മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് മാസപ്പടി നല്‍കിയ കരിമണല്‍ കമ്പനിയിലേത് വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ ആവശ്യമില്ലാത്ത സാധാരണ സോഫ്റ്റ്‌വെയറുകള്‍ മാത്രം. ഔട്ട്ലുക്, എംഎസ് ഓഫിസ്,ടാലി,പവര്‍ബില്‍ഡര്‍ തുടങ്ങിയ സോഫ്റ്റ്‌വെയറുകളാണ് സിഎംആര്‍എല്‍ ഉപയോഗിക്കുന്നതെന്ന് കമ്പനിയിലെ ഐടി വിഭാഗം ആദാനനികുതി വകുപ്പിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ആരും ഒരു പുറംപണിക്കും വന്നിട്ടില്ലെന്നും എല്ലാ പണിയും ചെയ്യുന്നത് കമ്പനി തന്നെയെന്ന് എക്സലോജിക്കുമായി കരാര്‍ ഒപ്പിട്ട സിജിഎമ്മും വ്യക്തമാക്കി.

വീണാ വിജയന് കരിമണല്‍ കമ്പനി 1.72 കോടി നല്‍കിയത് വീണയുടെ കമ്പനിയുടെ സേവനം ആവശ്യമില്ലെന്ന് മനസിലാക്കി തന്നെയാണ്. കരിമണല്‍കമ്പനിയിലുള്ളത് മെയില്‍, അക്കൗണ്ടിങ് സോഫ്റ്റ്‌വെയറുകള്‍ മാത്രമാണ്. ഔട്ട്ലുക്, എംഎസ് ഓഫിസ്, ടാലി, പവര്‍ബില്‍ഡര്‍ എന്നിവയാണത്. ഇതില്‍ പവര്‍ബില്‍ഡര്‍ ഒഴികെ ഒന്നിനും വാര്‍ഷിക അറ്റകുറ്റപ്പണി ആവശ്യമില്ല. പവര്‍ ബില്‍ഡറിന്‍റെ  പരിപാലനം നടത്തിയത്  കമ്പനിയിലെ ഐടി മാനേജര്‍ എന്‍ സി ചന്ദ്രശേഖറും സീനിയര്‍ ഓഫീസര്‍ അഞ്‍ജുവുമാണെന്ന് ചന്ദ്രശേഖറിന്‍റെ മൊഴിയുമുണ്ട്.  വീണ വിജയന്‍ തുക കൈപ്പറ്റിയത് വാര്‍ഷിക പരിപാലനത്തിലാണെന്ന്  സൈബര്‍ ഇടങ്ങളില്‍  സിപിഎം അണികള്‍ നടത്തുന്ന പ്രചരാണത്തിന് തിരിച്ചടിയാണ് ആദായനികുതി  ഇന്‍റീം സെറ്റിന്‍മെന്‍റ് ബോര്‍ഡിന്‍റെ രേഖകള്‍.  വീണ വിജയനുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നു കരാര്‍ അനുസരിച്ച് പണം മുടങ്ങാതെ നല്‍കിയെന്നും കമ്പനി ഉടമ ശശിധരന്‍ കര്‍ത്തയും മൊഴി നല്‍കിയിട്ടുണ്ട്. ഒരു സേവനവും ആവശ്യമില്ലെന്ന് അറിയാമായിരുന്നിട്ടും വീണയുടെ കമ്പനിക്ക് എന്തിന് കരാര്‍ നല്‍കിയെന്ന് സിഎംആര്‍എല്ലും മറുപടി പറയേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here