ഓസ്ട്രേലിയ-  ന്യൂസിലാൻഡ് ഫ്രൂട്ട്സ് വാലി കമ്പനി ഉദ്ഘാടനം ചെയ്തു

മെൽബൺ: കാർഷികോല്പന്നങ്ങളുടെ വിപണിസാധ്യതകൾക്ക് സർക്കാരുകളെ മാത്രം ആശ്രയിക്കാതെ കൂട്ടായ്മകളിലൂടെയും സഹകരണത്തിലൂടെയും  കർഷകരെ സഹായിക്കാൻ സാധിക്കുമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയ- ന്യൂസിലാൻഡ് ഫ്രൂട്ട്സ് വാലി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം മെൽബണിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയോര മക്കളുടെ കാർഷിക ഉല്പന്നങ്ങൾക്ക്‌ ന്യായമായ വില ലഭിക്കേണ്ടത് നിലനിൽപ്പിന്‍റെ ആവശ്യമാണ്. അതിനായി വിവിധ രാജ്യങ്ങളിലുള്ളവർ കൂടുതലായി ശ്രമിക്കണം. വികസിത രാജ്യങ്ങളിലെ സുമനസുകൾ കേരളത്തിനായി ചിന്തിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ശൈലി പ്രത്യാശ നൽകുന്നതാണ്.
ഓസ്‌ട്രേലിയയിലും, ന്യൂസിലാൻഡിലും കേരളത്തിലെ കർഷകരുടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഫ്രൂട്സ് വാലി കമ്പനി കർഷകജനതയ്ക്ക് ആശ്വാസമാണെന്നും കർദിനാൾ പറഞ്ഞു.


ഓസ്‌ട്രേലിയയിലും, ന്യൂസിലാൻഡിലുമുള്ള വിശ്വാസ സമൂഹത്തിനു കേരളത്തോടുള്ള താല്പര്യമാണ് ഇത്തരം സംരംഭങ്ങൾക്ക് പ്രചോദനമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മെൽബൺ രൂപത ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു.
ഫ്രൂട്ട്സ് വാലി കമ്പനിയിലൂടെ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ കർഷകർക്കായി കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ടെന്നു മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
ഫ്രൂട്സ് വാലി കമ്പനി കേരളത്തിലെ കർഷകരിൽ നിന്ന് ശേഖരിച്ചു ഓസ്ട്രേലിയയിൽ ഇറക്കുമതി ചെയ്ത സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനനവും ഉണ്ടായിരുന്നു. ഓസ്ട്രേലിയ ഫ്രൂട്ട്സ് വാലി കമ്പനിയുടെ ചെയർമാൻ ജോണികുട്ടി തോമസ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ ചാൻസലർ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടം, കത്തോലിക്കാ കോൺഗ്രസ്‌ മെൽബൺ രൂപത ഡയറക്ടർ ഫാ. ജോൺ പുതുവ, ഫാ. മാത്യു അരീപ്ലാക്കൽ, റെജി ചാക്കോ , ബെനഡിക്ട് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

(പടം… കർദിനാൾ…
ഓസ്ട്രേലിയ- ന്യൂസിലാൻഡ് ഫ്രൂട്ട്സ് വാലി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം മെൽബണിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കുന്നു. ഷാജി ചെറിയാൻ , ഫാ ജോൺ പുതുവ, ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ, കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, ജോണികുട്ടി തോമസ്, സാജു പാലാട്ടി, ബെനഡിക്ട് ചെറിയാൻ എന്നിവർ സമീപം.)

LEAVE A REPLY

Please enter your comment!
Please enter your name here