സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതനായ നിര്‍വാന്‍ എന്ന കുഞ്ഞിന്റെ ചികിത്സാ ചിലവിലേക്ക് 11 കോടി രൂപ ഒന്നിച്ചു നല്‍കിയ അജ്ഞാതനായ ആ മനുഷ്യനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചികിത്സാ ചെലവിലേക്ക് ഇത്ര വലിയ തുക നല്‍കിയ അജ്ഞാതനായ മനുഷ്യസ്‌നേഹി ആരാണെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ലെങ്കിലും ആ മനുഷ്യന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

അമേരിക്കയിലുള്ള ഒരു വ്യക്തിയാണ് പണമയച്ചിരിക്കുന്നത്. ക്രോസ് ഫണ്ടിങ് ആപ്പിലേക്ക് യുഎസില്‍ നിന്നാണ് പണം ക്രഡിറ്റ് ആയിരിക്കുന്നതെന്ന് പിതാവ് സാരംഗ് മേനോന്‍ പറഞ്ഞു. പണം അയച്ച ആള്‍ മലയാളിയാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. ‘കുട്ടിയുടെ ജീവനാണ് മുഖ്യം, തന്റെ പേരല്ല’ എന്ന് അറിയിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും സാരംഗ് പറഞ്ഞു.

15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍ നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. 11 കോടി ഒന്നിച്ച് ലഭിച്ചതോടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയില്‍ താഴെ രൂപയാണ്. കഴിഞ്ഞ മാസമാണ് നിര്‍വാണിന് ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ട് വയസ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് മരുന്ന് നല്‍കിയാലാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂ. അമേരിക്കയില്‍ നിന്ന് മരുന്നെത്തിക്കാന്‍ 17 കോടി രൂപയിലേറെയാണ് ചിലവ് വരിക.

നിര്‍വാന്റെ ചികിത്സയ്ക്ക് 17.5 കോടി രൂപയിലേറെ ചെലവു വരുന്ന സോള്‍ജന്‍സ്മ എന്ന, ഒറ്റത്തവണ ജീന്‍ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് വേണ്ടത്. അമേരിക്കയില്‍ നിന്നാണ് ഇത് എത്തിക്കേണ്ടത്. മുംബൈ ഹിന്ദുജ ആശുപത്രിയിലെ ഡോ.നീലു ദേശായിയുടെ ചികിത്സയിലാണ് ഇപ്പോള്‍ നിര്‍വാനെന്നും സാരംഗ് പറഞ്ഞു. ലോകത്തെ വിവിധയിടങ്ങളില്‍ നിന്ന് നിരവധിപേര്‍ കുഞ്ഞിനായി സാമ്പത്തിക സഹായം നല്‍കിയിരുന്നു.

മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന നിര്‍വാന്റെ അച്ഛന്‍ സാരംഗ് മേനോനെ സംബന്ധിച്ച് 17.4 കോടി രൂപ എന്നത് ഒരിക്കലും കൈയ്യെത്തി പിടിക്കാനാകാത്ത ഒന്നായിരുന്നു. അങ്ങനെയാണ് അവര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മകന്റെ ചികിത്സയ്ക്കായി സഹായം തേടിയിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല.

നിര്‍വാന് വേണ്ടി മാതാപിതാക്കള്‍ സഹായം തേടി രംഗത്തെത്തിയിട്ട് ഒരു മാസത്തിലേറെ ആയിട്ടും പണം സ്വരൂപിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. കുഞ്ഞിന് രണ്ട് വയസാകുന്നതിന് മുമ്പ് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നടത്തണം എങ്ങില്‍ മാത്രമെ ഫലമുണ്ടാകുകയുള്ളു. നിര്‍വാന് രണ്ടുവയസാകാന്‍ ഇനി മാസങ്ങള്‍ മാത്രമെ ശേഷിക്കുന്നുള്ളു. ഈസമയത്താണ് നിര്‍വാന്റെ ചികിത്സയ്ക്ക് പ്രതീക്ഷയുടെ പുതു കിരണം സമ്മാനിച്ചുകൊണ്ട് അജ്ഞാതനായ ഒരാള്‍ 11 കോടിയിലേറെ രൂപ(11 മില്യണ്‍ ഡോളര്‍) നല്‍കി സഹായിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here