രാജേഷ് തില്ലങ്കേരി

വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നൊരു പഴഞ്ചൊല്ലുണ്ട്. അത് മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ടതില്ല… ഉപ്പുതിന്നവൻ വെള്ളംകുടിക്കും തുടങ്ങിയ പരമ്പരാഗത കമ്യൂണിസ്റ്റ് പഴമൊഴിയൊന്നുമല്ല. ഗവർണർ ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവനാണെന്നും, ആർ എസ് എസ് ഏജന്റാണെന്നും തുടങ്ങി ഹവാല അഴിമതി വീരനാണെന്നുമൊക്കെ എൽ ഡി എഫും വിശിഷ്യാ സി പി എം നേതാക്കളും ആരോപിക്കുമ്പോഴും ലോകായുക്തയുടെ അധികാരമാണ് പിണറായി വിജയനെ അലട്ടുന്ന ഏറ്റവും വലിയ ഹബ്ബക്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 20 ലക്ഷം രൂപനൽകിയത്, ചെങ്ങന്നൂർ എം എൽ എയായിരുന്ന രാമചന്ദ്രൻ നായരുടെ ബാങ്ക് ലോണും മറ്റും തീർക്കുന്നതിനായി അനുവദിച്ച എട്ട് ലക്ഷത്തിൽപരം രൂപ, കോടിയേരി ബാലകൃഷ്ണന്റെ വാഹനമിടിച്ച് മരിച്ച പൊലീസുകാരുടെ കുടുംബത്തിന് നൽകിയ 20 ലക്ഷം ചട്ടവിരുദ്ധമായിരുന്നു എന്നും, മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി. ലോകായുക്ത പരാതിയിൽ വിചാരണ പൂർത്തിയാക്കിയതുമാണ്. വിധി എതിരായാൽ മുഖ്യമന്ത്രി രാജിവെക്കേണ്ടിവരും. ഇതാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസ് ഇറക്കിയത്.

ഗവർണറുടെ ശക്തമായ വിയോജിപ്പുണ്ടായ സാഹചര്യത്തിൽ ഓർഡിനൻസ് കാലാവധി കഴിഞ്ഞതോടെയാണ് നിയമസഭയിൽ ബിൽപാസാക്കാൻ സർക്കാർ തീരുമാനമെടുക്കുന്നത്. ലോകായുക്ത ഈ കേസിൽ വിധി പറയും മുൻപ് ജുഡീഷ്യൽ അധികാരം എടുത്തുകളയുകയും, വിധിയിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭയ്ക്കായിരിക്കുമെന്ന നിയമം ഉത്തവായി കൊണ്ടുവരാനുമായിരുന്നു ശ്രമം. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്കായി പോയ സാഹചര്യത്തിലായിരുന്നു ഈ ബിൽ നിയമമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
കേരളത്തിൽ ഓർഡിനൻസ് രാജാണ് നടമാടുന്നതെന്ന ഗവർണറുടെ പ്രതികരണത്തിൽ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സർവ്വകലാശാലാ നിയമവും ബില്ലായി പാസാക്കിയത്.

ലോകായുക്തയുടെ ചിറകരിയാനും, സർവ്വകലാശാല പാർട്ടിയുടെ സ്വന്തം തട്ടകമാക്കാനും ലക്ഷ്യമിട്ട് കൊണ്ടുവന്ന രണ്ട് ബില്ലുകളും നിയമമാവില്ലെന്ന് ഏതാണ്ട് ഉറപ്പായി. രണ്ടു ബില്ലുകളിലും ഗവർണ്ണർ ഒപ്പിടില്ലെന്ന് ഗവർണ്ണർ സൂചന നൽകിയതോടെ സർക്കാരും പ്രതിസന്ധിയിലാവുകയാണ്. ലോകായുക്ത ഭേദഗതി ബില്ലും സർവ്വകലാശാലയിൽ വിസി മാരെ കണ്ടെത്തുന്നതിനുള്ള അധികാരം ചാൻസിലർകൂടിയായ ഗവർണ്ണറുടെ അധികാരം വെട്ടിച്ചുരുക്കാനും, പ്രത്യേക അധികാരം മുഖ്യമന്ത്രിയിലേക്ക് ചുരുക്കാനുമുള്ള നിയമഭേദഗതിയാണ് രണ്ടാഴ്ചമുൻപ് കേരള നിയമസഭ പാസാക്കിയത്.

