വടക്കു കിഴക്കൻ സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റത്തിനു വാതിൽ തുറന്നതു പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായമാണെങ്കിലും ഇപ്പോൾ കേരളം മുഴുവൻ അവർ വ്യാപിച്ചു. ജില്ലയിൽ തന്നെ കൊച്ചിയിലെ ടൂറിസം കേന്ദ്രങ്ങൾ, ഹോട്ടലുകൾ, നെല്ലിക്കുഴിയിലെ ഫർണിച്ചർ വ്യവസായം, കിഴക്കമ്പലത്തെ തുണി വ്യവസായം, വില്ലിങ്ഡൻ ദ്വീപിലെ സിമന്റ് കമ്പനികൾ, വൈപ്പിൻ, മുനമ്പം, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിലെ ഫിഷിങ് ഹാർബറുകൾ, കാലടിയിലെ അരിമില്ലുകൾ, വ്യവസായ മേഖലകളിലെ കമ്പനികൾ എന്നിവയെല്ലാം ആശ്രയിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്.

കൊച്ചി മെട്രോ റെയിൽ, എൽഎൻജി ടെർമിനൽ, ഉയർന്നു പൊങ്ങുന്ന ഫ്ലാറ്റുകളും മാളുകളും. ഇങ്ങനെ നഗരവികസനത്തിന് ഊർജമായി മാറിയതു അതിഥിത്തൊഴിലാളികളുടെ മെയ്ക്കരുത്താണ്. കായികാധ്വാനം ആവശ്യമുള്ള ജോലികളിൽ നിന്നു മലയാളികൾ മാറി നിൽക്കുന്നു. നിർമാണ മേഖല ഇന്ന് അതിഥിത്തൊഴിലാളികളുടെ കുത്തകയാണ്. ജില്ലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ 57% അതിഥിത്തൊഴിലാളികളാണ്.

ഊഹക്കണക്ക് പറഞ്ഞാൽ പോലും കേരളത്തിൽ ഇപ്പോൾ 30– 40 ലക്ഷം അതിഥിത്തൊഴിലാളികളുണ്ടാകും. അവർ ഒരു ദിവസം പണി നിർത്തിയാൽ എന്താണു സംഭവിക്കുക? കേരളം മുഴുവൻ സ്തംഭിക്കുമെന്നതാണു ലളിതമായ ഉത്തരം. സംസ്ഥാനത്തെ കയർ, കൈത്തറി മേഖല ഒഴിച്ചു നിർത്തിയാൽ അസംഘടിത തൊഴിൽ മേഖലയിൽ അതിഥിത്തൊഴിലാളികളാണു മുഖ്യം. ഉത്തരേന്ത്യൻ ഉത്സവമായ ‘ഛഠ് പൂജ’ നടക്കുമ്പോൾ കേരളത്തിലെ നിർമാണ മേഖല സ്തംഭിക്കുന്നത് അതുകൊണ്ടാണ്. കൂലിയായി ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെത്തന്നെ ചെലവഴിക്കും. ഏകദേശം 15,000 കോടി രൂപ ഇത്തരത്തിൽ പ്രതിവർഷം പ്രാദേശിക വിപണിയിൽ ക്രയവിക്രയം ചെയ്യുന്നുവെന്നാണു കണക്ക്. അതായത് പ്രാദേശിക സമ്പദ് വ്യവസ്ഥ പിടിച്ചു നിർത്തുന്നതിൽ അതിഥിത്തൊഴിലാളികൾ വഹിക്കുന്ന പങ്ക് വലുതാണ്.

വരുമാനം– *പ്രതിമാസ കണക്ക്

10,000 രൂപ വരെ: 11%

10,000– 15,000 രൂപ: 45%

15,000– 20,000 രൂപ: 22%

20,000 രൂപയ്ക്കു മുകളിൽ: 22%

750 കോടി രൂപ– അതിഥിത്തൊഴിലാളികൾ മിച്ചം വച്ച് ഒരു വർഷം അവരുടെ സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നത് ഏകദേശം 750 കോടി രൂപയാണ്.

20,000 രൂപ വരെ*: 8.1%

20,000 രൂപ മുതൽ 30,000 രൂപ വരെ: 58.8%

30,000 രൂപ മുതൽ 40,000 രൂപ വരെ: 16.4%

40,000 രൂപയ്ക്കു മുകളിൽ: 16.7%

(അവലംബം: സംസ്ഥാന ആസൂത്രണ ബോർഡിന്റെ പഠനം, 2021)

കുഞ്ഞുപൂക്കൾ വിടരട്ടെ

പെരുമ്പാവൂർ ∙ അതിഥിത്തൊഴിലാളികളുടെ മക്കൾക്കായി വെങ്ങോല പഞ്ചായത്തിലെ ഓണംകുളത്ത് ക്രഷ് തുടങ്ങുന്നു. വനിത ശിശുവികസന വകുപ്പിന്റെയും വെങ്ങോല പഞ്ചായത്തിന്റെയും നേതൃത്വത്തിലാണു പദ്ധതി. ഓണംകുളത്ത് വാടക വീട്ടിലാണ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ക്രഷ് പ്രവർത്തിക്കുക. ഏഴിനാണ് ഉദ്ഘാടനം. കുട്ടികൾക്കു പോഷകാഹാരവും നൽകും. വാഹനസൗകര്യമേർപ്പെടുത്തും. 2 ഷിഫ്റ്റുകളിലായി അധ്യാപികയും ഹെൽപറുമുണ്ടാകും.

ആദ്യ ഘട്ടത്തിൽ 25 കുട്ടികൾക്കാണു സൗകര്യം ഒരുക്കുന്നതെന്നു പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ പറഞ്ഞു. 2018ൽ അതിഥിത്തൊഴിലാളികളുടെ മക്കൾക്കായി വില്ലിങ്ഡൻ ദ്വീപിൽ ക്രഷ് തുടങ്ങിയെങ്കിലും കോവിഡ് കാലത്ത് പ്രവർത്തനം നിർത്തി. കഴിഞ്ഞ ഫെബ്രുവരി മുതൽ ഹൈക്കോടതി പരിസരത്ത് ക്രഷ് പ്രവർത്തനം തുടങ്ങി. പക്ഷേ, മക്കളെ ഇവിടേക്ക് അയയ്ക്കാൻ അതിഥിത്തൊഴിലാളികൾ മടി കാണിക്കുകയാണെന്നു ശിശു വികസന പ്രോജക്ട് ഓഫിസർ വി.എസ്. ഇന്ദു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here