രാജേഷ് തില്ലങ്കേരി

ൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് അവസാനമായി, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഖെ ഇതാ കോൺഗ്രസിന്റെ അധ്യക്ഷപദവിയിൽ എത്തിയിരിക്കുന്നു. 24 വർഷത്തിനുശേഷം കോൺഗ്രസിൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടന്നു. പുതിയ അധ്യക്ഷനെയും തിരഞ്ഞെടുത്തിരിക്കുന്നു. ഇതിൽപരം ആനന്ദിപ്പാൻ മറ്റെന്തുവേണം, ഏത് പാർട്ടിയിലാണ് ഇത്തരത്തിൽ ജനാധിപത്യപ്രക്രീയയിലൂടെ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് കോൺഗ്രസിലെ ഉന്നത നേതാക്കളെല്ലാം. സത്യമാണ്, ആരും ഇത്രയും സങ്കീർണമായൊരു തെരഞ്ഞെടുപ്പ് നടത്താൻ മുതിരില്ല.

കോൺഗ്രസിലും അതുതന്നെയായിരുന്നല്ലോ സ്ഥിതി. ഗാന്ധി കുടുംബം ( അങ്ങിനെയാണോ പറയേണ്ടത്, നെഹ്രും കുടുംബം എന്നല്ലേ എന്ന സംശയവും ഇതിനിടയിൽ വന്നേക്കാം) അധ്യക്ഷസ്ഥാനത്തേക്ക് ഇല്ല എന്ന് ഉറപ്പിച്ചുപറഞ്ഞ സാഹചര്യത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടായത് തന്നെ. അങ്ങിനെ കോൺഗ്രസിലെ കുടുംബ വാഴ്ചയെന്ന ദുഷ്‌പ്പേര് മാറിക്കിട്ടി. കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടമായിരുന്നു നടന്നിരുന്നത്. ഡോ ശശി തരൂരും മല്ലികാർജുന ഖാർഖെയും തമ്മിലുണ്ടായ പോരാട്ടം ശക്തമായിരുന്നു.  കോൺഗ്രസ് പാർട്ടി ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വീറും വാശിയും ഇരുപക്ഷത്തിനും ഉണ്ടായിരുന്നു.

കോൺഗ്രസിനെ ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉണർത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തൽ.
രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഹൈക്കമാൻഡ്. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് തിരുവനന്തപുരം എം പിയായ ശശി തരൂരായിരുന്നു. എന്നാൽ ശശി തരൂരിനെ അംഗീകരിക്കാൻ ഹൈക്കമാന്റ് ഒരു കാലത്തും തയ്യാറിയിരുന്നില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെയിറക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രിപദം വിട്ടൊരു കളിയുമില്ലെന്ന് പ്രഖ്യാപിച്ച് ഗെഹ് ലോട്ട് നാടകം കളിച്ചതോടെ ഹൈക്കമാന്റ് വീണ്ടും പ്രതിസന്ധിയിലായി.

അങ്ങിനെയാണ് തകർന്നു കിടക്കുന്ന കോൺഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള നിയോഗം മല്ലികാർജുന ഖാർഖെയെ ഏൽപ്പിക്കാൻ നേതൃത്വം തീരുമാനിച്ചത്. അതിന് നേതൃത്വം നൽകിയതാവട്ടെ എ കെ ആന്റണിയെപ്പോലുള്ള സീനിയർ നേതാക്കളും. യുവാക്കളെ ആകർഷിക്കുന്ന ഒരു നേതാവ് എ ഐ സി സി അധ്യക്ഷനാവണമെന്നായിരുന്നു പലരുടെയും ആഗ്രഹം, എന്നാൽ ശശി തരൂരിനെ പിന്തുണയ്ക്കാൻ പലരും ഭയന്നു. ശശി തരൂർ സ്ഥാനാർത്ഥിയായി രംഗത്തുവന്നതോടെയാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചയായത്. ഇത് നേതൃത്വത്തെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു.

എൺപത് പിന്നിട്ട ഖാർഖെ അധ്യക്ഷനായാൽ കോൺഗ്രസിന് എന്ത് ഊർജ്ജമാണ് പുതുതായി വരാൻ പോവുന്നതെന്ന ശശി തരൂരിന്റെ ചോദ്യത്തിന് കെ സുധാകരനെ പോലുള്ള നേതാക്കൾ കൊടുത്ത മറുപടി വിചിത്രമായിരുന്നു. തരൂർ കോൺഗ്രസിൽ ട്രെയിനി മാത്രമാണെന്നാണ്. ട്രെയിനിയായ ഒരാൾക്ക് കോൺഗ്രസിനെ നയിക്കാനാവില്ലെന്നാണ്. പഴമയുടെയും അനുഭവസമ്പത്തിന്റെയുമൊക്കെ കാര്യങ്ങൾ പറഞ്ഞ് ഖാർഖയ്ക്ക് അനുകൂലമായി കുറേയധികം വോട്ടുകൾ നേടാനായെങ്കിലും, യഥാർത്ഥത്തിൽ കോൺഗ്രസിനെ നയിക്കാൻ യോഗ്യൻ ശശി തരൂർ തന്നെയെന്ന് വ്യക്തമായിരിക്കയാണ് ഈ തെരഞ്ഞെടുപ്പോടുകൂടി.

