കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനും തമ്മിലുള്ള പോര് തുടരുന്നു. സുധീരന്‍റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും അതിന് വില കൽപ്പിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻറെ സംസ്കാരമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരൻ പ്രതികരിച്ചത്.

സുധാകരന്‍റെ പ്രതികരണത്തിന് മറുപടിയുമായി വി എം സുധീരനും രംഗത്തെത്തി. സുധാകരന്‍റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു. വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി വിട്ടു എന്ന് താൻ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തത് താൻ ആണ്.‘ഒരു കാര്യം വ്യക്തമാക്കുകയാണ്. അവരൊക്കെ കോണ്‍ഗ്രസില്‍ വരുന്നതിന് മുമ്പേ ഞാൻ കോണ്‍ഗ്രസുകാരനാണ്. 16 വയസ്സില്‍ കെഎസ് യുവിന്റെ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ആളാണ് ഞാൻ. അന്നു മുതല്‍ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എന്നൊപ്പോലുള്ളവര്‍ പണി നിര്‍ത്തി പോയി എന്നാണ് പ്രചരിപ്പിക്കുന്നത്. ഇവരൊന്നും പ്രചരിപ്പിക്കുന്നത് സദുദ്ദേശത്തോടു കൂടെയല്ല’-വി.എം സുധീരന്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടിയാലോചനകളിലൂടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നെങ്കില്‍ ഫലം വ്യത്യസ്തമാകുമായിരുന്നു. പണ്ട് രണ്ടു ഗ്രൂപ്പുകളുടെ താല്‍പ്പര്യം സംരക്ഷിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ചു ഗ്രൂപ്പുകളുടെ താല്‍പ്പര്യം സംരക്ഷിക്കേണ്ട സ്ഥിതിയാണെന്നും സുധീരൻ കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here