കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റത്‌ നാവികസേനയുടെ തോക്കില്‍നിന്നാണെന്ന നിഗമനത്തില്‍ പോലീസ്‌. നാവികസേനാംഗങ്ങള്‍ പരിശീലനത്തിനുപയോഗിച്ച തോക്കുകള്‍ ഹാജരാക്കാന്‍ പോലിസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ബാലിസ്‌റ്റിക്‌ പരിശോധനയ്‌ക്കു ശേഷം തിങ്കളാഴ്‌ചയോടെ ഇക്കാര്യത്തില്‍ സ്‌ഥിരികരണമുണ്ടാകും.

നാവികസേനയുടെ ഷൂട്ടിങ്‌ റെയ്‌ഞ്ചിനു സമീപമുള്ള സ്‌ഥലത്തുവച്ചാണ്‌ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റത്‌. ഈ സാഹചര്യത്തിലാണ്‌ പരിശീലനത്തിനുപയോഗിച്ച അഞ്ചു തോക്കുകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്‌. തോക്കുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക്‌ ലാബില്‍ അയച്ച്‌ ടെസ്‌റ്റ്‌ ഫയറിങ്‌ നടത്തുമെന്ന്‌ പോലിസ്‌ പറഞ്ഞു.
കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ അല്‍ റഹ്‌മാന്‍ എന്ന ഇന്‍ബോര്‍ഡ്‌ വള്ളത്തിലെ തൊഴിലാളി സെബാസ്‌റ്റ്യന്‌ കഴിഞ്ഞ ബുധനാഴ്‌ച രാവിലെയാണു വെടിയേറ്റത്‌.

ഐ.എന്‍.എസ്‌. ദ്രോണാചാര്യയില്‍ അന്നു വെടിവയ്‌പ്പുപരിശീലനം നടന്നതായി പോലീസ്‌ സ്‌ഥിരീകരിച്ചിരുന്നു. ഒരേസമയം അഞ്ചു തോക്കുകള്‍ ഉപയോഗിച്ചാണു പരിശീലനം നടത്തിയിരുന്നത്‌.
ബാലിസ്‌റ്റിക്‌ വിദഗ്‌ധരുടെ സഹായത്തോടെ ഷൂട്ടിങ്‌ റെയ്‌ഞ്ചില്‍ പരിശോധന നടത്തിയ പോലിസ്‌ കടലിലും പരിശോധന തുടര്‍ന്നിരുന്നു. നാവികസേനയുടെ ഭാഗത്തുനിന്നാണു വെടിവയ്‌പ്പുണ്ടായതെന്ന്‌ മത്സ്യത്തൊഴിലാളികള്‍ സംഭവദിവസംതന്നെ ആരോപിച്ചിരുന്നു.
പിന്നീട്‌ രണ്ടുദിവസങ്ങളിലായി ഐ.എന്‍.എസ്‌. ദ്രോണാചാര്യയില്‍ പോലീസ്‌ പരിശോധന നടത്തി. പരിശീലനത്തിന്‌ ഉപയോഗിച്ച തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവയുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്‌. എന്നാല്‍ നോണ്‍ മിലിട്ടറി ബുള്ളറ്റാണ്‌ സെബാസ്‌റ്റ്യന്റെ ശരീരത്തില്‍ കൊണ്ടതെന്നും അത്‌ സൈന്യം ഉപയോഗിക്കുന്നതല്ലെന്നുമാണ്‌ നേവിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here