
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. വിദേശത്ത് നിന്നും പണം എത്തിയതുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യും. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജൻ ഹാജരായിരുന്നില്ല. അല്പസമയം മുമ്പാണ് അദ്ദേഹം ഇ ഡി ഓഫീസിൽ എത്തിയത്.
ഷാജനോട് രേഖകൾ ഹജരാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആ രേഖകളുമായി എത്തിയതാണ് എന്ന് ഷാജൻ പറയുന്നു. ഷാജനെതിരെ നേരത്തെ ഇഡിക്ക് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവര ശേഖരണത്തിന്റെയും ഭാഗമായിട്ടാണ് ഷാജൻ സ്കറിയ ഇഡി ഓഫീസിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം.