കോട്ടയം : കാരുണ്യമതികളുടെ കനിവില്‍ ഹൃദയവും ശ്വാസകോശവും മാറ്റിവെച്ച അമ്പിളി ഫാത്തിമ ഇനി നീറുന്ന ഓര്‍മ്മ. ഈ ഇരുപത്തിരണ്ടുകാരിയെ സാധാരണ ജീവിതത്തിലേക്കു നയിക്കാന്‍ വൈദ്യലോകം നിതാന്തപരിശ്രമം നടത്തുന്നതിനിടെയായിരുന്നു നാടിനാകെ നൊമ്പരമായ വിടവാങ്ങല്‍. തിങ്കളാഴ്ച പകല്‍ 11.30ന് കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലും രക്തത്തിലും ഉണ്ടായ അണുബാധയാണ് മരണകാരണം. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.

കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീര്‍ ഹസന്റെയും ഷൈലയുടെയും ഏകമകളാണ് അമ്പിളി ഫാത്തിമ. കോട്ടയം സിഎംഎസ് കോളേജിലെ എംകോം അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. രണ്ടാം വയസില്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയവാല്‍വിലെ തകരാര്‍ കണ്ടെത്തിയത്. ശരീരത്തില്‍ ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്ന നിലയായിരുന്നു. ഇതു പിന്നീട് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.

ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താനാവില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. എന്നാല്‍, ഇവ പൂര്‍ണവളര്‍ച്ചയെത്താതെ ശസ്ത്രക്രിയയും അസാധ്യമായിരുന്നു. ശസ്ത്രക്രിയയ്ക്കുള്ള 40 ലക്ഷം രൂപ കണ്ടെത്താന്‍ ഇടത്തരം കുടുംബത്തിന് കഴിയില്ലായിരുന്നു. കുടുംബത്തിന്റെ ദുരവസ്ഥ വാര്‍ത്തയായതിനെ തുടര്‍ന്ന് കാരുണ്യം ഒഴുകി. ചലച്ചിത്രതാരം മഞ്ജുവാര്യരടക്കം അമ്പിളിക്ക് സഹായവുമായെത്തി.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ 2015 ആഗസ്ത് 13ന് ആയിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് പത്തുമാസം നീണ്ട ചികിത്സ. ആരോഗ്യം ഏറെക്കുറെ മെച്ചപ്പെട്ട ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോട്ടയത്തേക്ക് മടങ്ങി. കാരിത്താസ് ആശുപത്രി ഹൃദ്രോഗവിഭാഗത്തിലെ  ഡോ. രാജേഷ് രാമന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു തുടര്‍ചികിത്സ.

LEAVE A REPLY

Please enter your comment!
Please enter your name here