വാഹനാപകടത്തില്‍ മരണപ്പെട്ട തലശ്ശേരി അതിരൂപതയിലെ യുവ വൈദികന്‍ ഒറ്റപ്ലാക്കല്‍ മനോജ് അച്ചന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ സഹപാഠിയും പ്രീയ സുഹൃത്തുമായിരുന്ന ഹണി ഭാസ്‌കരന്‍ പങ്കുവെച്ച കുറിപ്പ് നോമ്പരമാകുന്നു. സൗഹൃദത്തിന്റെ സൗന്ദര്യത്താല്‍ ജീവിതത്തോട് സൂക്ഷിച്ച അമൂല്യമായൊരു മനുഷ്യനെ ഭൂമിയില്‍ നിന്ന് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എഴുത്തുകാരി കൂടിയായ ഹണി ഭാസ്‌കരന്‍ കുറിച്ചു.’

‘കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ജീവിതത്തിലില്ലാതിരുന്നെങ്കിലെന്ന് പിടഞ്ഞു പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിപുലര്‍ച്ചെ നെഞ്ചു തകര്‍ത്തുകൊണ്ടാണ് വടകരയില്‍ വച്ചു നടന്ന കാര്‍ അപകടത്തില്‍ നിന്റെ മരണം സംഭവിച്ചുവെന്ന വാര്‍ത്തയെത്തുന്നത്. കണ്ണുകളിലും പ്രവൃത്തികളിലും അലിവൊളിപ്പിച്ച, ഏതു സന്ദര്‍ഭത്തിലും ശാന്തത സൂക്ഷിക്കുന്ന, ചുറ്റുമുള്ളവരിലേക്ക് അനന്തമായി സ്‌നേഹം മാത്രം പടര്‍ത്തുന്ന ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്നൊരു മനുഷ്യന്‍…! അഹന്തകളില്ലാത്ത, പുരോഹിത ഭാഷയിലെ യഥാര്‍ത്ഥ ദൈവപുത്രന്‍’. അകാലത്തില്‍ വിട പറഞ്ഞ സുഹൃത്തിനെക്കുറിച്ച് ഹൃദയം മുറിയുന്ന വേദനയോടെ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളെ ലോകത്തോട് വെളിപ്പെടുത്തരുത് കാരണം നല്ലതിനെയെല്ലാം നശിപ്പിച്ചു കളയാനുള്ള പ്രവണത മനുഷ്യര്‍ക്കുണ്ട്. ഇത് സ്വന്തം ജീവിതം തന്നെ പഠിപ്പിച്ച പാഠമാണ്. സൗഹൃദത്തിന്റെ സൗന്ദര്യത്താല്‍ ജീവിതത്തോട് സൂക്ഷിച്ച അമൂല്യമായൊരു മനുഷ്യനെ ഭൂമിയില്‍ നിന്ന് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഫാ. അബ്രഹാം ഒറ്റപ്ലാക്കല്‍. എടൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 2000 എസ്എസ്എല്‍സി ബാച്ചിലെ ഞങ്ങളുടെ സ്വന്തം മനോജ്. നഴ്‌സറി ക്ലാസു മുതല്‍ പത്താം ക്ലാസ് വരെ കളിക്കൂട്ടുകാരന്‍, സുഹൃത്ത്, സഹപാഠി . ഒരേ കളിമുറ്റം, ഒരേ സ്‌കൂള്‍, വര്‍ഷമേറുമ്പോള്‍ ഡിവിഷന്‍ മാറി വന്ന് ഒരുമിച്ചിരുന്ന ക്ലാസ് മുറികള്‍…!

