അനുപമ വെങ്കിടേശ്വരൻ
റോയി മുളകുന്നം

മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 9,10,11 തീയതികളിൽ ന്യൂയോർക്ക് നഗരത്തിൽ നടക്കും. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം ചേർന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങൾ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്ന വേദിയാണ് ലോകകേരള സഭ. കേരളവികസനത്തിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും പ്രവാസികളുടെ വിഷയങ്ങള്‍ മുഖ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ ഒരു വികസിത ബൗദ്ധികതലമാണ് ഈ വേദി. 2018ൽ രൂപീകരിച്ച ലോക കേരള സഭയുടെ സമ്മേളനങ്ങൾ 2018,2020,2022 വർഷങ്ങളിൽ കേരള നിയമസഭാ സമുച്ചയത്തിൽ നടന്നിരുന്നു.

ഇത് കൂടാതെ ആദ്യ റീജിയണൽ സമ്മേളനം ദുബായിലും യൂറോപ്യൻ രാജ്യങ്ങളുടെ റീജിയണൽ സമ്മേളനം ലണ്ടനിലും നടന്നിരുന്നു. യുഎസ്എ, കാനഡ, തെക്കനമേരിക്കൻ – കരീബിയൻ മേഖലകൾ എന്നിവ ഉൾപ്പെടുന്ന അമേരിക്കൻ രാജ്യങ്ങളുടെ മേഖലാ സമ്മേളനമാണ് ജൂൺ രണ്ടാം വാരം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ ഏ എൻ ഷംസിർ, നോർക്കാ റസിഡൻറ് വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വീ പി ജോയി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ലോക കേരളസഭയിലെ അമേരിക്കൻ മേഖലാ രാജ്യങ്ങളിലെ അംഗങ്ങളേയും ക്ഷണിതാക്കളേയും കൂടാതെ മലയാളി സമൂഹത്തിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. നോർക ഡയറക്ടർ ഡോ അനിരുദ്ധൻ നേതൃത്വം നൽകുന്ന ഓർഗനൈസിങ്ങ് കമ്മിറ്റിയുടെ പ്രസിഡന്റായി ഡാലസിൽ നിന്നുള്ള കെജി മന്മഥൻ നായർ പ്രവർത്തിക്കും.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി തെരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മലയാള ഭാഷയും കേരള സംസ്കാരവും അമേരിക്കൻ മലയാളികളിലേക്ക് കൂടുതൽ അർഥവത്തായി എത്തിക്കാനുള്ള നടപടികളെക്കുറിച്ച് മേഖലാ സമ്മേളനം ചർച്ച ചെയ്യും. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും പുതിയ സാധ്യതകളെക്കുറിച്ചും ഉന്നത പഠനത്തിനായി അമേരിക്കയിലെത്തുന്ന വിദ്യാർഥികളുടെ സാധ്യതകളെയും അവർ നേരിടുന്ന വെല്ലുവിളികളേയും കുറിച്ചും ചർച്ചകളുണ്ടാകും. നവകേരളം എന്ന ആശയത്തിലേക്ക് അമേരിക്കൻ മലയാളിയുടെ സംഭാവനകളെക്കുറിച്ചും വിജ്ഞാന സമ്പദ് വ്യവസ്ഥയെക്കുറിച്ചും ചർച്ചകൾ നടക്കും. മേഖലാ സമ്മേളനത്തിനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായി ഡോ എം അനിരുദ്ധനും കെജി മന്മഥൻ നായരും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here