തിരുവനന്തപുരം: കൊല്ലംജില്ലയിലെ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചൻ ജയിൽ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയായ മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് പുറത്തിറങ്ങി. ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് മോചനം വൈകാൻ കാരണം. സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചൻറെ ആദ്യ പ്രതികരണം.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചൻ ജയിൽ മോചിതനാകുന്നത്. 2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ  31 പേർ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലർക്ക് കാഴ്ച നഷ്ടമായി.

വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സർക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി. ഇ കെ നായനാരായിരുന്നു അന്ന് മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയടക്കമുള്ളവർക്കെതിരെ ആരോപണമുയർന്നു. ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മനോജ് അബ്രഹാമിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി. പി ശശിക്കെതിരെ മണിച്ചന്റെ സഹോദരി ആരോപണമുന്നയിച്ചതും വലിയ വിവാദങ്ങളുണ്ടാക്കി.

കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേർക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടത് സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഇടത് മുന്നണി ഒതുങ്ങാനിടയായതിൻറെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു. നായനായർ സർക്കാരിനെ പ്രതികൂട്ടിലും പ്രതിരോധത്തിലുമാക്കിയ മദ്യ ദുരന്തത്തിലെ മുഖ്യ പ്രതി പിണറായി സർക്കാരിൻറെ കാലത്ത് പുറത്തിറങ്ങുന്നുകയാണ്. ശിക്ഷയിൽ ഇളവ് ലഭിച്ചെങ്കിലും പിഴത്തുക കെട്ടാൻ കഴിയാത്തെതിനെ തുടർന്ന് മണിച്ചന്റെ ജയിൽ മോചനം നീണ്ട് പോകുകയായിരുന്നു. തുടർന്ന് മണിച്ചന്റെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷ റദ്ദാക്കിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here