ഹാസ്യ കഥാപ്രസംഗത്തിലൂടെ മലയാളിയെ കുടുകുടെ ചിരിപ്പിച്ച കലാകാരനാണ് വി.ഡി. രാജപ്പൻ. എഴുപതുകളിലാണ് തമാശയിൽ ചാലിച്ചെടുത്ത കഥാപ്രസംഗവുമായി രാജപ്പൻ മലയാളക്കരയെ കീഴടക്കിയത്. സിനിമാഗാനങ്ങളുടെ പാരഡി തയാറാക്കുന്നതിലും അസാമാന്യ കഴിവ് തെളിയിച്ച അദ്ദേഹം സിനിമയിൽ ഹാസ്യ നടനായും തിളങ്ങി.

ബാർബറായും കോട്ടയം ചന്തയിൽ ചുമട്ടുകാരനായും നിത്യവൃത്തിക്കു വക കണ്ടെത്തിയ ഏറ്റുമാനൂർ പേരൂർ സ്വദേശി രാജപ്പൻ ഒരുകാലത്ത് കേരളത്തിൽ സൂപ്പർസ്റ്റാറായിരുന്നു. പ്രിയേ നിന്റെ കൊര, പൊത്തുപുത്രി, ചികയുന്ന സുന്ദരി, കുമാരി എരുമ, മാക് മാക് എന്നിങ്ങനെ ഹിറ്റ് കഥാപപ്രസംഗങ്ങളുമായി വേദികളിൽ നിന്ന് വേദികളിലേക്ക് ഒാടിനടന്നൊരു കാലം

കേരളത്തിലും ഗൾഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം ഹാസ്യകലാപ്രകടനം നടത്തിയിട്ടുണ്ട്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു കഥകളിലെ കഥാപാത്രങ്ങൾ. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ രാജപ്പന്റെ ശബ്‌ദത്തിൽ ഒട്ടേറെ മലയാളികൾ രണ്ടു കയ്യുംകൊട്ടി സ്വീകരിച്ചു.

കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ‘ആലിബാബയും ആറരക്കള്ളന്മാരും’ എന്ന ചിത്രത്തിലെ അഭിനയത്തോടെ സിനിമാരംഗത്തുനിന്നു വിടവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here