
ചരക്ക് ലോറി മറിഞ്ഞ് ഇടപ്പള്ളി അരൂര്‍ ബൈപ്പാസില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്ക്. ക്രയിനുകളുപയോഗിച്ച് ലോറി സര്‍വീസ് റോഡിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത് . അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
മംഗലാപുരത്തു നിന്ന് തെങ്കാശിക്ക് കാലിച്ചാക്കുകളുമായി പോയ ലോറി 8 മണിയോടെയാണ് മറിഞ്ഞത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് നിര്‍ത്തിയതോടെ ബ്രേക്ക് ചെയ്ത ലോറി ഡിവൈഡറില്‍ കയറി റോഡിനു കുറുകേ മറിഞ്ഞു. പിന്നാലെ രൂക്ഷമായ ഗതാഗതകുരുക്കുണ്ടായി. പാലാരിവട്ടം മേല്‍പാലവും കടന്ന് കുരുക്ക് ഇടപ്പള്ളിവരെ നീണ്ടു. മണിക്കൂറുകള്‍ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ ബൈപാസിലൂടെ ഇടപ്പള്ളിയില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് യാത്രതിരിച്ചവരെല്ലാം റോഡില്‍ കുടുങ്ങി.
ക്രയിനെത്തിച്ച് ലോറി നീക്കാനുള്ള ശ്രമം ആദ്യം വിജയം കണ്ടില്ല. ഉയര്‍ത്തിയ ലോറി എതിര്‍ഭാഗത്തേക്ക് മറിയാന്‍ സാധ്യതയുണ്ടെന്ന് കണ്ട് വീണ്ടും നിലത്തിറക്കി. തുടര്‍ന്ന് ലോഡ് ഇറക്കിയശേഷം വീണ്ടും ഉയര്‍ത്തി സര്‍വീസ് റോഡിലേക്ക് മാറ്റി. ആദ്യം സര്‍വീസ് റോഡ് വഴി ഗതാഗതം തിരിച്ചുവിട്ടു. എന്നാല്‍ വാഹനങ്ങളേറിയതോടെ സര്‍വീസ് റോഡും സ്തംഭിച്ചു . ദേശീയപാതയിലെത്തിയ വാഹനങ്ങള്‍ ഇടപ്പള്ളിയില്‍ നിന്ന് നഗരത്തിലെത്തി തോപ്പുംപടി വഴി തിരിച്ചുവിട്ടു.