ഈ ബില്ലുകൾ നിയമമാവണമെങ്കിൽ ഗവർണ്ണർ ഒപ്പിടണം. എന്നാൽ ഈ രണ്ടു ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കിയിരിക്കയാണ്. ഡൽഹിയിലേക്ക് പോവന്ന ഗവർണ്ണർ അടുത്തമാസം ആദ്യം മാത്രമെ കേരളത്തിൽ തിരിച്ചെത്തൂ. അതുവരെ ബില്ലിൽ എന്തു സംഭവിക്കുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കെയാണ്. ഗവർണ്ണർ പദവി റബർ സ്റ്റാമ്പല്ലെന്നും, നിയമങ്ങളും മറ്റും വ്യക്തമായി പഠിച്ചും, പരിശോധിച്ചും മാത്രമേ ഒപ്പിടുകയുള്ളൂവെന്നും ഗവർണ്ണർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഗവർണർക്കെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതും, ഗവർണർ അതിരൂക്ഷമായ വാക്കുകളുമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചതും കേരളത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനും, ജനപ്രതിനിധികൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് അന്തിമ തീരുമാനം കൈക്കൊള്ളാമെന്നുമുള്ള നിയമഭേദഗതിയാണ് നിയമസഭ പാസാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് വകമാറ്റി ചിലവഴിച്ചത് സ്വജനപക്ഷപാതമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനുനേരെ രമേഷ് ചെന്നിത്തല നൽകിയ പരാതി ലോകായുക്തയുടെ മുന്നിൽ ഡമോക്ലസിന്റെ വാളുപോലെ തൂങ്ങുകയാണ്. ഇതാണ് സർക്കാർ തിരക്കപ്പിടിച്ച് ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള നിയമം പാസാക്കാൻ കാരണം. നിയമം പാസാക്കിയെങ്കിലും ഗവർണ്ണർ ഒപ്പിട്ടാൽ മാത്രമെ നിയമമാവുകയുള്ളൂ എന്നിരിക്കെ ഗവർണ്ണർ ഉടക്കിനിൽക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ നിന്നും എന്തെങ്കിലും അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായാൽ പോലും പിണറായി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരും. ഇത് സി പി എമ്മിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീൽ ബന്ധുനിയമന പരാതിയിൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിച്ച സാഹചര്യത്തിൽ അവസാന നിമിഷം ജെലീനിന് രാജിവച്ചൊഴിയേണ്ടതായി വന്നിരുന്നു. ഇതോടെയാണ് ലോകായുക്തയുടെ ചിറകരിയാൻ എൽ ഡി എഫിന്റെ നീക്കങ്ങൾ ആരംഭിച്ചത്.

മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിയിൽ നിയമസഭയും, മന്ത്രിമാർക്കെതിരെയുള്ള പരാതിയിൽ മുഖ്യമന്ത്രിയും അന്തിമ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമഭേദഗതി. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാസാക്കിയെടുത്തതായിരുന്നനു ലോകായുക്തയുടെ അതിവിപുലമായ അധികാരം. ഈ നിയമമാണ് പിണറായി സർക്കാർ തിരുത്താൻ തീരുമാനിച്ചത്. ലോകായുക്തയ്ക്ക് ജുഡീഷ്യറി പവർ ഇല്ലെന്നായിരുന്നു നിയമമന്ത്രി പി രാജീവിന്റെ പരസ്യപ്രതികരണം.

ലാവ്ലിൻ കേസ് വർഷങ്ങളായി അനക്കമില്ലാതെ കിടക്കുന്നതിനാൽ മുഖ്യമന്ത്രി വലിയ സമാധാനത്തിലായിരുന്നു. എന്നാൽ ലോകായുക്തയുടെ മുന്നിലുള്ള ദുരിതാശ്വാസ നിധി വകമാറ്റി ചിലവഴിച്ചത് ഗുരുതരമായ സ്വജനപക്ഷപാതമായാണ് വിലയിരുത്തപ്പെട്ടത്. ലോകായുക്ത മുഖ്യമന്ത്രിക്ക് പണികൊടുക്കുമോ എന്ന സംശയം കുറച്ചുകാലമായി സി പി എമ്മിനുണ്ട്. ഇതെല്ലാം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ്.

ലാവ്ലിൻ അഴിമതി കേസിൽ വിചാരണപോലും നടത്താതെ പിണറായി വിജയനെ കുറ്റമുക്തനാക്കിയ നടപടിക്കെതിരെ സുപ്രിംകോടതിയിൽ സി ബി ഐ നൽകിയ ഹർജിയിൽ ഇതുവരെ പരിഗണിക്കപ്പെട്ടതുപോലുമില്ല. 32 തവണയും പരിഗണിക്കാതെ വന്നതും ഉന്നതങ്ങളിൽ വലിയ സ്വാധീനമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന സൂചനയാണ്. കേന്ദ്രസർക്കാരുമായി വലിയ നീക്കുപോക്കുകൾ നടത്തുന്നതിനാലാണ് ലാവ്ലിൻ കേസ് ഒരിക്കൽപോലും പരിഗണിക്കുകപോലും ചെയ്യാതിരുന്നത് എന്നത് പരസ്യമായ രഹസ്യമാണ്.

