കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ലെന്ന് സംസ്ഥാന കൺവീനർ പി സി സിറിയക്ക് അറിയിച്ചു. ആം ആദ്മിക്ക് ഒരു സീറ്റു ലഭിച്ചാലും  നിർണായകമായ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്നതിനാലാണ് മത്സര രംഗത്തിറങ്ങാത്തത്. സംസ്ഥാനത്ത്  ഒരു സീറ്റ് മാത്രം ലഭിച്ചാൽ ഒരു നിർണായക ശക്തിയായി മാറാൻ കഴിയില്ല. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിലെി 140 മണ്ഡലങ്ങളിലും  സ്ഥാനാർത്ഥികളെ നിർത്തും. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാലും അധികാരം ലഭിക്കില്ലെത്തതിനാലാണ് മത്സരിക്കാത്തത്. നിലവിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ.  പ്രകടന പത്രികയിൽ പറയുന്ന വാഗ്ദാനങ്ങൾ എല്ലം പാലിക്കണം, വിജയിച്ചാൽ ജനോപകാര പ്രദമായ ഭരണ പരിഷ്‌ക്കാരം നടപ്പാക്കാൻ സാധിക്കണം. ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് സാധാരണ രീതിയല്ലെന്നും പി സി സിറിയക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 
കേരളത്തിൽ രാഷ്ട്രീയമായ ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുണ്ട്. അടുത്ത ഇലക്ഷനിൽ കേരളത്തിൽ ആം ആദ്മി പാർട്ടി നിർണായക ശക്തിയായി മാറും. കേരളത്തിൽ ഭരണത്തിൽ വരാനുള്ള പ്രവർത്തനങ്ങളിലാണ് പാർട്ടി. ആം ആദ്മി കേരളഘടകത്തിൽ കഴിഞ്ഞ നാല് വർഷക്കാലമായി പ്രവർത്തനങ്ങൾ മന്ദിഭവിച്ചിരിക്കയായിരുന്നു. പുതിയ ഭാരവാഹികൾ ചുമതലയേറ്റിട്ട് 16 മാസമേ ആയിട്ടുള്ളു. പാർട്ടി ഘടകങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സംസ്ഥാനത്ത്  ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു. നിയോജക മണ്ഡലം അടിസ്ഥാനത്തിലും കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടിരിക്കയാണ്. പഞ്ചായത്ത്, വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടിരിക്കയാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി സജീവമാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
ട്വന്റി 20 യുമായി ചേർന്ന് തൃക്കാക്കരയിൽ മത്സരിക്കാനായിരുന്നു ആം ആദ്മി പാർട്ടിയുടെ നീക്കം. ഇത് സംബന്ധിച്ച് സാബു എം ജേക്കബ്ബ് അരവിന്ദ് കെജ്രിവാളുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ മാസം 15 ന് കിഴക്കമ്പലത്തെത്തുന്ന കെജ്രിവാൾ ട്വന്റി 20 യുടെ കൺവെൻഷനിൽ പങ്കെടുക്കുന്നതോടെ ഇരു സംഘടനകളും ഒരുമിച്ച് മുന്നേറുമെന്നായിരുന്നു നേരത്തെ വന്ന വാർത്തകൾ. എന്നാൽ ആം ആദ്മിക്ക് ആവശ്യമായ സംഘടനാ സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. 
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here