മലപ്പുറം: കനത്ത മഴയ്ക്ക് പിന്നാലെ ആനക്കയം പന്തലൂരിൽ ഉണ്ടായ മലയിടിച്ചിലിൽ ഒരേക്കറിലേറെ റമ്പർ തോട്ടങ്ങൾ ഒലിച്ചുപോയി. ഇന്നലെ രാത്രിയായിരുന്നു സംഭവം. മലയിടിച്ചിൽ ഉണ്ടായത് ജനവാസ മേഖലയിൽ അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ആളപായമില്ല. മലയിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് പല ഭാഗങ്ങളിലും മഴ തുടരുകയാണ്. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. മലയോര മേഖലകളിൽ ഇടിയോടുകൂടി അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ അഞ്ച് വരെയും കർണാടക തീരങ്ങളിൽ സെപ്തംബർ മൂന്ന് മുതൽ സെപ്തംബർ അഞ്ച് വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here