സ്ഥാനാർഥി നിർണയത്തിനെതിരായ പ്രതിഷേധങ്ങൾ തെരുവിലെത്തിയ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. രാവിലെ പത്തരക്ക് തിരുവനന്തപുരം എ.കെ.ജി സെന്ററിലാണ് യോഗം. സ്ഥാനാർഥി നിർണയത്തിനു പുറമെ, സീറ്റുവിഭജനവും യോഗത്തിൽ ചർച്ചയാകും.

ആദ്യഘട്ടത്തിൽ തീരുമാനിച്ച സ്ഥാനാർഥികൾക്കെതിരെ കുറഞ്ഞത് പന്ത്രണ്ടിടത്തെങ്കിലും സി.പി.എമ്മിനുള്ളിൽ പ്രതിഷേധം ശക്തമാണ്. മണ്ഡലം കമ്മിറ്റികളിലുയർന്ന രൂക്ഷവിമർശനങ്ങൾക്കു പുറമെ പലയിടത്തും പോസ്റ്ററുകളും നോട്ടീസുകളും പ്രത്യക്ഷപ്പെട്ടു. വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാർഥിത്വത്തിനായുള്ള മുറവിളി തെരുവിലെത്തിയിട്ടുണ്ടെങ്കിലും,, പട്ടികയിലെ ഇത്രയധികം പേർക്കെതിരെ പ്രതിഷേധമുയരുന്നത് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. വർക്കല, അരുവിക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റണമെന്ന ആവശ്യം മണ്ഡലം കമ്മിറ്റികൾ ശക്തമായ ഭാഷയിൽ ഉന്നയിച്ചുകഴിഞ്ഞു.

ഇവിടെ വി.ജോയി, അഡ്വ. എ.എ.റഷീദ് എന്നിവരുടെ പേരുകളാണ് ജില്ലാകമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. കൊല്ലം മണ്ഡലത്തിൽ നടൻ മുകേഷ് മത്സരിക്കണമെന്ന നിർദേശത്തിന് സെക്രട്ടേറിയറ്റ് അംഗീകാരം നൽകുമോ എന്ന ആകാംക്ഷ ബാക്കി നിൽക്കുന്നു. മാധ്യമപ്രവർത്തകൻ ആർ.എസ്.ബാബുവിനെ ഇവിടെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ വി.എസ് പക്ഷത്തെ വെട്ടിനിരത്തിയെന്ന വികാരം മറനീക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ ടി.ശശിധരൻ സ്ഥാനാർഥിയാകണമെന്ന ആവശ്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലേക്ക് വരും. എം.വി.നികേഷ് കുമാർ മത്സരിക്കുമെന്നു കരുതുന്ന അഴീക്കോട്, നിലവിലെ എം.എൽ.എക്കെതിരെ വികാരം ശക്തമായ പയ്യന്നൂർ, സ്ഥാനാർഥിക്കെതിരെ പ്രതിഷേധം നിലനിൽക്കുന്ന ഒറ്റപ്പാലം എന്നിവിടങ്ങളിലെ പ്രശ്നപരിഹാരവും യോഗത്തിനുമുന്നിലെ പ്രധാന വെല്ലുവിളികളാകും. സീറ്റുവിഭജനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗം വിശദമായി ചർച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here