ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയിക്കുമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സുരേഷ് ഗോപി സിനിമാ ഡയലോഗുകള്‍ തട്ടിവിട്ടാല്‍, അതൊക്കെയാണ് ജയിക്കാന്‍ പോകുന്ന മാര്‍ഗമെന്ന് പറഞ്ഞാല്‍ കേരളം അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. രണ്ട് സീറ്റില്‍ മത്സരിച്ച ചരിത്രം ഇവിടെയുണ്ടല്ലോയെന്നും ഗോവിന്ദന്‍ പരിഹസിച്ചു. ഇവിടെ ജയിക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ പറയാറുണ്ട്. കഴിഞ്ഞ തവണയും പറഞ്ഞു. 30 എണ്ണം പിടിച്ചാല്‍ സര്‍ക്കാരുണ്ടാക്കുമെന്നും പറഞ്ഞവരാണ്. എന്നിട്ടോ ഉണ്ടായിരുന്ന സീറ്റും പോയി, വോട്ട് ശതമാനവും കുറഞ്ഞെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

എംവി ഗോവിന്ദന്റെ വാക്കുകള്‍: ”കണ്ണൂര്‍ ആര്‍ക്കാണ് എടുത്ത് കൂടാത്തത്. മൂന്നാം സ്ഥാനമോ നാലാം സ്ഥാനമോ എടുക്കാം. എടുക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ പകുതി സമ്മതമാണ്. ആര്‍ക്ക്, കെട്ടാന്‍ തീരുമാനിച്ചയാള്‍ക്ക്. പക്ഷെ ബീവിക്ക് സമ്മതമല്ല, അതാ കാര്യം. അമ്മതിരി ഡയലോഗ് കൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ല. രണ്ട് സീറ്റില്‍ മത്സരിച്ച ചരിത്രം ഇവിടെയുണ്ടല്ലോ.””വര്‍ഗീയ ലഹളയും കലാപമില്ലാതെ സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിത സംസ്ഥാനം കേരളമാണ്. അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ജയിക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ പറയാറുണ്ട്. കഴിഞ്ഞ തവണയും പറഞ്ഞു.

30 പ്ലസ് എന്ന്. 30 എണ്ണം പിടിച്ചാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ്. എന്നിട്ടോ ഉണ്ടായിരുന്ന സീറ്റും പോയി. വോട്ട് ശതമാനവും കുറഞ്ഞു. സുരേഷ് ഗോപിയെ പോലുള്ള ആളുകള്‍ സിനിമാ ഡയലോഗുകള്‍ അങ്ങ് തട്ടിവിട്ടാല്‍, അതൊക്കെയാണ് കേരളത്തില്‍ ജയിക്കാന്‍ പോകുന്ന മാര്‍ഗമെന്ന് പറഞ്ഞാല്‍ കേരളം അംഗീകരിക്കാന്‍ പോകുന്നില്ല. കേരളത്തെ സൊമാലിയയോട് ഉപമിച്ച, ആരോഗ്യരംഗത്ത് ഉത്തര്‍പ്രദേശില്‍ നിന്നും പാഠം പഠിക്കാന്‍ ആഹ്വാനം ചെയ്ത, കേരളം സുരക്ഷിതമല്ലെന്ന് ആക്ഷേപിച്ച മഹാബലിയെ പോലും ചവിട്ടി താഴ്ത്താന്‍ ആഹ്വാനം ചെയ്ത ബിജെപിയെ പിന്തുണക്കാന്‍ അഭിമാനബോധമുള്ള ഒരു കേരളീയനും തയ്യാറാകില്ല.”

പര്യടനം ചൊവ്വാഴ്ച മുതല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ താന്‍ ജയിക്കുമെന്നാണ് സുരേഷ് ഗോപി കഴിഞ്ഞദിവസത്തെ ബിജെപി പൊതുയോഗത്തില്‍ പറഞ്ഞത്. ബിജെപി നേതൃത്വം സമ്മതിച്ചാല്‍ കണ്ണൂരും മത്സരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.”ഈ തൃശൂര്‍ എനിക്ക് വേണം. ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദന്‍ വന്നാലും. ഗോവിന്ദാ, തൃശൂര്‍ ഇനി ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം. നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും.

അന്തംകമ്മികള്‍, ചൊറിയന്‍ മാക്രികൂട്ടങ്ങള്‍. വരൂ ട്രോള്‍ ചെയ്യൂ. നിങ്ങള്‍ എന്നെ ഇനിയും വളര്‍ത്തു. ഞാന്‍ ദ്രോഹിക്കില്ല. ഇരട്ട ചങ്കുണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ട ചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല, അടിത്തറയിളക്കണം. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.”സുരേഷ് ഗോപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here