ഒരുമിച്ചു നനഞ്ഞ മഴകള്‍, ഉച്ച ഭക്ഷണം കഴിഞ്ഞ് പാത്രം കഴുകാന്‍ ബിന്‍സിയുടെ വീട്ടിലെ കിണറ്റു വക്കിലേക്ക് ഒരുമിച്ചു നടന്ന വഴികള്‍…! നീലയും വെള്ളയും യൂണിഫോമില്‍ മഴവില്ല് തീര്‍ത്ത മൈതാനത്തെ ചെളിക്കുണ്ടുകള്‍…! പരസ്പരം കൈ മാറിയ മഷിത്തണ്ടുകള്‍…! കോറമുക്കിലെ കുളത്തില്‍ നിന്ന് പറിച്ചെടുത്തു കൊണ്ടു വന്നു നീട്ടിയ നീലാമ്പല്‍ പൂവുകള്‍…! ഒരുമിച്ചു പെറുക്കിയ വികാസ് ഭവന്‍ മുറ്റത്തെ പനിനീര്‍ ചാമ്പയ്ക്കകള്‍…! പള്ളിപ്പെരുന്നാള്‍ കഴിഞ്ഞാല്‍ പൊട്ടിയ ബലൂണ്‍ കഷ്ണം ഊതി വീര്‍പ്പിച്ച് പൊട്ടിച്ചിരുന്ന ഇന്റര്‍വെല്‍ നേരങ്ങള്‍…! കപ്യാരുടെ കടയില്‍ ഉന്തി തള്ളി നിന്നു വാങ്ങിയ നാരങ്ങാ മുട്ടായികള്‍, തേനുണ്ടകള്‍…!
സ്‌കൂളിനോട് ചേര്‍ന്ന ഏതു മനുഷ്യനും ചെന്നു കയറാവുന്ന എടൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ ഹോളി വാട്ടര്‍ കൊണ്ട് നെറ്റിയില്‍ നീ വരച്ചിട്ട കുറിയുടെ തണുപ്പ്…! പള്ളിമുറ്റത്തെറിഞ്ഞു വീഴ്ത്തി തിന്ന കണ്ണിമാങ്ങകള്‍…!

പ്രിയപ്പെട്ടവനേ… കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ജീവിതത്തിലില്ലാതിരുന്നെങ്കിലെന്ന് പിടഞ്ഞു പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിപുലര്‍ച്ചെ നെഞ്ചു തകര്‍ത്തുകൊണ്ടാണ് വടകരയില്‍ വച്ചു നടന്ന കാര്‍ അപകടത്തില്‍ നിന്റെ മരണം സംഭവിച്ചുവെന്ന വാര്‍ത്തയെത്തുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് വല്യുണ്ണി (ജോര്‍ജ് ) സത്യമാണോന്ന് തിരക്കാന്‍ പറയുമ്പോ ഞങ്ങള്‍ ഒരേ പോലെ കടന്നു പോയൊരു ഭയം നിറഞ്ഞ വെപ്രാളമുണ്ട്. ശേഷം സത്യമാവല്ലെയെന്ന പ്രാര്‍ത്ഥനയോടെ ആരെയൊക്കയോ വിളിച്ചു. മിക്കവരും ഉണര്‍ന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ… പലരും പല വഴിക്ക് കാര്യം തിരക്കാന്‍ ഓടുന്നതിനിടയില്‍ ഓണ്‍ലൈനില്‍ മരണം സ്ഥിതീകരിച്ച വാര്‍ത്തകള്‍ നിറഞ്ഞിരുന്നു…!

പിന്നീട് അനുഭവിച്ചത് എന്റെ ജീവിതം ഒരു മരണത്തിലും ഇതുവരെ നേരിടാത്തതാണ്. അമൂല്യമായതിനെ നഷ്ടപ്പെട്ടതിന്റെ അമര്‍ഷം, തീവ്ര സങ്കടം, കൊടിയ നിരാശ…! വാര്‍ത്തകള്‍ക്ക് മീതെ അവസാനമില്ലാതെ ചിതറി വീഴുന്ന കണ്ണീര്‍…! ലോകമെത്ര ക്രൂരമെന്ന പതം പറച്ചില്‍. കുടഞ്ഞിടാന്‍ പറ്റാത്തത്ര ഓര്‍മ്മകള്‍… നല്ല നിമിഷങ്ങള്‍. പ്ലസ് ടു കാലം കഴിഞ്ഞപ്പോള്‍ എല്ലാവരും ജീവിതത്തിന്റെ നിലനില്‍പ്പ് തിരഞ്ഞ് പലവഴിക്കായി. സാഹചര്യങ്ങള്‍ നിനക്കു മുന്നില്‍ വിരിച്ചിട്ട വഴി സെമിനാരിയായിരുന്നു. നീയാ വഴി തിരഞ്ഞെടുത്തു. അതിലേറ്റവും ആത്മാര്‍ത്ഥമായി. ശേഷം ബസ്സിലോ നാട്ടു വഴികളിലോ മാത്രം ആകസ്മികമായി കണ്ടു മുട്ടി. 2015 ല്‍ വീണ്ടും നമ്മള്‍ പഴയതിനെക്കാള്‍ നല്ല കൂട്ടുകാരായി. അപ്പോഴേക്കും നീ വൈദിക വേഷം സ്വീകരിച്ചിരുന്നു. അറിയപ്പെടുന്ന ചിത്രകാരനായി മാറിയിരുന്നു.

