കൊച്ചി: റോഡ് പണി നടക്കുന്നിടത്ത് ബൈക്കപകടത്തിൽപെട്ട യുവാവിന്റെ കയ്യിൽ തുളഞ്ഞുകയറിയ വർക്കക്കമ്പികൾ കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട അതിശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. അപകടത്തിൽപെട്ട ആലപ്പുഴ കോടംതുരുത്ത് മുരിക്കൽ ആരോമൽ (23) അത്യപൂർവ്വ ശാസ്ത്രക്രിയക്കൊടുവിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

ആലപ്പുഴ കോടംതുരുത്തിൽ കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു വരികയായിരുന്ന ആരോമൽ സഞ്ചരിച്ച ബൈക്ക് റോഡ് പണി നടക്കുന്നതിനിടയിലേക്ക് മറിയുകയായിരുന്നു. ആരോമലിന്റെ ഇടത്തെ കയ്യിൽ മുട്ടുമുതൽ കൈപ്പത്തി വരെ ഭാഗത്ത് മാംസത്തിലൂടെ നാല് വലിയ വാർക്കക്കമ്പികൾ തുളഞ്ഞു കയറി. തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് കയ്യുടെ പുറമെയുള്ള കമ്പികൾ മുറിച്ചു വേർപെടുത്തിയത്. ചെറിയ തോതിൽ മഴ ഉണ്ടായിരുന്നതിനാലാകാം ബൈക്ക് മറിഞ്ഞതെന്നാണ് കരുതുന്നത്.

10.45ഓടെ ലേക്‌ഷോർ ആശുപത്രിയിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മൂന്നരമണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ നാല് കമ്പികളും വിജയകരമായി നീക്കം ചെയ്‌തു. പ്ലാസ്റ്റിക് സർജറി വിഭാഗം ഡോ: സാക്കിർ മോമിൻറെ നേതൃത്വത്തിലുള്ള ടീം ആണ് അപൂർവ്വവും ശ്രമകരവുമായ ശസ്ത്രക്രിയയ്ക്ക് നടത്തിയത്. രോഗിയുടെ നില നിലവിൽ തൃപ്‍തികരമാണെന്നും
24 മണിക്കൂർ നിരീക്ഷണത്തിനുശേഷം മുറിയിലേക്ക് മാറ്റുമെന്നും ഡോ: സാക്കിർ മോമിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here