തൃശൂര്‍: കേന്ദ്രം പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറച്ചത് പോലെ സംസ്ഥാനവും വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഒരു രൂപ പോലും കുറയ്ക്കില്ലെന്ന സംസ്ഥാന തീരുമാനം ധിക്കാരപരമാണ്. ജനാധിപത്യ വിരുദ്ധവും ജനങ്ങളെ കളിയാക്കുന്നതിന് തുല്യവുമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവിന്റെ പേരില്‍ കേന്ദ്ര വിരുദ്ധ സമരം പ്രഖ്യാപിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രചാരണവും അഴിച്ചുവിട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വെളിവാകുന്നത്. ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സര്‍ക്കാരും ധനമന്ത്രിയും ചെയ്തിരുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഒരു രൂപ പോലും കുറയ്ക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാവപ്പെട്ടവരോടുള്ള മനുഷ്യത്വരഹിതമായ നടപടിയാണ്. ഈ നടപടി സംസ്ഥാന സര്‍ക്കാര്‍ തിരുത്തണം. കേന്ദ്രമാതൃകയില്‍ സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഹൃദയശൂന്യമായ തീരുമാനത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്മാറണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേന്ദ്രം നികുതി കുറച്ചാല്‍ തങ്ങളും കുറയ്ക്കുമെന്നാണ് സര്‍ക്കാരും ധനമന്ത്രിയും നേരത്തെ പറഞ്ഞിരുന്നത്. അതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുന്നു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ കാരണമായി പറയുന്നത്. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി ഏത് സര്‍ക്കാരിനാണ് ഇല്ലാത്തതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഒരു ധൂര്‍ത്തും ദുര്‍വ്യയവും സര്‍ക്കാര്‍ അവസാനിപ്പിക്കുന്നില്ല.

സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാര്‍ അഴിമതിയും ധൂര്‍ത്തും സംസ്ഥാന സര്‍ക്കാര്‍ അനുസ്യൂതം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലും ആയിരക്കണക്കിന് കോടിരൂപ സംസ്ഥാനത്തെ ജനങ്ങളെ ഈടുവെച്ച് വായ്പയെടുത്ത് അഴിമതിക്കുള്ള കോപ്പുകൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രത്തെ മാതൃകയാക്കി സംസ്ഥാനത്ത് പെട്രോള്‍ നികുതി കുറയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here