ഇടുക്കി.ചെറുതോണി പാലം, മൂന്നാര്‍-ബോഡിമെട്ട് റോഡ്; ഉദ്ഘാടനം നിധിന്‍ ഗഡ്ഗരി നിര്‍വ്വഹിക്കും

ചെറുതോണി: ചെറുതോണി പാലത്തിന്റെയും മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനം ഒക്ടോബര്‍ 12ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

അടിമാലി- കുമളി ദേശീയപാത (എന്‍എച്ച് 185)യുടെ ഭാഗമാണ് ചെറുതോണി പാലം. 2018ലെ പ്രളയത്തില്‍ ഇടുക്കി ഡാം തുറന്നു വിട്ടപ്പോള്‍ ചെറുതോണി ഒറ്റപ്പെട്ടുപോയ പശ്ചാത്തലത്തിലാണ് ചെറുതോണി പാലത്തിന്റെ പുനഃനിര്‍മ്മാണം ആവശ്യമായി വന്നത്. 2019ല്‍ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് ഡീന്‍ കുര്യാക്കോസ് എംപി നല്‍കിയ പ്രൊപ്പോസല്‍ പ്രകാരം 2020 മാര്‍ച്ച് മാസത്തില്‍ 25 കോടിയുടെ ഭരണാനുമതി ലഭിച്ചു. ശേഷം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സാങ്കേതിക അനുമതിയും ലഭ്യമാക്കി, 2020 ഒക്ടോബര്‍ ഒന്നിന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി തന്നെയാണ് ഓണ്‍ലൈനായി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്.

സമയബന്ധിതമായി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നുള്ളത് അഭിമാനകരമായ നേട്ടമാണെന്ന് എം.പി. പറഞ്ഞു. ഈ ഘട്ടത്തില്‍ത്തന്നെ എന്‍എച്ച് 185ന്റെ വികസന പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയാണ്. അടിമാലി മുതല്‍ കുമളി വരെ 18 മീറ്റര്‍ വീതിയില്‍ റോഡ് വികസനമാണ് നടക്കുന്നത്. ഇതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി 400 കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.

കൊച്ചി- ധനുഷ്‌കോടി ദേശീയപാത(85)ന്റെ ഭാഗമായ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള റോഡിന്റെ വീതിക്കൂട്ടിയുള്ള നിര്‍മാണം 2017 ആണ് ആരംഭിച്ചത്. 300 കോടിയോളം രൂപയാണ് നിര്‍മാണ ചിലവ്. ഒട്ടേറെ പ്രതിസന്ധികളിലൂടെയും, കടമ്പകളിലൂടെയും കടന്നാണ് നിര്‍മാണം പൂര്‍ത്തിയായത്. ശരാശരി 12 മീറ്റര്‍ വീതിയില്‍ 42.78 കി.മീ. റോഡ് ആണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
സേതു ബന്ധന്‍ പദ്ധതി പ്രകാരം അനുവദിച്ച തടിയമ്പാട് പുതിയ പാലം അനുവദിച്ചിട്ടുണ്ട്. തടിയന്‍പാട്, മരിയാപുരം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 200 മീറ്റര്‍ നീളത്തിലുള്ള പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍തന്നെ ആരംഭിക്കും.

ജില്ലയിലെ ആദ്യ ടോൾ പ്ലാസയും ദേവികുളത്ത് ഇതോടനുബന്ധിച്ച് തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here