ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.പത്താം ക്ലാസ് പരീക്ഷകൾ 2023 ഫെബ്രുവരി 15 മുതൽ മാർച്ച് 21വരെയും 12ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5വരെയുമാണ്. പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ നടത്തും. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.

 

മിക്ക പേപ്പറുകൾക്കും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷാസമയം. രണ്ട് മണിക്കൂറിനുള്ളിൽ എഴുതേണ്ട ചില വിഷയങ്ങളുടെ പരീക്ഷ 12.30ന് കഴിയും. രണ്ട് വിഷയങ്ങളുടെ പരീക്ഷ ഒരേ തീയതിയിൽ വരുന്നില്ലെന്ന് ഉറപ്പാക്കാൻ 40,000 കോമ്പിനേഷനുകൾ ഒഴിവാക്കിയെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ചോദ്യങ്ങൾ വായിക്കാൻ 15 മിനിട്ട് നൽകും. രണ്ട് വിഷയങ്ങൾക്കിടയിൽ ആവശ്യത്തിന് സമയമുണ്ടാകും. 12ാം ക്ലാസ് പരീക്ഷാത്തിയതി ജെ.ഇ.ഇ മെയിൻ ഉൾപ്പെടെ മത്സര പരീക്ഷകൾ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചത്.

 

10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ഫെബ്രുവരി 14 വരെയാണ്. ഇതിനുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. പ്രാക്ടിക്കൽ പരീക്ഷ/ പ്രോജക്ട് അസെസ്‌മെന്റ് / ഇന്റേണൽ അസെസ്‌മെന്റ് നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കി സ്‌കൂളുകൾ മാർക്ക്/ഇന്റേണൽ ഗ്രേഡുകൾ അപ്‌ലോഡ് ചെയ്യണം. നിശ്ചിതദിവസം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥിക്ക് സമയപരിധിക്കുള്ളിൽ തന്നെ മറ്റൊരു ദിവസം അനുവദിക്കണം. സമയപരിധി അവസാനിച്ചശേഷം പരീക്ഷയെഴുതാൻ പ്രത്യേക അനുമതി നൽകില്ല

LEAVE A REPLY

Please enter your comment!
Please enter your name here