പത്രങ്ങളുടെ തലക്കെട്ടുകള്‍ നിന്നെ ‘ശില്പ കലയിലെ പെരുന്തച്ചന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു. നിന്റെ ചിത്രങ്ങള്‍ പലയിടങ്ങളില്‍ എക്‌സിബിഷനുകളില്‍ അത്ഭുതങ്ങളായി. നിന്റെ വിരല്‍ത്തുമ്പാല്‍ കടഞ്ഞെടുത്ത ശില്പങ്ങള്‍ ലോകം കണ്ടു. മണ്ണായിരുന്നു നിന്റെ ഇഷ്ടപ്പെട്ട മഷി. നീ ചെളി കൊണ്ട് വരച്ച മണ്ണില്‍ കിടന്നുറങ്ങുന്ന യേശുവിന്റെ ചിത്രം റോമില്‍ മാര്‍പ്പാപ്പയുടെ കൈകള്‍ വരെയെത്തി. നിന്റെ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം എത്രയോ അള്‍ത്താരകള്‍ സ്വര്‍ഗ്ഗം പോലെ മനോഹരമായി. പള്ളി രൂപകല്പന ചെയ്യപ്പെട്ടു. നീയുള്ള ഇടങ്ങളിലെ പുല്‍ക്കൂടുകള്‍ കൂടുതല്‍ പ്രഭയോടെ തെളിഞ്ഞു. നീ വഴി കാട്ടിയ കുഞ്ഞുങ്ങള്‍ കൂടുതല്‍ തെളിമയോടെ ചിരിച്ചു.

പ്രിയപ്പെട്ടവനേ…. നീ മാനേജര്‍ ആയിരുന്ന തലശ്ശേരി മെട്രോപൊളിറ്റന്‍ സ്‌കൂളിലെ കുഞ്ഞുങ്ങള്‍, തലശ്ശേരി മൈനര്‍ സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ ഭാഗ്യം ചെയ്തവരാണ്. ബ്രണ്ണനില്‍ നിന്റെ പി.ജി. അധ്യാപികയും കഥാകാരിയുമായ രാജശ്രീ എഴുതിയതു പോലെ നിന്നോളം സൗമ്യനായ, ശാന്തനായ മറ്റൊരു പുരുഷനെ ഞാന്‍ കണ്ടിട്ടില്ല. കണ്ണുകളിലും പ്രവൃത്തികളിലും അലിവൊളിപ്പിച്ച, ഏതു സന്ദര്‍ഭത്തിലും ശാന്തത സൂക്ഷിക്കുന്ന, ചുറ്റുമുള്ളവരിലേക്ക് അനന്തമായി സ്‌നേഹം മാത്രം പടര്‍ത്തുന്ന ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്നൊരു മനുഷ്യന്‍…! അഹന്തകളില്ലാത്ത, പുരോഹിത ഭാഷയിലെ യഥാര്‍ത്ഥ ദൈവപുത്രന്‍.
അക്കാഡമിക്‌സില്‍ അതീവ മിടുക്കനായ ഒരാള്‍… മനോഹരമായി പാടുന്ന, കവിതകള്‍ ചൊല്ലുന്ന, നിറയെ വായിക്കുന്ന, ശില്പിയായ, ചിത്രകാരനായ, പ്രാസംഗികനായ ഒരാള്‍… !

