തിരുവനന്തപുരം:കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഉച്ചസ്ഥായിയിലെത്തുമ്പോള്‍ ആളും ആരവവുമില്ലാതെ, പഴയ ഓര്‍മകളുടെ മാത്രം പിന്തുണയോടെ ജീവിക്കുന്ന ചില വിജയികളുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ ചില അട്ടിമറി വിജയങ്ങളിലുടെ, മത്സരങ്ങളിലൂടെ ശ്രദ്ധേയരാവര്‍. പക്ഷെ ഇന്നവര്‍ വോട്ടര്‍മാരുടെ മനസില്‍പോലുമില്ല. പലരും ഇന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍പോലുമില്ലാ. ഡോ. മനോജ് കുരിശിങ്കല്‍, എസ്.ശിവരാമന്‍, ഡോ. സിന്ധു ജോയി, അഡ്വ. എം റഹ്ത്തുല്ല, ഡോ. ഹുസൈന്‍ രണ്ടത്താണി, ഷാഹിദ കമാല്‍ എന്നിവങ്ങനെ ആണ പട്ടിക നീണ്ടുപോകും.

image

ആലപ്പുഴ മണ്ഡലത്തില്‍ സി.പി.എമ്മിന്‍റെ പരീക്ഷണമായിരുന്നു ഡോ. മനോജ് കുരിശിങ്കല്‍. വി എം സുധീരനെ പോലെ ശക്തനായ എതിരാളിയെ വെല്ലുവിളിക്കാന്‍ ന്യൂനപക്ഷ സമുദായക്കാരനും ജനകീയനായ ഡോക്ടറുമായിരുന്ന ഡോ. മനോജിനെ സി.പി.എം രംഗത്തിറക്കുകയായിരുന്നു. വി. എ.ം സുധീരനെതിരെ അട്ടിമറി വിജയം നേടിയ മനോജ് ഇടതുപക്ഷത്തിന്‍റെ ആവേശമായിരുന്നു. പിന്നീട് കെ സി വേണുഗോപാലിനെതിരെയും രംഗത്തിറങ്ങിയ കെ. എസ് മനോജിന് പക്ഷേ അടിതെറ്റി. താമസിയാതെ സി പി എമ്മിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്ന കെ.എസ് മനോജ് ഇന്ന് വിദേശത്ത് ഡോക്ടറായി സേവനം ചെയ്യുകയാണ്. 1993 ലെ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം ലോക്സഭാമണ്ഡലത്തില്‍ അപ്രതീക്ഷിതമായി രംഗത്തിറങ്ങിയ എസ്.ശിവരാമന്‍ ഏറെ കാലം രാഷ്ട്രീയ കേരളത്തിലെ അത്ഭുതമായിരുന്നു. കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതിയായ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പിഎം ഒറ്റപ്പാലം ഏരിയാകമ്മിറ്റി അംഗമായിരുന്ന ശിവരാമന്‍ 1,32,674 വോട്ടിനാണ് കോണ്‍ഗ്രസിലെ ആര്‍ കെ ബാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. പീന്നീട് പാര്‍ട്ടി വിട്ട ശിവരാമന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും വലിയ ചലനമുണ്ടാക്കാതെ സി.പി.എമ്മില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. ഇന്ന് ഒറ്റപ്പാലത്തും പരിസരത്തും പാര്‍ട്ടില്‍ സജീവമാണ് ശിവരാമന്‍.

image

കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ മത്സരിച്ച തീപ്പൊരി സമരനായിക സിന്ധുജോയിയും ഇന്ന് രാഷ്ട്രീയ രംഗത്തില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കും ലോക്സഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് പ്രൊഫ. കെ.വി തോമസിനെതിരെയും പൊരുതിയ സിന്ധുജോയി വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെ ആവേശമായിരുന്നു. എസ്.എഫ.ഐ സംസ്ഥാന പ്രസിഡന്‍റും.

image

ഡി.വൈ.എഫ.ഐ സംസ്ഥാന സഹഭാരവാഹിയുമായിരുന്ന സിന്ധുജോയി പിന്നീട് പാര്‍ട്ടിയോട് പിണങ്ങി കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഇപ്പോള്‍ രാഷ്ട്രീയ നിലപാട് എന്താണെന്ന് പോലും ആര്‍ക്കുമറിയില്ല.
സി.പി.ഐയുടെ ദേശീയ സമിതി അംഗമായിരുന്ന അഡ്വ.എം.റഹ്മത്തുല്ല ലോകസഭ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ പൊന്നാനിയിലും ഒരു തവണ വയനാട്ടിലും മത്സരരംഗത്തുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയിലും ഒരു തവണ കൈനോക്കി. പിന്നീട് പാര്‍ട്ടി റഹ്മത്തുല്ലയേയും റഹ്മത്തുല്ല പാര്‍ട്ടിയേയും കൈവിട്ടു. സി.പി.ഐയുടെ ദേശീയസമിതി അംഗമായിരുന്ന റഹ്മത്തുല്ല നിലവില്‍ എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

image

2008 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് സ്ഥാനാര്‍ഥികളാണ് ഷാഹിദാ കമാലും ഡോ. ഹുസൈന്‍ രണ്ടത്താണിയും. മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന ഷാനിമോള്‍ ഉസ്മാന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലമാണ് നല്‍കിയത്.എന്നാല്‍ സി.പി .എമ്മിന്‍റെ കോട്ടയില്‍ ഷാനിമോള്‍ മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ധൈര്യസമേതം രംഗത്ത് വന്നത് ഷാഹിദ കമാലാണ്. പിന്നീട് ജീവിക്കാന്‍ പോലും വഴിയില്ലാതെ പാര്‍ട്ടി കൈവിട്ടുവെന്ന് വിലപിച്ച ഷാഹിദയെയാണ് കേരളം കണ്ടത്. ഇടതുമുന്നണിയില്‍ സി പി എമ്മിന്‍റെയും സി പി ഐയുടേയും സൗഹ്യദം പോലും ഉലഞ്ഞ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്. പൊന്നാനി പാര്‍ലിമെന്‍റ് സീറ്റായിരുന്നു കാരണം. ഇടതുപക്ഷത്തിന് പ്രതീക്ഷയുണ്ടായിരുന്ന പൊന്നാനിയില്‍ സി.പി.എം സ്വതന്ത്രനായി ഡോ. ഹുസൈന്‍ രണ്ടത്താണിയെ രംഗത്തിറക്കിയതായിരുന്നു സി.പി.ഐയെ പ്രകോപിപ്പിച്ചത്. ഇന്നിപ്പോള്‍ രണ്ടത്താണിയുടെ അത്താണി ഏതെന്ന് ആര്‍ക്കും അറിയില്ല. അത്ഭുതവിജയവും പിന്നാലെ രാഷ് ട്രീയത്തില്‍ നിന്ന് പടിയിറക്കവും സ്വന്തമാക്കിയ നേതാക്കളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. എന്തായാലും ഒരു കാലത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ പോര്‍ക്കളത്തില്‍ അങ്കത്തിനിറങ്ങിയ പലരും ഇന്ന് ചിത്രത്തിലും ചരിത്രത്തിലുമില്ലാതെ മാറി നില്‍ക്കുകയാണ്, അല്ലെങ്കില്‍ മാറ്റി നിര്‍ത്തപ്പെടുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here