ഈ സർക്കാരിന്റെ കാലത്ത് അതൊന്നും സംഭവിക്കാൻ പോവുന്നില്ലെന്ന് സമാധാനിച്ചിരിക്കവേയാണ് പിണറായിക്ക് മുന്നിൽ ഗവർണ്ണർ ആരിഫ് മുഖമ്മദ് ഖാൻ വലിയ ഭീഷണിയുയർത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലാവ്ലിൻ കേസിൽ സി പി എം – ബി ജെ പി അന്തർധാരയുടെ ആഴം വ്യക്തമാക്കുമ്പോഴും. കേരള ഗവർണ്ണർ എന്തുകൊണ്ടാണ് ഇത്ര ശക്തമായ നിലപാടുമായി മുന്നോട്ടുപോവുന്നതെന്ന് ആർക്കും വ്യക്തവുമല്ല. ഗവർണ്ണർ ഒപ്പിട്ടില്ലെങ്കിൽ അത് രാഷ്ട്രപതിക്ക് അയച്ചുകൊടുക്കേണ്ടിവരും. ഇത് വലിയ പ്രതിസന്ധിക്ക് കളമൊരുക്കും.

സർവ്വകലാശാലയിൽ നിലവിലുള്ള നിയമം വച്ച് ഗവർണ്ണർക്കാണ് വി സി നിയമനത്തിനുള്ള പൂർണ്ണ അധികാരം. പലപ്പോഴും ഗവർണ്ണർമാർ ഇത്തരം വിഷയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാറില്ല. എന്നാൽ കഴിഞ്ഞ ഒരുവർഷക്കാലമായി ഗവർണ്ണർ കേരളത്തിലെ സർവ്വകലാശാലകളിലെ വി സി മാരുടെ നിയമനം, സർവ്വകലാശാലകളിൽ നടക്കുന്ന സ്വജനപക്ഷപാതം എന്നിവയിൽ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. പലപ്പോഴും സർക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകളും ഉണ്ടായി. ചാൻസിലർ പദവിയിൽ താൻ തുടരില്ലെന്നുവരെ ഒരു വേള ഗവർണ്ണർക്ക് പറയേണ്ടിവന്നു. എന്നാൽ സർവ്വകലാശാലാ വിഷയത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രിക്ക് ഗവർണർക്ക് രേഖാമൂലം ഉറപ്പുനൽകിയിരുന്നു.

കണ്ണൂർ സർവ്വകലാശാല വി സിയെ രണ്ടാമതും വി സിയാക്കിയതു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണെന്ന് ഗവർണ്ണർ പത്രസമ്മേളനം നടത്തി കേരളീയരോട് പറയുന്നിടംവരെ എത്തി ആ വിവാദം. വി സി മാരെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിൽ അംഗങ്ങളെ തീരുമാനിച്ചെങ്കിലും സർവ്വകലാശാലകൾ ഗവർണറുടെ നീക്കത്തെ ഗൗരവമായി കണ്ടില്ല. എന്നാൽ എല്ലാവരെയും പാഠം പഠിപ്പിക്കാനുള്ള നീക്കത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കേരള സർവ്വകലാലയിലെയും കാലടി സർവ്വകലാശാലയിലെയും ഡി-ലിറ്റ് വിവാദം, കണ്ണൂർ സർവ്വകലാശാലയിൽ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ തിരുകി കയറ്റാൻ നടത്തിയ ശ്രമം ഗവർണ്ണർ ഇടപെട്ട് തകർത്തതുമൊക്കെ സർക്കാർ-ഗവർണ്ണർ പോരിന് പിന്നെയും കാരണമായി. ഒരു അഴിമതിയും, സ്വജനപക്ഷപാതവും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാടാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എടുത്തിരിക്കുന്നത്. സാധാരണ ഉടക്കിനിൽക്കുന്ന ഗവർണ്ണറെ നേരിൽകണ്ട് പ്രതിസന്ധിയിൽ നിന്നും തലയൂരുകയാണ് പതിവ്. എന്നാൽ ഇത്തവണ അതൊന്നും നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നമ്മുടെ സർക്കാർ, നമ്മുടെ സർവ്വകലാശാലകൾ നമുക്ക് ഇഷ്ടമുള്ളവരെ നമ്മൾ നിയമിക്കും, നിങ്ങൾക്കെന്താണ് എന്നായിരുന്നു സിപിഎം നിലപാട്. കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം പിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കാനുള്ള വഴിവിട്ട നീക്കമാണ് ഗവർണ്ണറും സർക്കാരും തമ്മിലുള്ള ബന്ധം ഇത്രയേറെ വഷളാക്കിയത്.
ഗവർണ്ണർ ഈ വിഷയങ്ങളിൽ ഇനി മറ്റൊരു നിലപാട് സ്വീകരിക്കാനുള്ള സാധ്യതയും അടയുകയാണ്. കേരള രാഷ്ട്രീയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ ചരിത്രം കുറിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

വാൽകഷണം : രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിക്കൊണ്ടു അശോക് ഗലോട്ടിന് കോൺഗ്രസ് അധ്യക്ഷനാവാൻ ആവില്ലെന്ന് ഹൈക്കമാന്റ്…. കോൺഗ്രസ് ദേശീയ അധ്യക്ഷന് ഒരു സംസ്ഥാന മുഖ്യമുഖ്യമന്ത്രിക്കുള്ള വിലപോലുമില്ലെന്ന് അറിഞ്ഞാണല്ലോ രാഹുൽജി മാറി നിൽക്കുന്നത്….

LEAVE A REPLY

Please enter your comment!
Please enter your name here