെല്ലാം സ്നേഹചുംബനങ്ങൾ, സർക്കാരിന്റെ ഔദ്യോഗിക ബഹുമതി. ഒടുവിൽ ആൾക്കൂട്ടത്തെ സാക്ഷിയാക്കി സഹോദരി പുത്രൻ ചിതയ്ക്ക് തീ കൊളുത്തിയതോടെ കലാഭവൻ മണിയെന്ന കലാകാരന്റെ ജീവിതയാത്രയ്ക്ക് പൂർണ വിരാമം.

LEAVE A REPLY

Please enter your comment!
Please enter your name here