കേരളടൈംസ് ഫാമിലിയുടെ പ്രീയപ്പെട്ട ചീഫ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍ വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം രാവിലെ അദ്ദേഹം ഉണരാന്‍ വൈകിയപ്പോള്‍ വിളിക്കാന്‍ ചെന്ന മക്കള്‍ കണ്ടത് ജീവനറ്റ പിതാവിനെയാണ്. 51ാം വയസ്സില്‍ ഭാര്യയേയും രണ്ട് കുട്ടികളേയും തനിച്ചാക്കി ഫ്രാന്‍സിസ് തടത്തില്‍ എന്ന മനുഷ്യന്‍ എന്നേക്കുമായി ഉറങ്ങി.

നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുദം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നത് ഒന്നല്ല ഒരുപാട് തവണയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സമയത്ത് ഉറക്കത്തിലെത്തിയ മരണം അദ്ദേഹത്തെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റി.

കേരളത്തിലും അമേരിക്കയിലുമായി രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവര്‍ത്തന രംഗത്തു തിളങ്ങിയ ഫ്രാന്‍സിസ് തടത്തില്‍ തന്റെ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓര്‍മ്മകള്‍ ‘നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകില്‍, ഉറ്റവരുടെ സ്നേഹത്തിന്റെ തണലില്‍ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളായിരുന്നു പുസ്തകത്തിലൂടെ പുറത്തു വന്നത്.

27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരുന്നതിനിടെയായിരുന്നു അപ്രതീക്ഷിത വിയോഗം. ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിലായിരുന്നു താമസം.

രോഗം ശരീരത്തെ തകര്‍ത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താര്‍ബുദത്തെയും കീഴടക്കിയാണ് ഫ്രാന്‍സിസ് എഴുത്തിന്റെ ലോകത്ത് സജീവാവസ്ഥ നേടിയത്. രോഗാവസ്ഥയില്‍ അദ്ദേഹത്തെ മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു. ദൈവാനുഗ്രഹവും മനോധൈര്യവുമാണ് അപ്പോഴെല്ലാം തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അപാരമായ മനക്കരുത്തുള്ളവര്‍ക്കു മാത്രം കഴിയുന്ന തരത്തിലുള്ള പത്രപ്രവര്‍ത്തനമാണ് അദ്ദേഹം ജീവിതത്തിലുടനീളം നടത്തിയിട്ടുള്ളതെന്നു അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ മനസിലാവും. വേര്‍പാടിന്റെ ഒന്നാം വര്‍ഷത്തില്‍ കേരളാ ടൈംസ് കുടുംബത്തിന്റെ കണ്ണീര്‍ പ്രണാമം.

കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും(കല്ലറക്കല്‍) 11 മക്കളില്‍ പത്താമനാണ് ഫ്രാന്‍സിസ്. ഭാര്യ: നെസി തോമസ് തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്‌സ് പ്രാക്ടീഷണര്‍). വിദ്യാര്‍ത്ഥികളായ ഐറീന്‍ എലിസബത്ത്, ഐസക്ക് ഇമ്മാനുവേല്‍ എന്നിവര്‍ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here