ഇതുവരെയ്ക്കും നീണ്ട കനത്ത സൗഹൃദം….! ആഴവും പരപ്പും തെളിച്ചവുമുള്ളത്. 2020 ല്‍ ലാണ് നമ്മുടെ ബാച്ച് ‘നെല്ലിക്ക’ എന്ന പേരില്‍ വാട്ട്‌സപ് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാവരും ഗ്രൂപ്പില്‍ ഒരുമിച്ചു. വീഡിയോ കോളില്‍ കണ്ടു. കേട്ടു. കൂട്ടുകാരാ…. അന്നു നിന്നോളം സന്തോഷിച്ച മറ്റൊരാളുണ്ടായിരുന്നില്ല. എല്‍ പി സ്‌കൂള്‍ മുറ്റത്തെ അപ്പൂപ്പന്‍ കടപ്ലാവിനു ചുവട്ടില്‍ നമ്മള്‍ പണ്ടു തുള്ളി മറിഞ്ഞതു പോലെ നീയന്നു സന്തോഷം കൊണ്ടു തുള്ളി മറിഞ്ഞു. നമ്മള്‍ എല്ലാവരും ജോണി സാറിന്റെ ഡ്രില്‍ പിരീഡിലെ കുട്ടികളായി. സംഗീത ടീച്ചറിന്റെ ക്ലാസിലെ പാട്ടുകാരായി. അപ്പച്ചന്‍ സാറിന്റെ ക്ലാസിലെ കവികളായി…! സൂം മീറ്റിംഗുകള്‍…! ഓര്‍മ്മ പുതുക്കലുകള്‍… പൊട്ടിച്ചിരികള്‍…! പാട്ടുകള്‍, കവിതകള്‍…! ന്തൊരാഘോഷമായിരുന്നു.

ഒരു വെക്കേഷന് പള്ളിമേടയില്‍ നിന്നെ കാണാന്‍ ഞാന്‍ വന്നു…! അന്നു നിനക്ക് തീരെ വയ്യായിരുന്നു. നടുവിന് ചികിത്സയായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കെ ഞാന്‍ സ്‌കൂള്‍ കഥ പറഞ്ഞ് നാലു മുറികള്‍ അപ്പുറം കേള്‍ക്കെ ഉച്ചത്തില്‍ ചിരി തുടങ്ങി. നിനക്ക് പേടിയാവാനും തുടങ്ങി. ‘ഒന്നു പയ്യെ ചിരിക്ക്. നിഷ്‌ക്കളങ്കനായ എന്നെ നീ കുരിശില്‍ കേറ്റരുത് … ‘ എന്നു പറഞ്ഞ് ചിരിക്കാനിഷ്ടമുള്ള നീ പതുങ്ങി ചിരിച്ചു. സത്യം പറയട്ടെ അങ്ങനെ ചിരിക്കാനൊക്കെ നീ ശീലിച്ചെടുത്തത് എനിക്ക് ഞെട്ടലായി. മറ്റു മനുഷ്യര്‍ക്ക് തന്റെ അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടാവരുത് ഒരു മാറ്റം നോക്കുന്നു എന്നൊക്കെ പറഞ്ഞു. പള്ളിനട വരെ കൂടെ വന്നു യാത്ര പറഞ്ഞു. വീണ്ടും നമ്മളെത്രയോ കാലം ഇതുവരേയ്ക്കും സംസാരിച്ചു… എന്തെന്നറിയില്ല മിക്കപ്പോഴും നീ എന്നോട് സംസാരിക്കുന്നത് ഹോസ്പിറ്റലില്‍ വച്ചായിരുന്നു. പല പല ടെസ്റ്റുകള്‍ . റിസള്‍ട്ട് തിരക്കുമ്പോഴെല്ലാം വിശദീകരിക്കാതെ പുഞ്ചിരികള്‍ മറുപടികളായി നീ തിരിച്ചയച്ചു.
ഇന്നലെ നിന്റെ അവസാന യാത്രയില്‍ പാംപ്ലാനി പിതാവ് നീ ആരെയുമറിയിക്കാതെ കൊണ്ടു നടന്ന രോഗവിവരം പറയും വരേയ്ക്കും മറ്റാരും നിന്റെ വേദനകള്‍ അറിഞ്ഞില്ലല്ലോ പ്രിയപ്പെട്ടവനേ …

