അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണം കൊച്ചിയില്‍ നടന്നു


കൊച്ചി: പ്ലാസ്റ്റിക് മാലിന്യം പുനസംസ്‌കരിക്കുന്നതിന് ഇന്ത്യയില്‍ നിലവില്‍ ഉപയോഗിക്കുന്ന മെക്കാനിക്കല്‍ റീസൈക്ക്‌ളിംഗല്ല കെമിക്കല്‍ റീസൈക്ക്‌ളിംഗാണ് അനുയോജ്യമെന്ന് ജര്‍മന്‍ കമ്പനിയായ ബിപിഒ എന്‍ജിനീയറിംഗിന്റെ ഇന്ത്യയിലെ സംരംഭത്തിന്റെ എംഡിയും എല്‍എന്‍ജി-പെട്രോകെമിക്കല്‍ വ്യവസായ വിദഗ്ധനുമായ ബ്രെറ്റ് ബെര്‍ണാഡ്. ജല, പാര്‍പ്പിട, പരിസ്ഥിതി ദിനങ്ങളില്‍ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നടത്തി വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ജലദിനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എട്ടു കോടി രൂപ മുതല്‍ക്കാണ് ബിപിഒ എന്‍ജിനീയറിംഗ് വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ മെഷീനറിക്ക് ചെലവു വരുന്നത്. ഇതിനാവശ്യമായ സ്ഥലവും ഓരോ ദിവസവും വൃത്തിയാക്കിയ രണ്ടു ടണ്‍ പ്ലാസ്റ്റിക് മാലിന്യവും നല്‍കിയാല്‍ വൈകിട്ട് 14 ബാരല്‍ (യുഎസ്) ഡീസല്‍ തരാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ വിപണിവിലയില്‍ ഏതാണ്ട് ഒരു ലക്ഷം രൂപ വില മതിക്കുന്ന ഡീസല്‍. അങ്ങനെ ഏതാണ്ട് നാലര വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിക്കാവുന്ന മാതൃകയാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നത്. മെഷീനറി ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാനായാല്‍ 5 കോടി രൂപയ്ക്ക് മെഷീനറി ലഭ്യമാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കാണ് ഏറ്റവും വലിയ ജലമാലിന്യമെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമായി വര്‍ഷം തോറും 17.6 ബില്യണ്‍ പൗണ്ട് പ്ലാസ്റ്റിക് മാലിന്യമാണ് ഭൂമിയിലും പുഴകളിലും കടലിലുമായി വന്നടിയുന്നത്. ഇതുകൊണ്ട് കടലാമകള്‍ക്ക് മാത്രമല്ല ഭീഷണി. കാലക്രമേണ ഇവ പൊടിഞ്ഞും തകര്‍ന്നും മൈക്രോ പ്ലാസ്റ്റിക്കാവുന്നു. ഇന്ന് ഉപ്പ്, തേന്‍, ബീയര്‍ തുടങ്ങി നമ്മുടെ മിക്കവാറും എല്ലാ ഭക്ഷണപാനീയങ്ങളിലും നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ വരെ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. ഇപ്പോള്‍ മുതല്‍ ഈ നൂറ്റാണ്ടിന്റെ പകുതിവരെയുള്ള കാലത്തിനിടെ മാനവരാശിയുടെ ചരിത്രത്തില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ള മൊത്തം പ്ലാസ്റ്റിക്കിന്റെ നാലിരട്ടി വരെ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ചെയ്യാനുള്ള സമയം ഇപ്പോഴാണ്, ഇല്ലെങ്കില്‍ വൈകിപ്പോവും. ഒരു പ്ലാസ്റ്റിക് സുനാമിയാണ് നമ്മളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിലവില്‍ 9% പ്ലാസ്റ്റിക് മാത്രമാണ് ആഗോളതലത്തില്‍ റീസൈക്ക്ള്‍ ചെയ്യപ്പെടുന്നത്. പാക്കേജിംഗ് വ്യവസായമാണ് പ്ലാസ്റ്റിക് മാലിന്യരംഗത്തെ പ്രധാന വില്ലന്‍. ശീതളപാനീയങ്ങളുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ പാക്കേജിംഗിന് പ്ലാസ്റ്റിക്കിനു പകരമുള്ള മെറ്റീരിയല്‍സ് ഉപയോഗിക്കുന്നതിന് സര്‍ക്കാരുകളും ഉപഭോക്താക്കളും ബഹുരാഷ്ട്ര കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ബണ്‍ ക്ലോക്കും അതിവേഗം മിടിച്ചു കൊണ്ടിരിക്കുന്നു. താപനിലയിലെ വര്‍ധന 1.5 ഡിഗ്രിയില്‍ നിന്ന് 2 ഡിഗ്രി ആയാല്‍പ്പോലും അതിഭീകരമായ പ്രത്യാഘാതങ്ങളാണ് മാനവരാശിയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ജലസ്രോതസ്സുകളേയും പ്രകൃതിവിഭവങ്ങളേയും ഓരോ മനുഷ്യനും അവരവരുടെ അവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതുപോലെ കാത്തുസൂക്ഷിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ വി. പറഞ്ഞു. അവയില്ലാതെ നമുക്ക് നിലനില്‍പ്പില്ല.


ഫോട്ടോ – ജര്‍മന്‍ കമ്പനിയായ ബിപിഒ എന്‍ജിനീയറിംഗിന്റെ ഇന്ത്യയിലെ സംരംഭത്തിന്റെ എംഡിയും എല്‍എന്‍ജി-പെട്രോകെമിക്കല്‍ വ്യവസായ വിദഗ്ധനുമായ ബ്രെറ്റ് ബെര്‍ണാഡ് കൊച്ചിയില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ജലദിന പ്രഭാഷണം നടത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here