കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വജയ കുതിപ്പ്. കൗണ്ടിംഗ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് ലീഡ് നില 38,000 കടന്നിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തില്‍ പോലുമില്ല എന്ന നിലയിലാണ്.

നാലാം റൗണ്ട് കഴിയുമ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് ആകെ ലഭിച്ച ഭൂരിപക്ഷത്തെയും മറികടന്ന് ലീഡ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് സാധിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാന്‍ ചാണ്ടിക്ക് സാധിച്ചു.

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറുന്നത്. ജെയ്ക്ക് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മണര്‍കാടും കൈവിട്ടതോടെ എല്‍ഡിഎഫ് കനത്ത പരാജയമാണ് മുന്നില്‍ കാണുന്നത്. ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളില്‍ ഒന്നായിരുന്നു മണര്‍കാട്. ഇവിടെ 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക് ലീഡ് ചെയ്തത്. ഇത്തവണ പക്ഷേ മണര്‍കാടും ജെയ്ക്കിനെ തുണച്ചില്ല. അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ചിത്രത്തില്‍ പോലുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here