വൃദ്ധനേതൃത്വത്തിന് ക്രിയാത്മകമായി ഒന്നും ചെയ്യാനാവില്ലെന്ന് എല്ലാവർക്കും അറിയാം, രാഹുൽ ഗാന്ധിയുടെ തീരുമാനങ്ങളായിരിക്കും ഖാർഖെ പ്രഖ്യാപിക്കുകയെന്നും വ്യക്തമാണ്. എന്നാൽ ബി ജെ പി നരേന്ദ്രമോദിയെന്ന അതിശക്തനായ നേതാവിനെയിറക്കി കൂടുതൽ സംസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ നീക്കങ്ങൾ നടക്കുന്ന ഈ രാഷ്ട്രീയാവസ്ഥയിൽ എങ്ങിനെയാണ് ഖാർഖെയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരിക. ഈ ചോദ്യത്തിന് എ കെ ആന്റണിമുതൽ ഉന്നതരും അത്രയൊന്നും ഉന്നതരല്ലാത്തവരുമായ നേതാക്കൾ ഇനിയെങ്കിലും മറുപടി പറയണം.
കോൺഗ്രസ് പഴഞ്ചൻ കഥയും പറഞ്ഞ് ഇനിയും മുന്നോട്ടുപോയാൽ പൂർണ്ണമായും ആ പാർട്ടിയുടെ കഥ കഴിയും.

കോൺഗ്രസിനെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയും വെറുതെയാവും. പാർട്ടിക്ക് ശക്തമായ വേരുണ്ടെന്ന് അണികളെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. അതിന് ശക്തനായ ഒരാൾതന്നെ നേതൃത്വത്തിൽ എത്തണമായിരുന്നു. നാളെയുടെ വക്താക്കളായ യുവസമൂഹത്തെ ഒരുമിച്ചു നിർത്താൻ കോൺഗ്രസിന് ലഭിച്ച അവസരമായിരുന്നു ശശി തരൂർ എന്ന താരത്തെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. എന്നാൽ ആ അവസരം അവർ വിനിയോഗിച്ചില്ല. പലർക്കും അവരുടെ കസേരയാണ് കേമം, പാർട്ടിയുടെ തിരിച്ചുവരവെല്ലാം രണ്ടാമതാണ്. ഡോ ശശി തരൂർ അധ്യക്ഷനായാൽ ഇത്തിക്കണ്ണിരാഷ്ട്രീയം അവസാനിപ്പിക്കും, അതോടെ ഡൽഹിയിൽ നിന്നും കെ സി വേണുഗോപാലിനെ പോലുള്ളവർ കിടക്കയും കെട്ടുമുട്ടയുമൊക്കെയായി ഇങ്ങ് പോരേണ്ടിവരും.

പാർട്ടിയെ വീണ്ടെടുക്കാനായല്ല കോൺഗ്രസ് തെരഞ്ഞെടുപ്പ് എന്ന് വ്യക്കതം. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ അവതരിപ്പിച്ച് പാവയാക്കിയിരുത്തി, നിലവിലുള്ള രീതിയിൽ തന്നെ മുന്നോട്ട്ു പോവുക മാത്രമാണ് നേതൃത്വം ലക്ഷ്യമിട്ടിരിക്കുന്നത്. അധ്യക്ഷസ്ഥാനത്തുനിന്നും ഇന്ന് സോണിയാ ഗാന്ധി ഒഴിയുന്നതോടെ അവർ ഹൈക്കമാന്റുമാത്രമാവും. എന്നു പറഞ്ഞാൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ഹൈക്കമാന്റായി ഈ അധ്യക്ഷന് മുകളിൽ ഉണ്ടാവും എന്ന് വ്യക്തം.

എന്തായാലും കോൺഗ്രസിൽ ശശി തരൂർ ഉയർത്തിയ ആവശ്യങ്ങൾ, അദ്ദേഹം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങൾ, ഇവയെല്ലാം ചർച്ച ചെയ്യപ്പെടും. ഇതോടൊപ്പം ശശി തരൂരിന്റെ ഭാവിയെന്ത് എന്ന ചോദ്യവും ഉയരുന്നുണ്ട്. തരൂർ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ദേശീയതലത്തിൽ വേരുണ്ടാക്കിയെടുക്കാൻ ഈ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന് സഹായകമായിട്ടുണ്ടെന്ന് വ്യക്തം. ഖാർഖെ അധ്യക്ഷനാവുമ്പോഴും തരൂരിനെ അത്രപെട്ടെന്ന് അവഗണിക്കാനാവില്ലെന്ന് വ്യക്തം. കോൺഗ്രസിൽ ട്രെയിനിയാണെങ്കിലും ഡബിൾ പ്രമോഷന് സാധ്യതയുണ്ടെന്ന് അദ്ദേഹം തെളിയിച്ചിരിക്കയാണ്.

തരൂരിനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചാൽ കോൺഗ്രസിന് അത് ഏറെ ഗുണം ചെയ്യും, ശശി തരൂരിനോട് അസുയ പുലർത്തുന്ന ചില നേതാക്കളുടെ ഉപദേശം കേട്ട് തരൂരിനെ അവഗണിക്കാൻ പോയാൽ അത് വലിയ ദുരന്തമായിരിക്കും കോൺഗ്രസ് ഉണ്ടാക്കാൻ പോവുന്നത് എന്ന് വ്യക്തം.

LEAVE A REPLY

Please enter your comment!
Please enter your name here