കൊച്ചി: പാര്‍ട്ടി വിലക്കുകള്‍ ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ പ്രൊഫ.കെ.വി തോമസ്. താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നില്ല. അകത്തുതന്നെയാണ്. താന്‍ എഐസിസി അംഗമാണ്. തന്നെ പുറത്താക്കാന്‍ എഐസിസിക്ക് മാത്രമേ കഴിയൂ. തന്നെ പുറത്താക്കണമോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. കോണ്‍ഗ്രസിലേക്ക് പൊട്ടിമുളച്ച് വന്നയാളല്ല. ജനിച്ചുവളര്‍ന്ന ആളാണ്. തന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ്.

ആരുടെയും ഭീഷണിയുടെ പുറത്ത് തന്നെ വീഴ്ത്താന്‍ നോക്കേണ്ട. തന്നെ വിളിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകാതെ ഭീഷണി മുഴക്കുകയാണ്. താന്‍ സിപിഎമ്മിന്റെ വേദിയില്ല പോകുന്നത്. എം.കെ സ്റ്റാലിന്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന ഒരു ദേശീയ സെമിനാറിലാണെന്നും കെ.വി തോമസ് പറഞ്ഞു.

എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ തീരമാനം അറിയിക്കുകയാണെന്നും പറഞ്ഞാണ് കെ.വി തോമസ് വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാര്‍ച്ച് ആദ്യവാരം ഡല്‍ഹിയില്‍ പോയപ്പോള്‍ സിതാറാം യെച്ചൂരിയുമായി സംസാരിച്ചു. അന്ന് അദ്ദേഹം തന്നോട് പറഞ്ഞത് കണ്ണുര്‍ സമ്മേളനത്തില്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യണം. േകന്ദ്ര-സംസ്ഥാന ബന്ധം, മതേതരത്വം എന്നിവയായിരുന്നു ആ വിഷയങ്ങള്‍. അതില്‍ ഒന്ന് ശശി തരൂരിനെയാണ് ഉദ്ദേശിക്കുന്നത്. സ്റ്റാലിന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും എന്നും പറഞ്ഞിരുന്നു.

ഈ വിവരം സോണിയ ഗാന്ധിയേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറേയൂം അറിയിച്ചിരുന്നു. ഇതിന്റെ ദേശീയ പ്രധാന്യവും അറിയിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമായ, റിപ്പബ്ലിക് ആയ ശേഷം ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഇവ രണ്ടും.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ നിരവധി കമ്മീഷനുകള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. നെഹ്‌റു തന്നെ കേന്ദ്ര സംസ്ഥാന ബന്ധത്തില്‍ ഗവര്‍ണര്‍ക്ക് വലിയ റോളുണ്ടെന്ന് പറഞ്ഞിരുന്നു.

താനും ശശി തരൂരും പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെുക്കുന്നതില്‍ ഹൈക്കമാന്‍ഡിന് കുറിപ്പ് നല്‍കിയിരുന്നു. പിന്നീട് തരൂര്‍ പോകരുതെന്ന് പറഞ്ഞ് കേരളത്തില്‍ എം.പിമാര്‍ അദ്ദേഹത്തെ കണ്ടിരുന്നു.

ഈ സെമിനാറിന്റെ പ്രധാന്യം താന്‍ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇടതുകക്ഷികളുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് സഖ്യം. മുന്‍പ് ആസൂത്രണ കമ്മീഷനുണ്ടായിരുന്ന കാലത്ത് സംസ്ഥാനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതില്ല. നിതി അയോഗില്‍ പ്രധാനമന്ത്രിയുെട കീഴിലാണ്. അവിടെ സംസ്ഥാനങ്ങള്‍ക്ക നീതി കിട്ടില്ല. പ്രത്യേക റെയില്‍വേ ബജറ്റുമില്ല. സെമിസ്പീഡ് റെയില്‍ പദ്ധതി എന്ന ആശയം തന്നെ കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്.

മുന്‍പ് കേരളത്തിനു പുറത്ത് നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്തിരുന്നു. അതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. താന്‍ പാര്‍ട്ടിയില്‍ പൊട്ടിമുളച്ചതല്ല. പാര്‍ട്ടിയില്‍ ജനിച്ചയാളാണ്. വാര്‍ഡ് അംഗം മുതല്‍ പ്രവര്‍ത്തിച്ചയാളാണ്. സര്‍ക്കാരിലും പാര്‍ട്ടിയിലും ഏല്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചു. ഭക്ഷ്യസുരക്ഷാ നിയമം പല ഭിന്നതകളും നിലനിന്നിരുന്നുെവങ്കിലും ഏകകണ്ഠമായി പാസാക്കി. അന്ന് അതിന് പിന്തുണ നല്‍കിയത് വൃന്ദാ കാരാട്ടും ആനി രാജയും അടക്കമുള്ളവരാണ്.

പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ തഴഞ്ഞു. ഇത് ഒരു വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി കൂടി അറിഞ്ഞ് എടുത്ത തീരുമാനമെന്നാണ് രമേശ ചെന്നിത്തല തന്നെ കണ്ട് പറഞ്ഞു. തന്നോട് മാത്രമല്ല, ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും നേതൃത്വം അവഗണന ചെയ്തിട്ടുണ്ട്.

പിന്നീട് പല അവസരങ്ങളും തനിക്ക് നിഷേധിച്ചു. ഏഴു തവണ വിജയിച്ചുവെന്ന് പറഞ്ഞതാണ് സീറ്റ് നിഷേധിച്ചത്. ജയിച്ചതല്ല, തോല്‍ക്കുന്നതാണോ അംഗീകാരം. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ നീക്കിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തനിക്കൊപ്പം വര്‍ക്കിംഗ് പ്രസിഡന്റ് ആയിരുന്ന കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി.

സെമിനാറില്‍ പങ്കെടുക്കാന്‍ താന്‍ തീരുമാനിച്ചു. അവിടെ പോകും. പാര്‍ട്ടി സമ്മേളനത്തിലല്ല, സെമിനാറിലാണ് പങ്കെടുക്കുന്നത്. സംസാരിക്കാന്‍ തനിക്ക് അരമണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍ തന്നെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ തന്നെ ‘തിരുത തോമ’ എന്ന് വിളിച്ചു അധിക്ഷേപിച്ചു. എല്ലാം പങ്കുവയ്ക്കുന്ന സമൂഹമാണ് തന്റേത്. ഡല്‍ഹിയില്‍ തന്റെ വസതിയിലെ അടുക്കളതോട്ടത്തിലുണ്ടാകുന്നത് എല്ലാം എല്ലാവരുമായി പങ്കുവച്ചിരുന്നു.

കേരളത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയമാണ് നടക്കുന്നത്. താന്‍ കരുണാകരന്റെ ഗ്രൂപ്പില്‍ നിന്നയാളാണ്. 2018 ഡിസംബറിനു ശേഷം തനിക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. സോണിയ ഗാന്ധിയെ കാണാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല.

വീട്ടില്‍ താമര വളര്‍ത്തിയാലും പ്രധാനമന്ത്രിയെ കണ്ടാലും അപ്പോള്‍ താന്‍ ബി.ജെ.പിക്കാരനായി. 2001 മുതല്‍ തനിക്ക് നരേന്ദ്ര മോദിയുമായി ബന്ധമുണ്ട്. ബി.ജെ.പി നേതാക്കളുമായി തനിക്ക് വ്യക്തിപരമായി നല്ല ബന്ധമാണ്. എന്നാല്‍ രാഷ്ട്രീയമായ എതിര്‍പ്പ് എന്നും തടുരും. താന്‍ കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ ജീവിച്ചയാളാണ്. അതില്‍ തന്നെ തുടരും.

സെമിനാറില്‍ അരമണിക്കൂര്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഗാന്ധിയും നെഹ്‌റും മുന്‍ഷിയുമെടുത്ത സമീപനമാണ് അവതരിപ്പിക്കുന്നത്. ഇഷ്യുവാണ് വലുത്. വര്‍ഗീയതയ്‌ക്കെതിരായ നിലപാടാണ് വലുത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ തകര്‍ക്കാന്‍ അനുവദിക്കരുത് എന്നതാണ് തന്റെ നിലപാട്.

ഞാന്‍ എ.ഐ.സി.സി അംഗമാണ് തന്നെ പുറത്താക്കാനുള്ള അധികാരം എഐസിസിക്കാണ്. അതെങ്കിലും മനസ്സിലാക്കണം. 50 ലക്ഷം അംഗത്വമുണ്ടാക്കുമെന്ന പറഞ്ഞിട്ട് ഇപ്പോള്‍ എവിടെയെത്തിയെന്ന് പരിശോധിക്കണം.

പാര്‍ട്ടിയെ വച്ച് 10 പൈസ ഉണ്ടാക്കിയിട്ടില്ല. തന്റെ മക്കളെയാരേയും രാഷ്ട്രീയത്തില്‍ കൊണ്ടുവന്നിട്ടില്ല.

സിപിഎമ്മിലേക്കോ മറ്റൊന്നിലേക്കോ പോകുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകും. -കെ.വി തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here