മരുന്നുകള്‍ നിന്റെ ഒരു കണ്ണിന്റെ കാഴ്ച്ചയെടുത്തിരുന്നുവെന്ന് കേട്ട നിമിഷം തകര്‍ന്നു പോയെടാ… കഴിഞ്ഞ ഡിസംബറില്‍ ഞാന്‍ അവധിക്കു വന്നപ്പോ നമ്മള്‍ തീരുമാനിച്ചതു പോലെ അന്നേ ദിവസം തലശ്ശേരിക്ക് നിന്നെ കാണാനിറങ്ങി. പാതി വഴിക്കെത്തിയപ്പോ നീ പറഞ്ഞു ഒരു സ്‌കൂള്‍ പ്രോഗ്രാമില്‍ പെട്ടു പോയെന്ന്. നിരാശയോടെ മടങ്ങി. നമ്മള്‍ മിണ്ടുമ്പോഴെല്ലാം ‘ഒറ്റ’ യെന്ന വാക്ക് പലപ്പോഴും കടന്നു വന്നു. ആള്‍ക്കൂട്ടങ്ങളിലെ ‘ഒറ്റ’ കള്‍ എന്നു നീയതിനെ വിശാലമാക്കി. വാക്കുകളിലും വരികളിലും പലവട്ടം നമ്മള്‍ തപ്പി തടഞ്ഞു വീണു. ഒരു ചെറുപുഞ്ചിരികൊണ്ട് വിളക്കായി. എന്റെ പിറന്നാളുകള്‍ മറക്കാത്ത, തുട്ടുവിന്റെ പിറന്നാളുകള്‍ മറക്കാത്ത ഒരുവന്‍ …! നീ വായിക്കാത്ത എന്റെ പുസ്തകങ്ങളില്ല… നീ വായിക്കാത്ത എഫ് ബി പോസ്റ്റുകളില്ല… നീ ആശംസ നേരാത്ത നല്ല ദിവസങ്ങളില്ല …! നീ നല്‍കിയ കലഹങ്ങളില്ലാത്ത സ്‌നേഹത്തോളം മികച്ച സൗഹൃദവുമിനിയില്ല..! ഇനി നിന്റെ കവിതകള്‍ തേടി വരില്ല… ഇനി നിന്റെ പാട്ടുകള്‍ ഒഴുകി വരില്ല..! നിന്റെ അടക്കിപ്പിടിച്ച ചിരികളില്ല, തമാശകളില്ല..!

അതിജീവനത്തിന്റെ പുസ്തകത്തിന് കവര്‍ പേജ് വരയ്ക്കാന്‍ പറഞ്ഞിട്ടും സാധിക്കാതെ പോയതിന്റെ ദു:ഖം അടുത്ത എഡിഷനില്‍ വരച്ചു തന്ന് തീര്‍ക്കുമെന്ന് പറഞ്ഞ വാഗ്ദാനമിനി പൂര്‍ത്തിയാവില്ല…! പ്രിയപ്പെട്ടവനേ … നീ ചൊല്ലി അയച്ചു തന്ന ‘സഫലമീ യാത്ര” ഇതിനായിരുന്നുവോ…! ഇന്നതു കേട്ടപ്പോഴുണ്ടായ നീറ്റല്‍…! ഏറ്റവും ഒടുവിലത്തെ മെസേജിന്റെ അവസാന വരികള്‍… ‘നിന്റെ ഹീറോ പേന, ഉണ്ട കയ്യക്ഷരം, കവിത, കഥ’ ഭൂമിയിലില്ലാത്ത ഒരു മനുഷ്യന് ഞാനിന്നാദ്യമായി വാട്ട്‌സപ്പില്‍ മെസേജയച്ചു. എടാ… തിരിച്ചു വാ സങ്കടം സഹിക്കാന്‍ വയ്യെന്ന്. നീ അതു വായിക്കുമോന്നറിയാന്‍ ഇടയ്ക്കിടെ വന്നു നോക്കി. ഡെലിവര്‍ ആയ മെസേജ് വായിക്കപ്പെടാതെ അനാഥമായ കാഴ്ച്ച നെഞ്ച് നുറുക്കി.

