Foreign Liqours / Photo: P Musthafa CLT 2009 June 17 #

സംസ്ഥാനത്ത് ആറു ബാറുകൾ കൂടി അനുവദിച്ചു. സർക്കാരിന്റെ മദ്യനയം അനുസരിച്ച് പഞ്ചനക്ഷത്രഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് നൽകിയത്. ഇതോടെ സംസ്ഥാനത്ത് ബാർ ലൈസൻസുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി.

തിരുവനന്തപുരം കഠിനംകുളം ലേക് പാലസിനും ചേർത്തല വസുന്ധര സരോവർ റിസോർട്ടിനും കഴിഞ്ഞ വർഷം ജനുവരിയിലാണ് ലൈസൻസ് നൽകിയത്. സർക്കാരിന്റെ പുതിയ മദ്യനയം സുപ്രീംകോടതി ശരിവച്ചതിനുശേഷം ഇതിനുപുറമെ ആറ് ബാർ ലൈസൻസുകൾകൂടി നൽകി. മരടിലുള്ള ക്രൗൺ പ്ലാസ, ആലുവ അത്താണിയിലെ ഹോട്ടൽ ഡയാന ഹൈറ്റ്സ്, ഹോട്ടൽ റമദ ആലപ്പി, തൃശൂരിലുള്ള ഹോട്ടൽ ജോയ്സ് പാലസ്, വൈത്തിരി വില്ലേജ് റിസോർട്ട്, സാജ് എർത്ത് റിസോർട്സ് എന്നിവയ്ക്കാണ് ബാർ ലൈസൻസ് ലഭിച്ചത്. നാല് ഹോട്ടലുകൾ ത്രി സ്റ്റാറിൽ നിന്ന് ഫൈവ് സ്റ്റാറിലേക്ക് അപ്ഗ്രേഡ് ചെയ്തതാണ്. ഇവയിൽ സാജ് എർത്തിന് ലൈസൻസ് പുതുക്കി നൽകുകയായിരുന്നു.

സുപ്രീംകോടതി വരെ പോയതിനുശേഷമാണ് അവർ ബാർലൈസൻസ് നേടിയത്. സാജ് എർത്തിന് ബാർ ലൈസൻസ് നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീൽതള്ളുകയായിരുന്നു. ബാർ ലൈസൻസ് നൽകാൻ സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. സുപ്രീംകോടതിയും സർക്കാരിന്റെ അപ്പീൽ തള്ളിയതോടെ കോടതിയലക്ഷ്യം ഒഴിവാക്കാൻ അ‍ഞ്ചാം തീയതി സാജ് എർത്തിന് ബാർ ലൈസൻസ് അനുവദിക്കുകയായിരുന്നു. തൃശൂർ ജോയ്സ്പാലസ് നേരത്തെ ത്രി സ്റ്റാർ ഹോട്ടൽ ആയിരുന്നു. ഈ വർഷം ഫോർ സ്റ്റാർ ആയതിനെ തുടർന്ന് ഇവർക്ക് ബിയർ പാർലർ അനുവദിച്ചിരുന്നു. തൊട്ടുപിന്നാലെ ഫൈവ് സ്റ്റാർ നേടിയ ജോയ്സ് പാലസ് ബാർ ലൈസൻസിന് അപേക്ഷിച്ചെങ്കിലും കോർപറേഷൻ എൻ.ഒ.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തില്ല. തുടർന്ന് ഹൈക്കോടതിവഴിയാണ് ഇവർ ലൈസൻസ് നേടിയത്. ഇവയ്ക്ക് പുറമെ പുതുതായി പത്തുഹോട്ടലുകൾ ഫൈവ് സ്റ്റാറിലേക്ക് നിലവാരമുയർത്താനായി അപേക്ഷ നൽകി കാത്തിരിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here