കേരളസർക്കാരിന്റെ ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്. നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമാണ് ഡോ. എസ്.കെ വസന്തന്‍. വിവിധ വിഷയങ്ങളിലായി നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

എറണാകുളം ഇടപ്പള്ളിയില്‍ കരുണാകര മേനോന്റെയും തത്തംപള്ളി സരസ്വതി അമ്മയുടെയും മകനായി 1935-ലാണ് ഡോ. എസ്.കെ വസന്തന്‍ ജനിച്ചത്. നിരൂപകന്‍, ചിന്തകന്‍, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ ദശാബ്ദങ്ങളായി കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എസ്.കെ. വസന്തന്‍മാഷ് ഏറ്റവും ശ്രദ്ധേയനാകുന്നത് മലയാളം കണ്ട മഹാഗുരുക്കളില്‍ ഒരാള്‍ എന്ന നിലയ്ക്കാണ്. ഗവേഷണപഠനകാലത്ത് എഴുതിയ കേരളചരിത്രനിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു വസന്തന്‍മാഷ് കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണെന്ന് പുരസ്കാരനിര്‍ണയസമിതി അഭിപ്രായപ്പെട്ടു.

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ കേരളസര്‍ക്കാർ നൽകുന്ന പരമോന്നത ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here