തൃശൂര്‍: വെള്ളിയാഴ്ച ഏഴുമണി മുതല്‍ 11 മണിവരെ താന്‍ കലാഭവന്‍ മണിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ജാഫര്‍ ഇടുക്കി.
അദ്ദേഹത്തിന്റെ ഔട്ട് ഹൗസിലാണ് ഒത്തുകൂടിയത്. മണി പൂര്‍ണ്ണ ആരോഗ്യവാനും പതിവിലും സന്തോഷത്തിലുമായിരുന്നു.
സിനിമയിലെ സഹപ്രവര്‍ത്തകരായ പത്തിലേറെ പേരും മണിയുടെ നാട്ടിലെ ചില ബന്ധുക്കളും സുഹൃത്തുക്കളും പാഡിയില്‍ തങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നു. മണി ബിയര്‍ കഴിച്ചിരുന്നു. വേറൊരു ലഹരിയും അവിടെ ആരും ഉപയോഗിച്ചിരുന്നില്ല.

സൗഹൃദം പുതക്കാനും ഒരു സിനിമയെക്കുറിച്ച് സംസാരിക്കാനുമാണ് പോയത്. പിറ്റേന്നാണ് മണി ആശുപത്രിയിലായെന്ന് അറിയുന്നത്. മണിയെ ആരും അപായപ്പെടുത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ല.
ജീവനൊടുക്കുന്നത് മണിക്ക് ചിന്തിക്കാനാകില്ല. വിഷം ഉള്ളില്‍ ചെന്നുവെന്ന വാര്‍ത്ത വാസ്തവമെങ്കില്‍ സത്യം പുറത്തുവരണമെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

പുരസ്‌കാരങ്ങള്‍ നിസാരമായി നഷ്ടപ്പെട്ട ആളാണ് കലാഭവന്‍ മണി. മണിയുടെ മരണം സംബന്ധിച്ച സത്യം പുറത്തുവരണം. മണിയുടേത് ഒരു സാധാരണ മരണമായിരിക്കട്ടെ എന്നാണ് ആഗ്രഹം. മറിച്ച് ഒന്നും ആവാതിരിക്കട്ടെ.

മണിയുടെ മരണത്തില്‍ തനിക്ക് ആരെയും സംശയമില്ല. പാഡി എന്ന ഔട്ട്ഹൗസില്‍വന്ന് പൊലീസ് പരിശോധിച്ചു. അന്ന് രാത്രി മണിക്കൊപ്പം കിടന്നുറങ്ങിയ ആളുകളോട് പൊലീസ് ചോദിച്ചപ്പോളാണു് ചില സംശയങ്ങള്‍ പഉരത്തുവന്നത്. പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ ചാലക്കുടി സ്‌റ്റേഷനില്‍ പോയി എല്ലാം പൊലീസിനോട് വിശദീകരിച്ചുവെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

മണി വെന്റിലേറ്ററിലാണെന്നും സീരിയസാണ് എന്നും പിന്നീടാണ് അറിഞ്ഞത്. മണിയുടെ ഉള്ളില്‍ വിഷാംശം ചെന്നിട്ടുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയില്‍ കിടന്ന മണിക്ക് ഇല്ലാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പലരും പ്രചരിപ്പിച്ചു. മണിയുടെ വീട്ടില്‍ നിരവധി കൂട്ടുകാര്‍ വരാറുണ്ട്. അവിടെ ചെല്ലുമ്പോള്‍ മണിയെ അപായപ്പെടുത്തിയതാണെങ്കില്‍ സത്യം പുറത്തുവരണം. മണിക്ക് കുടുംബ പ്രശ്‌നങ്ങള്‍ ഇല്ല. മണി ആത്മഹത്യ ചെയ്യില്ല. അതിന്റെ സാഹചര്യമില്ല. ജാഫര്‍ പറഞ്ഞു.

കണ്ട ദിവസം രാത്രി 7 മണി മുതല്‍ 11.30 വരെ മണിക്കൊപ്പം പാഡി ഔട്ട്ഹൗസില്‍ ഉണ്ടായിരുന്നു. താന്‍ കണ്ടതിന്റെ പിറ്റേദിവസമാണ് മണി ആശുപത്രിയിലായത്. താന്‍ കണ്ട ദിവസം മണി പൂര്‍ണ ആരോഗ്യവാനായിരുന്നു. പതിവിലും സന്തോഷവാനായിരുന്നു. അന്ന് വീട്ടില്‍ ചെല്ലുമ്പോള്‍ ചില സിനിമാ സുഹൃത്തുക്കളും നാട്ടുകാരുമാണ് മണിയുടെ വീട്ടില്‍ ഉണ്ടായിരുന്നതെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

ഷൂട്ടിംഗിനിടയില്‍ പോലും മൂന്ന് തവണ വീട്ടിലേക്ക് വിളിക്കും. സന്തോഷത്തോടെയാണ് കുടുംബത്തോടൊപ്പം ജീവിച്ചത്. എന്നും സ്വര്‍ഗ്ഗീയമായാണ് മണി ജീവിച്ചത്. മണിയുടെ മരണത്തില്‍ ആരെയും അവിശ്വസിക്കാന്‍ ആവില്ല. ആരെ സംശയിക്കും. എല്ലാവര്‍ക്കും മണി സഹായി ആണ് എന്നും ജാഫര്‍ ഇടുക്കി പീപ്പിളിന്റെ ന്യൂസ് ന്‍ വ്യൂസില്‍ പറഞ്ഞു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കിയെ അടക്കം അഞ്ചുപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് മണി തളര്‍ന്ന് വീണ ഔട്ട് ഹൗസ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അന്നേ ദിവസം മണിക്കൊപ്പം ഔട്ട് ഹൗസിലുണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ആരോഗ്യനില വഷളാകും മുന്‍പുള്ള മണിയുടെ മാനസികാവസ്ഥ എന്താണെന്ന് അറിയാനാണ് ഇവരുടെ മൊഴി എടുത്തതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടിയിലെ ഔട്ട്ഹൗസില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കരള്‍രോഗത്തിനുള്ള മരുന്നുകളും ഒഴിഞ്ഞ മദ്യക്കുപ്പികളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി(അഡ്മിന്‍) സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സഹോദരന്‍ രാമകൃഷ്ണന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്ന ശേഷം ഇക്കാര്യം സംബന്ധിച്ച് പ്രതികരിക്കാമെന്ന് തൃശൂര്‍ റൂറല്‍ എസ്പി കാര്‍ത്തിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here