സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്‌ടിച്ച മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 84,600 പേജുകളുള്ള കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരൻമാരടക്കം 12 പ്രതികളാണുള്ളത്. 420 സാക്ഷികൾ, 900 രേഖകളും കുറ്റപത്രത്തിലുണ്ട്. സുൽത്താൻ ബത്തേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൽ, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരാണ് കേസിലെ പ്രതികൾ. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറപറ്റി നടന്ന മുട്ടിൽ മരം മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്പി വി.വി ബെന്നിയാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.

റവന്യൂ വകുപ്പിന്റെ കെഎൽസി നടപടികൾക്ക് ശേഷം അനുബന്ധ കുറ്റപത്രവും സമർപ്പിക്കും. മരങ്ങളുടെ ഡിഎൻഎ പരിശോധന ക്രിമിനൽ കേസിൽ ആദ്യമായാണ് എന്ന പ്രത്യേകതയും മുട്ടിൽ മരം മുറി കേസിനുണ്ട്. 500 വർഷത്തിലധികം പഴക്കമുള്ള ഈട്ടി മരങ്ങളും മുറിച്ചു കടത്തിയവയിൽ ഉൾപ്പെടുന്നുണ്ട്. DNA പരിശോധന ഫലം കേസിൽ നിർണായക തെളിവാകും. സർക്കാരിൽ നിക്ഷിപ്തമായ മരങ്ങൾ മുറിക്കരുതെന്ന് ധാരണയുള്ളവരാണ് പ്രതികൾ എന്നും മരം മുറിക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here