നീയില്ലാത്ത ദിവസങ്ങള്‍ ഞങ്ങള്‍ക്കൊന്നും അത്ര സുന്ദരമായിരിക്കില്ല. ‘ആരോടും യുദ്ധത്തിനില്ല, ആരുടെയും വിരുന്നിനുമില്ല’. നമുക്കിടയില്‍ നീ അയച്ച വാക്കുകളാണ്. ജീവിതത്തിലിന്നോളം ഒരു മരണച്ചടങ്ങും പൂര്‍ണ്ണമായി ലൈവു കാണാത്ത ലോകത്തിന്റെ പല മൂലകളിലായിപ്പോയ ഞങ്ങള്‍ കൂട്ടുകാര്‍ ഇന്ന് ആ കല്ലറ മൂടും വരേയ്ക്കും നിന്നെ നോക്കി നിന്റെ ചുറ്റുമുണ്ടായിരുന്നു. ഫോണ്‍ വിളികളില്‍, മെസേജുകളില്‍ പരസ്പരം ചാരി നിന്നേങ്ങി.
പ്രിയപ്പെട്ടവനേ…. ദൈവ വിശ്വാസിയായവനേ… ചെന്നിടത്തും ശാന്തിയുണ്ടാവട്ടെ…! നീയുള്ള ഞങ്ങളുടെ ഭൂമി എത്ര സുന്ദരമായിരുന്നുവോ സ്വര്‍ഗ്ഗവും നിന്റെ കരവിരുതിനാല്‍ ഇനി അതിലേറെ ഭംഗിയാക്കപ്പെടും. നമ്മള്‍ വീണ്ടും കണ്ടു മുട്ടുമ്പോള്‍ പറയാന്‍ ബാക്കി വെച്ചതേറെയുണ്ട്..! വരും ജന്‍മത്തിലെ ഉറക്കെയുള്ള ചിരികളിലേക്ക് പങ്കിടാതെ സൂക്ഷിച്ചു വച്ച മനോഹരമായ രഹസ്യങ്ങള്‍…!

സ്‌നേഹം മാത്രമായിരുന്നവനേ… നിന്റെ ചുറ്റും ഞങ്ങള്‍ എല്ലാരുമുണ്ട്…. ജോബിച്ചന്‍ പറഞ്ഞതു പോലെ നിനക്ക് ഞങ്ങളെ അറിയാമല്ലോ..! നീയെല്ലാം കാണുകയാണല്ലോ …! എന്റെ അക്ഷരങ്ങളെ അത്രയും അഗാധമായി സ്‌നേഹിച്ചവനേ… നിന്നെ കുറിച്ചു ഞാന്‍ എന്തെഴുതുമെന്ന് നീ പലവട്ടം ചോദിച്ചിട്ടില്ലേ…. !
അത്രയും പ്രിയപ്പെട്ടവനേ… സ്‌നേഹമേ…. സൗഹൃദമേ … നിന്നെ സ്‌നേഹിക്കുന്നു… സ്‌നേഹിക്കുന്നു… സ്‌നേഹിക്കുന്നു. മരണത്തിനപ്പുറത്തേക്കും സ്‌നേഹിക്കുന്നു….! ?? മണ്ണ് മഷിയാക്കിയവനേ… അതേ മണ്ണിലേക്ക് മടങ്ങുമ്പോള്‍ അന്ത്യയാത്രയില്‍ നിന്റെ തിരുനെറ്റി മീതെ ഒന്നമര്‍ത്തി ചുംബിക്കുന്നു… ?? ഹൃദയത്തിനു മീതെ ഒരു ചുവന്ന റോസാപ്പൂ നീക്കി വയ്ക്കുന്നു…! ശാന്തി …!

LEAVE A REPLY

Please enter your comment!
Please enter your name here