കൊച്ചി: വയനാട് കലക്ടറായി സ്ഥലംമാറ്റിയ ലഭിച്ച ഡോ.രേണുരാജിന്റെ മടക്കം യാത്രയയപ്പിനും ചുമതല കൈമാറ്റത്തിനും നില്‍ക്കാതെ. എറണാകുളം കലക്ടറേറ്റില്‍ ഇന്നലെ രേണുരാജിന് യാത്രയയപ്പിന് നടന്നില്ല. പതിവ് പോലെ ഡ്യൂട്ടി നിര്‍വഹിച്ച് ഇറങ്ങിയ കലക്ടര്‍ ചുമതലകള്‍ എഡിഎമ്മിന് കൈമാറിയ ശേഷം പോകുകയായിരുന്നു.

 

രാവിലെ എറണാകുളത്തെ പുതിയ കലക്ടറായി എസ്.എസ്.കെ ഉമേഷ് ഇന്ന് 9.30ന് ചുമതലയേല്‍ക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പുതിയ കലക്ടറെ സ്വീകരിക്കാനും ചുമതല കൈമാറാനും രേണുരാജ് എത്തിയില്ല.

 

വയനാട് ജില്ലാ കലക്ടറായി ചുമതലയേല്‍ക്കാന്‍ രേണുരാജ് പുറപ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചന. ചുമതല കൈമാറ്റ ചടങ്ങ് ചട്ടമല്ലെന്നും കീഴവഴക്കം മാത്രമാണെന്നും അധികൃതര്‍ പറയുന്നു. എറണാകുളം കലക്ടറായി രേണുരാജ് പ്രവര്‍ത്തിച്ചത് എട്ടു മാസം മാത്രമാണ്. ബ്രഹ്മപുരം വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതും പ്രശ്‌നം പരിഹരിക്കുന്നതിന് മുന്‍പ് അടിയന്തര സ്ഥലംമാറ്റം നല്‍കിയതിലുമുള്ള പ്രതിഷേധമാണെന്നും സൂചനയുണ്ട്. ‘പെണ്ണാണെന്നതില അഭിമാനമുണ്ടെന്നും വെറും പെണ്ണെന്ന് വിളിക്കുന്നതിലാണ് പ്രതിഷേധമെന്നൂം’ വനിത ദിനമായ ഇന്നലെ അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

അതിനിടെ, പുതിയ കലക്ടര്‍ എസ്എസ്‌കെ ഉമേഷ് കലക്ടറേറ്റിലെത്തി ചുമതലയേറ്റു. കലക്ടറെന്ന നിലയില്‍ എല്ലാ വെല്ലുവിളികളും നേരിടേണ്ടി വരും. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കാര്യത്തില്‍ രേണു രാജ് മികച്ച ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. അത് നടപ്പാക്കി മുന്നോട്ടുപോകും. മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഹൃസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കും. ടീം എറണാകുളമായി എല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഇപ്പോഴുള്ള സാഹചര്യം മറികടക്കാമെന്നും പുതിയ കലക്ടര്‍ പറഞ്ഞൂ.

LEAVE A REPLY

Please enter your comment!
Please enter your name here