പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നാല് പേർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഷൂ എറിഞ്ഞ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതിഷേധ​ങ്ങൾക്കിടെയിൽ നവകേരള സദസ് പര്യടനം തുടരുന്നു. ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക.

ഇന്നലെ, പെരുമ്പാവൂരിലെ നവകേരള സദസിന്‍റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകർ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഏറിലേക്ക് പോയാൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനെത്തുന്നവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ളൂ ഷൂ എറിയാൻ വരുന്നവരെന്നും പിണറായി വിജയന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here